#കേരളചരിത്രം
#books
#ഓർമ്മ
വർത്തമാനപുസ്തകവും ലുക്കാ മത്തായി എന്ന പ്രസാധകനും.
ചരിത്രത്തിലേക്ക് അവർ പോലും അറിയാതെ നടന്നു കയറിയ ചിലരുണ്ട്. അവരിലൊരാളാണ് കോട്ടയം ജില്ലയിലെ അതിരമ്പുഴക്കാരൻ ലൂക്കാ മത്തായി പ്ലാത്തോട്ടം.
242 വർഷം മുൻപ് 8 വർഷം നീണ്ട ഐതിഹാസികമായ ഒരു കപ്പൽയാത്ര, ജോസഫ് കരിയാറ്റി മൽപ്പാനും, തോമ പറേമാക്കൽ കത്തനാരും നടത്തിയത്, പ്രധാനമായും കൊടുങ്ങല്ലൂർ മെത്രാനെ നിയമിച്ചിരുന്ന ( പാദ്രുവാദോ ) പോർട്ടുഗൽ രാജാവിനെയും, വരാപ്പുഴ മെത്രാനെ നിയമിച്ചിരുന്ന (പ്രൊപ്പഗാന്താ ) ആഗോളസഭയുടെ തലവനായ റോമായിലെ മാർപാപ്പയെയും നേരിട്ടുകണ്ട്, സ്വജാതീയരായ മെത്രാൻമാരെ നിയമിച്ചു കിട്ടുന്നതിനായി അപേക്ഷിക്കാനാണ്. ആ യാത്രയുടെ ചരിത്രരേഖയാണ് ഇന്ത്യയിൽ ആദ്യമായി എഴുതപ്പെട്ട യാത്രാവിവരണമായ വർത്തമാന പുസ്തകം.
മലയാളം അച്ചടി നിലവിൽ ഇല്ലായിരുന്ന അക്കാലത്ത്, കൃതി കയ്യെഴുത്തായിട്ടാണ് സൂക്ഷിച്ചിരുന്നത്. വിദേശമിഷനറിമാർ പിടികൂടി നശിപ്പിക്കുമെന്ന് ഭയന്ന് 150 വർഷം രഹസ്യമായി കയ്യെഴുത്തുപ്രതി സൂക്ഷിച്ചിരുന്നത് സമുദായത്തിലെ ശക്തരായ പാറായിൽ തരകൻമാരാണ്.
1898-1900 കാലഘട്ടത്തിൽ കുമ്പളം പള്ളി വികാരിയായിരുന്ന ജോസഫ് പാറപ്പള്ളിൽ അതിന്റെ ഒരു കോപ്പി എഴുതിയുണ്ടാക്കി. 1902ലാണ് ഇപ്പോൾ സി എം ഐ സഭയുടെ കൈവശമുള്ള കോപ്പി എഴുതിയുണ്ടാക്കിയത്.
ഒറിജിനലിന്റെ ചില ഭാഗങ്ങളും (14 മുതൽ 17 വരെയുള്ള അദ്ധ്യായങ്ങൾ) , അതിൽ പരാമർശിക്കുന്ന പല രേഖകളും അപ്പോഴേക്കും നഷ്ടപ്പെട്ടുപോയിരുന്നു.
വത്തിക്കാൻ ലൈബ്രറിയിൽനിന്നു കണ്ടുകിട്ടിയ രേഖകൾ തോമസ് കുര്യാളശ്ശേരി കത്തനാർ ( പിന്നീട് ചങ്ങനാശ്ശേരി മെത്രാൻ ) ലത്തീൻ, ഇറ്റാലിയൻ ഭാഷകളിൽ നിന്ന് തർജ്ജമ ചെയ്ത് കേരളത്തിലെത്തിച്ചു.
1903ൽ അതിരമ്പുഴ പള്ളി വികാരിയായിരുന്ന മത്തായി പാറേമ്മാക്കൽ കത്തനാർ ഒരു കോപ്പി സംഘടിപ്പിച്ചുവെങ്കിലും വർത്തമാനപുസ്തകം അച്ചടിപ്പിക്കാൻ 150 വർഷം കഴിഞ്ഞിട്ടും ആരും മുന്നോട്ടുവന്നില്ല.
ആ ചരിത്രനിയോഗം ഏറ്റെടുത്തു നടത്തിയ മഹാനാണ് ലൂക്കാ മത്തായി പ്ലാത്തോട്ടത്തിൽ .
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തിരുവിതാംകൂറിന്റെ കോട്ടയം ഡിവിഷനിലെ പ്രമുഖ വ്യാപാരകേന്ദ്രങ്ങളിൽ ഒന്നായിരുന്നു അതിരമ്പുഴ. അവിടത്തെ ഏറ്റവും പ്രമുഖനായ വസ്ത്ര
മൊത്തവ്യാപാരിയായിരുന്നു ലൂക്കാ മത്തായി. 150 വർഷത്തെ കാത്തിരിപ്പിനു അന്ത്യം കുറിച്ചുകൊണ്ട് സ്വന്തമായുള്ള സെന്റ് മേരീസ് പ്രസ്സിൽനിന്ന് 1936ൽ, വർത്തമാനപുസ്തകത്തിന്റെ അച്ചടിച്ച കോപ്പി അദ്ദേഹം പുറത്തിറക്കി.
സീറോ മലബാർ സഭയുടെ പ്രതിനിധിയായി റോമിൽ പതിറ്റാണ്ടുകൾ ചിലവഴിച്ച സി എം ഐ സന്യാസിയായ ഫാദർ പ്ലാസിഡ് പൊടിപാറ, 1971ൽ പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവർത്തനം റോമിൽ നിന്ന് പ്രസിദ്ധീകരിച്ചു.
1980കളിൽ ആധുനികമലയാളത്തിലേക്ക് ഭാഷാന്തരം ചെയ്ത എഡിഷനുകൾ, എസ് പി സി എസ് ( സാമുവൽ ചന്ദനപ്പള്ളി, 1989), ഓശാന പനിൽക്കേഷൻസ് ( ജോസഫ് പുലിക്കുന്നേൽ), ഡി സി ബുക്ക്സ് ( മാത്യു ഉലകന്തറ, 1983 ) തുടങ്ങിയവ, പുറത്തുവന്നു.
ജർമ്മനിയിലെ ട്യൂബിങ്ടൺ യൂണിവേഴ്സിറ്റിയിൽ സൂക്ഷിച്ചിരുന്ന കോപ്പി കണ്ടെടുത്ത പ്രൊഫസർ സ്കറിയ സക്കറിയ നടത്തിയിട്ടുള്ള പഠനങ്ങൾ ശ്രദ്ധേയമാണ്.
വേറെയും പലർ വർത്തമാനപുസ്തകം എന്ന ഭാരതീയഭാഷകളിലെ ആദ്യത്തെ യാത്രാവിവരണം പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും, ആദ്യപഥികൻ എന്ന നിലയിൽ ലൂക്കാ വർക്കി പ്ലാത്തോട്ടത്തിൽ ചരിത്രത്തിൽ എക്കാലവും ഓർമ്മിക്കപ്പെടും.
അടിക്കുറിപ്പ് :
പാറേമ്മാക്കൽ തോമാ കത്തനാർ എഴുതിയ ഒറിജിനൽ കയ്യെഴുത്തുപ്രതി പിന്നീട് പാറായിൽ കുടുംബം സീറോ മലബാർ സഭക്ക് സംഭാവനചെയ്തു. അത് ഇപ്പോൾ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
– ജോയ് കള്ളിവയലിൽ.









