#ഓർമ്മ
കെ സുകുമാരൻ.
പത്രാധിപർ കെ സുകുമാരൻ്റെ (1903-1981) ഓർമ്മദിവസമാണ് സെപ്റ്റംബർ 18.
അച്ഛൻ സി വി കുഞ്ഞിരാമൻ 1911ൽ കൊല്ലത്ത് മയ്യനാട് സ്ഥാപിച്ച കേരള കൗമുദി എന്ന പത്രസ്ഥാപനത്തെ
കേരള കൗമുദി ദിനപത്രമാക്കി സംസ്ഥാനത്തെ പ്രമുഖ മാധ്യമസ്ഥാപനമായി വളർത്തിയ പ്രതിഭയാണ് കെ സുകുമാരൻ.
തിരുവിതാംകൂർ സർക്കാരിലെ ജോലി രാജിവെപ്പിച്ചു സി വി പത്രത്തിൻ്റെ ചുമതല മകൻ കെ സുകുമാരനെ ഏൽപ്പിച്ചശേഷം
കൊല്ലത്തുനിന്ന് പത്രത്തിൻ്റെ ഓഫീസ് തിരുവനന്തപുരത്തേക്ക് മാറ്റി. ദിവാൻ സർ സി പിയിൽ നിന്ന് 1940 നവംബറിൽ ലൈസൻസ് സമ്പാദിച്ച് 1941 ജനുവരി 15ന് കെ സുകുമാരൻ കേരള കൗമുദി ദിനപത്രമായി പ്രസിദ്ധപ്പെടുത്തിത്തുടങ്ങി.
തിരുവനന്തപുരത്തെ പ്രമുഖ പത്രമായിരുന്ന മലയാളി, സർ സി പി നിരോധിച്ചത് തുടക്കത്തിൽ കേരള കൗമുദിയുടെ വളർച്ചക്ക് സഹായകമായി. ദിവാൻ ഭരണത്തിന് അനുകൂലമായും നായർ ഈഴവ സംവാദങ്ങളിൽ ഈഴവ സമുദായത്തിൻ്റെ ജിഹ്വയായുമാണ് അക്കാലത്തെ കേരള കൗമുദി നിലകൊണ്ടത്.
ദിവാൻ സർ സി പി നാടുവിട്ടതോടെ അക്കാലത്ത് തെക്കൻ തിരുവിതാംകൂറിലെ ഏറ്റവുംവലിയ പത്രവും സി പി യുടെ കുഴലൂത്തുകാരുമായിരുന്ന കൊല്ലത്തെ മലയാളരാജ്യം പത്രം ജനങ്ങൾ പിന്തള്ളിയതും ചുവടുമാറ്റിയ കേരള കൗമുദിക്കാണ് പ്രയോജനം ചെയ്തത്. എസ് എൻ ഡി പി യോഗവുമായുള്ള സാമീപ്യവും പത്രാധിപരുടെ ഉറച്ച തീരുമാനങ്ങളും നിർഭയമായ എഴുത്തും കേരള കൗമുദി തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ദിനപത്രമായി വളരുന്നതിന് സഹായകമായി. സെക്രട്ടേറിയറ്റിൽ ജോലിയുണ്ടായിരുന്ന മകൻ കെ ദാമോദരൻ കർട്ടന് പിന്നിൽനിന്നു കൊണ്ട് അച്ഛന് സജീവപിന്തുണ നൽകി.
അച്ഛൻ സി വി കുഞ്ഞിരാമനെയും, സഹോദരീഭർത്താവ് സി കേശവനെയും പോലെ കെ സുകുമാരനും ഇടക്ക് എസ് എൻ ഡി പി യോഗത്തിൻ്റെ നേതൃനിരയിൽ പ്രവർത്തിക്കുകയുണ്ടായി.
ഒരു കുടുംബത്തിൻ്റെ ഉടമസ്ഥതയിലാണെങ്കിലും ഒരു സമുദായത്തിൻ്റെ ജിഹ്വയായി വളരാൻ പത്രത്തെ സഹായിച്ചത് കെ സുകുമാരൻ്റെ ക്രാന്തദർശിത്വമാണ്.
1973ൽ പദ്മഭൂഷൺ പുരസ്കാരം നൽകി രാജ്യം പത്രാധിപരെ ആദരിച്ചു.
– ജോയ് കള്ളിവയലിൽ
Posted inUncategorized