#ഓർമ്മ
എൻ ഇ ബാലകൃഷ്ണ മാരാർ.
കേരളത്തിലെ പുസ്തകപ്രസാധക, വിതരണ, രംഗങ്ങളിലെ കുലപതികളിലൊരാളായ എൻ ഇ ബാലകൃഷ്ണമാരാരുടെ ജന്മവാർഷികദിനമാണ് സെപ്റ്റംബർ 18.
1932ല്‍ കണ്ണൂരിലെ കണ്ണവത്തിനടുത്തു തൊടിക്കളം ഗ്രാമത്തിലണ് ജനനം . മാരാരുടെ അച്ഛൻ , മകന് ഒന്നരവയസ്സുള്ളപ്പോൾ മരണമടഞ്ഞു. സാമ്പത്തികബുദ്ധിമുട്ടു മൂലം ഏഴാംക്ളാസില്‍ പഠനം അവസാനിപ്പിച്ച്, 1947ൽ മാരാർ കോഴിക്കോട്ടേക്ക് വണ്ടികയറി. 15 വയസ്സിൽ ജീവിക്കാൻ കണ്ടെത്തിയ മാർഗം, വീടുകളിൽ കാൽനടയായി പത്രം വിതരണം ചെയ്യുക എന്നതായിരുന്നു. വായനക്കാരായ സ്ത്രീകളുടെ ആവശ്യപ്രകാരം വീടുകളിൽ പുസ്തകങ്ങളത്തെിക്കാനും തുടങ്ങി.
1958ലാണ് മിഠായിത്തെരുവില്‍ ഒറ്റമുറിപ്പീടികയിൽ ടൂറിംഗ് ബുക്ക് സ്റ്റാൾ (ടി.ബി.എസ് ) എന്ന പേരിൽ ബുക്ക് സ്റ്റാള്‍ തുറന്നത് .
പേരിന് ശരിക്കും അർഥമുണ്ടായിരുന്നു. വര്ഷങ്ങളോളം കോഴിക്കോട് മെഡിക്കൽ കോളേജിലും റീജണൽ എഞ്ചിനീയറിംഗ് കോളേജിലും സാങ്കേതികവിഷയങ്ങൾ സംബന്ധിച്ചുള്ള പുസ്തകങ്ങൾ എത്തിച്ചുകൊടുത്തിരുന്നത് മാരാരായിരുന്നു.
1972ൽ ഞാൻ കോഴിക്കോട് ചാത്തമംഗലം റീജിയണൽ എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥിയായി ചേരുമ്പോഴേക്കും ശാസ്ത്രസാങ്കേതിക പുസ്തകങ്ങളുടെ ഏകശ്രോതസായി മാറിയിരുന്നു, മിഠായിതെരുവിലെ മാരാരുടെ കട.
1966ല്‍ എട്ട് പുസ്തകങ്ങളുമായി പൂര്‍ണ പബ്ളിക്കേഷന്‍സ് തുടങ്ങി. മലയാളത്തിലെ ഒട്ടനവധി എഴുത്തുകാരുടെ കൃതികൾ പൂർണ്ണയിലൂടെ പുറത്തുവന്നിട്ടുണ്ട്. പക്ഷേ പുസ്തകങ്ങളുടെ കെട്ടിലും മട്ടിലും, എൻ ബി എസ്, ഡി സി, കറന്റ് തുടങ്ങിയ പ്രസാധകർ കാണിച്ചിരുന്ന അവധാനത പൂർണ്ണയുടെ പുസ്തകങ്ങൾക്ക് തുടക്കത്തിൽ ഇല്ലാതിരുന്നത് പോരായ്മായി.
1988 ആയപ്പോഴേക്കും മുതലക്കുളത്ത് അഞ്ച് നിലകളായി നിര്‍മ്മിച്ച കൂറ്റൻ കെട്ടിടം ടി.ബി.എസിന് സ്വന്തമായിരുന്നു. ലോകരാജ്യങ്ങളെല്ലാം ചുറ്റിക്കറങ്ങാനും എവിടെച്ചെന്നാലും അവിടത്തെ പുസ്തകശാലകൾ സന്ദർശിക്കാൻ ബാലകൃഷ്ണമാരാർ സമയം കണ്ടെത്തിയിരുന്നു .
കോഴിക്കോട് വിട്ടതിനുശേഷം, ഒരു പതിറ്റാണ്ട് കഴിഞ്ഞു 1986ൽ എറണാകുളത്തുവെച്ച് റോട്ടറി ക്ലബിന്റെ ഭാരവാഹികൾ എന്ന നിലയിലാണ് ഞാൻ വീണ്ടും അദ്ദേഹത്തെ കണ്ടുമുട്ടിയത്. അന്നും ആ നിറഞ്ഞ ചിരിക്കും സ്നേഹത്തിനും ഒരു കുറവുമില്ല.
നിസ്വനായി ജീവിതമാരംഭിച്ചു, കോടീശ്വരനായി വളർന്നപ്പോഴും തൻ്റെ പഴയകാലജീവിതത്തില്‍ തൂകിയ കണ്ണീരിൻ്റെ വില മാരാർ മറന്നില്ല. അതുകൊണ്ടായിരിക്കണം ആത്മകഥക്ക് ‘കണ്ണീരിൻ്റെ മാധുര്യം’ എന്ന് പേരിട്ടത്.
2022ൽ 90 വയസ്സിൽ സാർത്ഥകമായ ആ ജീവിതം അവസാനിച്ചു.
മകൻ മനോഹരന്റെ നേതൃത്വത്തിൽ ടി ബി എസും, പൂർണ്ണയും മുന്നോട്ടുതന്നെ കുതിക്കുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized