ഓർമ്മ.
ഫാദർ അബ്രാഹം ഈറ്റക്കക്കുന്നേൽ.
അര നൂറ്റാണ്ടു മുൻപത്തെ എൻ്റെ വിദ്യാർത്ഥി ജീവിതകാലത്തെ ദീപ്തമായ ഒരു ഓർമ്മയാണ് ഫാദർ അബ്രാഹം ഈറ്റക്കക്കുന്നേൽ.
1970ൽ ഏഷ്യയിലെ ഏറ്റവും വലിയ കത്തോലിക്കാ മിഷനറി വിദ്യാർത്ഥി സംഘടനയായ ചെറുപുഷ്പ മിഷൻ ലീഗിൻ്റെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ച്ടുക്കപ്പെട്ടപ്പോ ഴാണ് സംസ്ഥാന ഡയറക്ക്ടറായ ഈറ്റക്കക്കുന്നേൽ അച്ചനെ പരിചയപ്പെടുന്നത്. മിഷൻ ലീഗിൻ്റെ എല്ലാമായ കുഞ്ഞേട്ടൻ കുട്ടിക്കാലം മുതൽ കൂട്ടായിരുന്നത് കൊണ്ട് യാതൊരു അപരിചിതത്വവും തോന്നിയില്ല.
ആരും ഒന്നും നോക്കുന്ന ആകാരവും മുഖശ്രീയും പ്രസാദാത്മകമായ വർത്തമാനവും പെരുമാറ്റവും അച്ചനെ ഞങ്ങളുടെ പ്രിയപ്പെട്ടവനാക്കിയതിൽ അത്ഭുതമില്ല. ചിരിച്ചുകൊണ്ടല്ലാതെ അച്ചൻ വര്ത്തമാനം പറയുന്നത് കണ്ടിട്ടില്ല.
ഭരണങ്ങാനത്ത് സംഘടിപ്പിക്കപ്പെട്ട അഖിലേന്ത്യാ മിഷൻ എക്സിബിഷൻ അച്ചൻ്റെ സംഘാടക മികവിൻ്റെ ഉദാഹരണമായി ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നു.
പാലാ ഈരാറ്റുപേട്ട റോഡിലെ
അമ്പാറ നിരപ്പിലെ സെൻറ് തോമസ് മിഷനറി സൊസൈറ്റിയുടെ ആസ്ഥാനത്തിന് മുന്നിലുള്ള കൗ ട്രാപ്പിൽ തട്ടി സ്കൂട്ടർ മറിഞ്ഞ് എന്നേക്കുമായി വിട പറയുമ്പോൾ ഉജ്ജയിൻ രൂപതയുടെ പ്രഥമ മെത്രാനായി നിയമിച്ചുകൊണ്ടുള്ള മാർപാപ്പയുടെ ഉത്തരവ് പോക്കറ്റിൽ ഉണ്ടായിരുന്നു എന്നാണ് അന്ന് കേട്ടത്.
അര നൂറ്റാണ്ട് കഴിഞ്ഞിട്ടും ഒളി മങ്ങാത്ത ഓർമ്മകൾ.
– ജോയ് കള്ളിവയലിൽ.
Posted inUncategorized