#ഓർമ്മ
#ചരിത്രം
ബാരിസ്റ്റർ ജോർജ് ജോസഫ്.
മലയാളികൾക്ക് അധികം പരിചിതമല്ലാത്ത മഹത് വ്യക്തിയാണ് ബാരിസ്റ്റർ ജോർജ് ജോസഫ്.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻ്റെ ആദ്യകാല നേതാക്കളിൽ ഒരാളായ ജോർജ് ജോസഫ് 1887ൽ ചെങ്ങന്നൂരിലാണ് ജനിച്ചത്.
ഇംഗ്ലണ്ടിലെ എഡിൻബറോ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദം നേടി തിരിച്ചെത്തി – ഒരു പക്ഷേ ബാരിസ്റ്റർ പരീക്ഷ പാസായ ആദ്യത്തെ സുറിയാനി ക്രിസ്ത്യാനിയായിരിക്കും ജോർജ് ജോസഫ് . മദ്രാസിൽ പ്രാക്റ്റീസ് ആരംഭിച്ച അദ്ദേഹം പിന്നീട് മധുരയിലേക്ക് പ്രാക്ടീസ് മാറ്റി. താമസിയാതെ ഏറ്റവും പ്രമുഖനായ ക്രിമിനൽ ലോയർ എന്ന പേര് സമ്പാദിച്ചു. റോസപ്പൂ ദുരൈ എന്നാണ് മധുരയിലെ ജനങ്ങൾ അദ്ദേഹത്തിന് നൽകിയ ഓമനപ്പേര്.
1918ൽ ഇന്ത്യയിൽ ആദ്യമായി ഒരു ട്രേഡ് യൂണിയൻ – മധുര ലേബർ യൂണിയൻ – അദ്ദേഹം സംഘടിപ്പിച്ചു.
ഗാന്ധിജി ഇന്ത്യയിലെത്തി കോൺഗ്രസിൻ്റെ നേതൃത്വവും സ്വതന്ത്ര്യസമരത്തിൻ്റെ കടിഞ്ഞാണും ഏറ്റെടുത്ത സമയം. ജോർജ് ജോസഫ് ഗാന്ധിജിയുടെ വ്യക്തിപ്രഭാവത്തിൽ ആകൃഷ്ടനായി വക്കീല് പ്രാക്ടീസ് ഉപേക്ഷിച്ച് സ്വാതന്ത്ര്യപോരാട്ടത്തിലേക്ക് എടുത്തുചാടി.
മോത്തിലാൽ നെഹ്റു സ്ഥാപിച്ച The Independent എന്ന പത്രാധിപരായി 1923ൽ ജോർജ് ജോസഫ് നിയമിതനായി. 1923-24 കാലഘട്ടത്തിൽ ഗാന്ധിജിയുടെ Young India എന്ന പത്രത്തിൻ്റെ എഡിറ്ററായും പ്രവർത്തിച്ചു.
1924-25 കാലഘട്ടത്തിൽ ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം കൊടുക്കാൻ ജോർജ് ജോസഫ് കേരളത്തിൽ എത്തി. പക്ഷേ ക്ഷേത്രപ്രവേശനം ഹിന്ദുക്കൾ സ്വയം നേടേണ്ട കാര്യമാണ് എന്ന് ഗാന്ധിജി നിലപാട് സ്വീകരിച്ചു. അതോടെ ക്രിസ്ത്യാനിയായ ജോർജ് ജോസഫ് സമരത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് പിന്മാറാൻ നിർബന്ധിതനായി.
1938ൽ, സ്വാതന്ത്ര്യത്തിൻ്റെ പൊൻപുലരി കാണാൻ അവസരംകിട്ടാതെ ഈ ധീരദേശാഭിമാനി അന്ത്യശ്വാസം വലിച്ചു.
– ജോയ് കള്ളിവയലി



