#ഓർമ്മ
വില്ല്യം ഗോൾഡിംഗ്.
ബ്രിട്ടിഷ് നോവലിസ്റ്റ് വില്ല്യം ഗോൾഡിംഗിൻ്റെ ( 1911-1993) ജന്മവാർഷികദിനമാണ്
സെപ്തംബർ 19.
1983ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് അർഹനായ ഗോൾഡിംഗിൻറെ നോവലുകൾ മനുഷ്യൻ്റെ അടിസ്ഥാനവികാരങ്ങൾ പ്രാകൃതമാണ് എന്ന വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി എഴുതപ്പെട്ടിട്ടുള്ളതാണ്. തേനീച്ച തേൻ ഉൽപാദിപ്പിക്കുന്നതുപോലെ മനുഷ്യൻ തിന്മ നിർമ്മിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
ഓക്‌സ്ഫോർഡിൽ പഠിച്ചിറങ്ങിയശേഷം 1935ൽ സാലിസ്ബറിയിൽ സ്കൂൾ അധ്യാപകനായ ഗോൾഡിങ്, 1940ൽ റോയൽ നേവിയിൽ ചേർന്നു . രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞു സാലിസ്ബറിയിലെ ബിഷപ്പ് വൂൾവർത്ത് സ്കൂളിൽ വാധ്യാരായി തിരിച്ചെത്തി.
1954ൽ പ്രസിദ്ധീകരിച്ച The Lord of the Flies എന്ന നോവലാണ് ഗോൾഡിങിനെ പ്രശസ്തനാക്കിയത്. ഒരു ദ്വീപിൽ അകപ്പെട്ട ഒരു സംഘം സ്കൂൾകുട്ടികൾ അതിവേഗം സാമൂഹ്യനിയമങ്ങൾ മറന്ന് പ്രാകൃതരും അക്രമാസക്തരുമാകുന്നതാണ് കഥ. നോവൽ 1963ലും 1990 ലും സിനിമയാക്കപ്പെട്ടിട്ടുണ്ട്.
നിയാണ്ടർത്താൽ മനുഷ്യൻ്റെ കാലഘട്ടം പശ്ചാത്തലമാക്കിയ The Inheritors ( 1985) എന്ന നോവലും മനുഷ്യൻ്റെ അക്രമസ്വഭാവവും മനുഷ്യത്വ രഹിതമായ ചിന്തകളുടെ ഫലമായി അതിവേഗം സാമൂഹ്യ നിയമങ്ങൾ തകരുന്നതാണ് പ്രമേയമാക്കിയിട്ടുള്ളത്.
ബുക്കർ പ്രൈസ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള് ഗോൾഡിംഗിനെ സർ പദവി നൽകിയാണ് മാതൃരാജ്യം ബഹുമാനിച്ചത്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized