#religion
കത്തോലിക്കാ സഭയിലെ അത്മായ നേതൃത്വം.
സഭയിലെ ഏറ്റവും അവിഭാജ്യമായ ഘടകമാണ് വിശ്വാസികൾ എന്ന് ഫ്രാൻസിസ് മാർപ്പാപ്പ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
പക്ഷെ കേരളത്തിലെ പ്രബല വിഭാഗമായ സീറോ മലബാർ സഭയിൽ ആത്മായരുടെ സ്ഥാനം അധികാരികളുടെ ചോൽപ്പടിക്കു നിൽക്കുക എന്നതാണ്. അതിൽ അഭിരമിക്കുന്ന ഒരു വിഭാഗമുണ്ട് എന്ന് അടുത്ത കാലത്ത് നടന്ന സഭയുടെ ഉന്നതാധികാര സമിതിയായ സിനഡ് തെളിയിക്കുകയും ചെയ്തു.
സഭയിലെ പ്രതിസന്ധികൾ കൈകാര്യം ചെയ്യാൻ അധികാരികൾക്ക് കഴിയാതെ പോകുന്നതിൻ്റെ കാരണം വിശ്വാസികളെ അധികാരശ്രേണിക്ക് പുറത്തു നിർത്തുന്നതാണ് കാരണം എന്ന് അറിയാൻ പാഴൂർ പടിപ്പുര വരെയൊന്നും പോകേണ്ടതില്ല.
– ജോയ് കള്ളിവയലിൽ.
Joby Tharamangalam കുറച്ച് കാലം മുൻപ് എഴുതിയ ലേഖനം ഇപ്പോഴും പ്രസക്തമാണ്.
“സഭയിലെ അല്മായ പങ്കാളിത്തം എന്താണ്?
പിന്തുണ നൽകുക, പറയപ്പെട്ട കാര്യങ്ങൾ നടപ്പിലാക്കുക എന്നത് പങ്കാളിത്തമല്ല, അത് സഹകരണം മാത്രമാണ്. അല്മായരുടെ സഹകരണം ഉറപ്പാക്കുക, പ്രോത്സാഹിപ്പിക്കുക എന്ന് മാത്രമാണ് ‘പങ്കാളിത്തം’ എന്നതിലൂടെ ‘സഭ’യുടെ സംവിധാനം ആഗ്രഹിക്കുന്നത്.
.. ….. …… …… ….. …..
സഭ ഒരു ശരീരമായി ഒരുമിച്ചു കേൾക്കുക എന്നത് സാധ്യമാകുന്നെങ്കിലെ എല്ലാവരുടെയും പങ്കാളിത്തം സഭയെ ജീവസ്സുറ്റതാക്കിത്തീർക്കൂ. ദൈവഹിതം തിരിച്ചറിയുന്നതും, നാളെയിലേക്കു നടക്കുന്നതിനു ദൈവാരൂപിയിൽ പ്രേരിതരായി ദർശനങ്ങൾ രൂപപ്പെടുത്തുന്നതിനും ഏകശരീരഭാവം കൂടിയേ തീരൂ. എന്നാൽ, പിരിവെടുക്കുക, പള്ളി വൃത്തിയാക്കുക, അലങ്കരിക്കുക, പരിപാടികൾ നടത്തുക തുടങ്ങിയ ലൗകികമായ പ്രവൃത്തികൾ അത്മായരും, കൂടിയാലോചന, തീരുമാനങ്ങൾ എടുക്കുക തുടങ്ങിയ ‘ദൈവികമായ’ കാര്യങ്ങൾ ‘അസാധാരണ’ക്കാരായവരും ചെയ്യുന്നതിൽ പങ്കാളിത്തമില്ല. ഓരോരുത്തർക്കും, ഒരു ശരീരത്തിലെ അവയവങ്ങളെന്ന പോലെ ഓരോ നിശ്ചിത ശുശ്രൂഷകൾ ഉണ്ടെന്നത് ഈ തരംതിരിച്ചിലിൽ അർത്ഥപൂർണമല്ല.
പൗരോഹിത്യം ഒരു ശുശ്രൂഷയാണ്. അതിൽ നേതൃത്വം ഉൾക്കൊള്ളുന്നുമുണ്ട്. എന്നാൽ പുരോഹിതരോ അവർക്കു സ്തോത്രം പറയുന്നവരോ മാത്രമാണ് നേതൃത്വത്തിൽ ഉണ്ടാവേണ്ടത് എന്ന് അത് അർത്ഥമാക്കുന്നില്ല. സഭയിൽ നേതൃത്വം എന്തിനു വേണ്ടിയുള്ളതാണെന്ന ധാരണ ഇല്ലാതാവുന്നതാണ് നേതൃത്വത്തിന്റെ അധികാരികത നഷ്ടപ്പെടുത്തുന്നത്. സഭയിലെ നേതൃത്വത്തിന്റെ ലക്ഷ്യങ്ങൾ നേതൃത്വം കാണിക്കുന്നില്ലെങ്കിൽ നേതാക്കളെ പിഞ്ചെല്ലുവാൻ അംഗങ്ങൾ ഉണ്ടാവില്ല. അപ്പോൾ, നഷ്ടപ്പെടുന്ന അധികാരത്തെ ഉറപ്പിക്കുവാൻ അധികാരം തങ്ങളിൽ തന്നെയെന്ന് ഉറക്കെപ്പറയുവാൻ ശ്രമിക്കുന്ന വിഫലശ്രമങ്ങൾ പല രൂപങ്ങളിൽ ഇന്ന് പ്രകടമാണ്.
കാലഘട്ടത്തെയും, ജീവിതങ്ങളെയും, അവയുടെ സങ്കീർണ്ണതകളെയും വിലയിരുത്താനും അർത്ഥം പകരാനും ശേഷിയുള്ള അനേകർ അല്മായർക്കിടയിലുണ്ട്. അവരാണ് തലമുറകൾക്കായി ദർശനങ്ങൾ രൂപപ്പെടുത്തേണ്ടത്. എന്നാൽ അവർക്കു അതിനുള്ള ഇടം നല്കപ്പെടുന്നില്ല.
‘സഭ’ നൽകുന്ന വിവരണങ്ങൾക്കുള്ളിലേക്ക് ചേർത്ത് വെയ്ക്കാൻ കഴിയുന്ന സംഭാവനകളേ സ്വാഗതം ചെയ്യപ്പെടുന്നുള്ളു. cosmology, sociology, anthropology, culture, psychology, neuroscience, genetics എന്നീ മേഖലകൾ വളരെ പ്രധാന്യമർഹിക്കുന്നതായി ഞാൻ കരുതുന്നു. ഇവയിൽ ഗ്രാഹ്യമുള്ളവരും നമുക്കിടയിൽ ഉണ്ട്. അവർ എത്ര പരിഗണിക്കപ്പെടുന്നു? ഈ മേഖലയിൽ അല്പമെങ്കിലും കൂടുതൽ വായനക്ക് ശ്രമിക്കുന്നവർ നേതൃത്വത്തിൽ എത്രപേരുണ്ടാകും? അല്മായരിലുള്ള ബൗദ്ധികവും ആത്മീയവുമായ സമ്പന്നമായ ഉറവിടങ്ങളെ ‘സഭാ’നേതൃത്വം ഭയക്കുന്നു എന്നതാണ് പൗരോഹിത്യ നേതൃത്വത്തിലേക്ക് നിയന്ത്രണാധികാരം ഉറപ്പിച്ചുവെക്കുന്നതിന്റെ പ്രധാന കാരണം. അവരുടെ അറിവും അവലോകനവും പ്രാവീണ്യവും തങ്ങളുടെ സ്ഥാനം അപ്രസക്തമാകുന്നു എന്ന തോന്നൽ (യാഥാർത്ഥ്യം) അധികാരസങ്കല്പങ്ങളെ ദൃഢപ്പെടുത്തുകയും ചെയ്യുന്നു. പൗരോഹിത്യശുശ്രൂഷയുടെ ആധികാരികത മറ്റെല്ലാ ശുശ്രൂഷയും പോലെ ക്രിസ്തുമാതൃകയാണ്. നയിക്കുകയും മരിക്കുകയും ചെയ്ത ക്രിസ്തുവിനു പകരം ഭരിക്കുന്ന രാജാവിനെ മാതൃകയാക്കുന്ന പൗരോഹിത്യത്തിന്റെ ‘സഭക്ക്’ ക്രിസ്തുവിന്റെ സഭയാകാൻ കഴിയില്ല. മാതാവും ഗുരുവുമായ സഭക്ക്, ഗുരുവിനെ വാളെടുത്തു ഭരിക്കുന്ന രാജാവാക്കേണ്ടതിന്റെ ആവശ്യം എന്താണ്?
സഭ ജീവിക്കുന്നതായി കാണപ്പെടുന്നത് സഭാസമൂഹം ജീവദായകമാകുമ്പോഴാണ്. പ്രോജക്ട് അടിസ്ഥാനമാക്കിയുള്ള സഭാരീതികൾ അത് സാധ്യമാക്കില്ല. നിലവിലുള്ള പ്രോജക്ടുകൾ എന്തൊക്കെയെന്ന് പരിശോധിക്കുന്നത് നല്ലതാണ്. കുടുംബങ്ങളെ അറിയാൻ, സാമൂഹിക സാംസ്‌കാരിക മാറ്റങ്ങളെ പഠിക്കാൻ, ശാസ്ത്രവും പുതിയ ചിന്താധാരകളും മുന്നോട്ടു വയ്ക്കുന്ന കാഴ്ചപ്പാടുകളിലെ നന്മതിന്മകളെ തിരിച്ചറിയാൻ, ഏകശരീരമായിത്തന്നെ പങ്കുവയ്ക്കലുകളും അവലോകനങ്ങളും ദർശന രൂപീകരണങ്ങളും നടക്കണം. അത് നടക്കുന്നില്ലെങ്കിൽ, അനുഷ്ഠാനപൗരോഹിത്യത്തിന്റെ വക്രനിർമിതികളിൽ ജീവിതത്തിന്റെ സങ്കീര്ണതകള് മുഴുവൻ കൊളുത്തിയിടുന്ന ദൈവശാസ്ത്രങ്ങളിൽ സഭയും തളച്ചിടപ്പെടും. കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സങ്കീർണ്ണ സാഹചര്യങ്ങൾക്ക് പരിഹാരം മാത്രമല്ല, പഠനങ്ങളും വിശകലനങ്ങളും അർത്ഥവും ലക്ഷ്യവും ആവശ്യമാണ്. അത് കാണാനും ഗ്രഹിക്കാനുമുള്ള കണ്ണും ഹൃദയവും ബുദ്ധിയും അത്മായർക്കിടയിൽ തീർച്ചയായും ഉണ്ട്. പാപ-ശാപ-ബന്ധന യുക്തി കൂടുതൽ ആഴവും സമഗ്രതയുമുള്ള ആത്മീയത തേടുന്നുണ്ട്. സഭയായി ചിന്തിക്കാൻ കഴിഞ്ഞാൽ അത് സാധ്യവുമാണ്. എന്നാൽ ‘സഭ’ അതിനു തയ്യാറാവാത്തതിനാൽ സഭ നന്മ-തിന്മയുടെ ചക്രച്ചുഴിയിൽ അർത്ഥം തേടാൻ തുടർന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്നു. തിന്മയെ അടിച്ചോടിക്കാൻ ശ്രമിക്കുന്ന പൗരോഹിത്യ ഭരണാധികാരം, സമഗ്രമായ നന്മ സഭാസമൂഹത്തിൽ നിറച്ചുകൊണ്ട് തിന്മകളെ അതിജീവിക്കാവുന്ന ദർശനത്തിലേക്കു വഴിമാറിയെങ്കിലേ ജീവനുള്ള സഭയാകാനും, പരസ്പരം പരിപോഷിപ്പിക്കുന്ന അവയവങ്ങളാകുവാനും കഴിയൂ.
സ്ത്രീ’പങ്കാളിത്തം’ എന്നാൽ എന്താണ്? വിധേയപ്പെടുന്ന മാതൃകയായ സ്ത്രീയാണെന്ന പ്രബോധനങ്ങൾ ഈ അടുത്ത കാലത്ത് വർദ്ധിക്കുന്നുണ്ട്. മണവാട്ടിയായ സഭ ക്രിസ്തുവിനു വിധേയപ്പെടുന്നതും, ആ അത്മായ സഭ ഭരിക്കുന്ന ക്രിസ്തുവിന്റെ പ്രതി’പുരുഷർക്ക്’ വിധേയപ്പെടുന്നതും ന്യായവും യുക്തവുമായ വിവരണമാണ്. അപ്പോൾ ‘സഭ’യായ ഈ പ്രതിപുരുഷർ സഭയല്ലാതാകുന്നു. ഭരിക്കുന്നവരും വിധേയപ്പെടുന്നവരുമായ രണ്ടു ശ്രേണിയുള്ള സഭ സഭയല്ല. വളരുന്ന കുഞ്ഞുങ്ങളെയും സമർത്ഥയായ ഭാര്യയെയും തന്റെ ‘അധികാരത്തിനു’ ഭീഷണിയായി കാണുന്ന കുടുംബനാഥൻ്റെ മനോഭാവമാണ് ‘സഭ’ സ്വീകരിക്കുന്നത്”.
“കണ്ണുള്ളവർ കാണട്ടെ,
ചെവിയുള്ളവർ കേൾക്കട്ടെ” എന്ന ക്രിസ്തുവചനം എല്ലാവരെയും ഓർമ്മിപ്പിക്കുക മാത്രം ചെയ്യുന്നു.
Posted inUncategorized