#religion
ഭാഷയെ വെറുതെ വിടുക .
വർഗ്ഗീയതയുടെ വിഷപ്പുക അന്തരീക്ഷത്തിലാകെ നിറഞ്ഞ് ശ്വാസം മുട്ടിക്കുന്ന ഇക്കാലത്ത് വിദൂരമായെങ്കിലും ഏതെങ്കിലും മതത്തെ സംബന്ധിക്കുന്ന ഒന്നും പറഞ്ഞുകൂടാ എന്ന സ്ഥിതിയാണ്. വർഗീയവാദികലല്ല എന്ന് നമ്മൾ കരുതുന്ന മാന്യന്മാർ പോലും സമൂഹമാധ്യമങ്ങളിൽ വന്നു തെറിവിളിക്കുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി മുസ്ലിം ജനസമൂഹത്തെ മുഴുവൻ തീവ്രവാദികളായി ചിത്രീകരിക്കുന്നത് ജിഹാദികൾ എന്ന് വിളിച്ചാണ്. ലവ് ജിഹാദ് എന്ന പ്രയോഗം ക്രിസ്ത്യൻ, ഹിന്ദു ആത്മീയ നേതാക്കൾ വരെയായി ഏറ്റുപിടിക്കുന്നത് നാം കണ്ടു്.
ജിഹാദ് എന്ന അറബി വാക്കാണ് പ്രധാന പ്രശ്നം. ജിഹാദ് എന്ന വാക്കിൻ്റെ അർത്ഥം കഠിനമായി അധ്വാനിക്കുക, ലക്ഷ്യത്തിനായി ശക്തിയായി പോരാടുക എന്നൊക്കെയുള്ള അർഥമാണ് എന്ന് ഒരു പണ്ഡിതൻ എഴുതിക്കണ്ടു.
ഐ എസ് പോലെയുള്ള ഭീകരസംഘടനകൾ തങ്ങൾ നടത്തുന്ന ക്രൂരതകൾ ജിഹാദാണ് എന്ന് അവകാശപ്പെട്ടുതുടങ്ങിയ കാലംമുതലാണ് ജിഹാദ് ഇസ്ലാമിക തീവ്രവാദത്തിൻ്റെ പര്യായമായി മലയാളികൾ കരുതിത്തുടങ്ങിയത് . അള്ളാഹു അക്ബർ എന്ന് വിളിച്ചുകൊണ്ട് ഐ എസ് ഭീകരർ മനുഷ്യരുടെ തലവെട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ എല്ലാം പൂർത്തിയായി.
അറബി ഭാഷ ഇസ്ലാമിന് മാത്രം സ്വന്തമായ ഒന്നാണ്, ഖുർആനിലെ അർത്ഥം മാത്രമേ പാടുള്ളൂ എന്ന് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു കൂട്ടരുണ്ട്. അതുപോലെ സംസ്കൃതം ഹിന്ദുക്കൾക്കും, സുറിയാനിയും ലത്തീനും ക്രിസ്ത്യാനികൾക്കും മാത്രമായി ചാർത്തിക്കൊടുക്കുന്ന ആളുകളുമുണ്ട്. ( ഭാഗ്യത്തിന് സാധാരണ ക്രിസ്ത്യാനിക്ക് സുറിയാനിയും ലത്തീനും , സാധാരണക്കാരനായ ഹിന്ദുവിന് സംസ്കൃതവും അറിയില്ല).
എൻ്റെ അറിവിൽ അള്ളാ എന്ന വാക്ക് അറബ്ദേശങ്ങളിലെ മുസ്‌ലിംകളെ പോലെ തന്നെ ക്രിസ്ത്യാനികളും ദൈവത്തെ വിളിക്കുന്ന പേരാണ്. അബ്ദുൾ, അസീസ്, തുടങ്ങി ഇന്ത്യയിൽ മുസ്‌ലിംകൾ മാത്രം ഉപയോഗിക്കുന്ന അനേകം പേരുകൾ മധ്യപൂർവദേശങ്ങളിൽ ക്രിസ്ത്യാനികളും വ്യാപകമായി ഉപയോഗിക്കുന്നവയാണ്.
തെക്കൻകേരളത്തിൽ പേരുകൊണ്ട് ഹിന്ദു, ക്രിസ്ത്യൻ നാടാർമാരെ തിരിച്ചറിയാൻ കഴിയില്ല. ഒരു കുടുംബത്തിൽതന്നെ ഹിന്ദുക്കളും ക്രിസ്ത്യാനികളും കാണുകയും ചെയ്യും.
ഈശോ മിശിഹാ ( ഈസ മസീഹ്) എന്ന പേര് ക്രിസ്ത്യാനികളും മുസ്ലിംകളും ഉപയോഗിക്കുന്ന ഒന്നാണ്.
എരി തീയിൽ എണ്ണ ഒഴിക്കുന്നത് പോലെ ഇന്ത്യക്ക് മുഴുവൻ ഒരു ഭാഷ – ഹിന്ദി – മതിയെന്നുള്ള മുദ്രാവാക്യവുമായി സംഘ പരിവാർ നിയന്ത്രിക്കുന്ന കേന്ദ്ര സര്ക്കാര് മുന്നോട്ട് പോകുകയാണ്.
സാംസ്കാരികനായകന്മാർ, പണ്ഡിതന്മാർ തുടങ്ങിയവർ മൗനം പാലിക്കുന്നതു കൊണ്ടാണ് പണ്ടിതനല്ലാത്ത ഞാൻ ഒരു നിർദേശം വെക്കുന്നത്.
ഭാഷയെയും വാക്കുകളെയും സ്വന്തമാക്കാൻ ഒരു മതവിഭാഗത്തെയും അനുവദിക്കരുത്. വാക്കുകളുടെ അർത്ഥം കാലവും സാഹചര്യവും അനുസരിച്ച് മാറിവരും.
ആർക്കും ഒന്നിൻ്റെയും കുത്തക അവകാശപ്പെടാനാവില്ല. പണ്ഡിതന്മാർക്ക് പോലും.
ഉദാഹരണത്തിന് fxxk എന്ന ഇംഗ്ളീഷ് വാക്ക് പണ്ട് തെറിവാക്കായിരുന്നു. ഇന്ന് യുവതലമുറയുടെയിടയിൽ അത് കുത്തും കൊമായും പോലെ ഉപയോഗിക്കപ്പെടുന്നു. തിരിച്ചും സംഭവിക്കാം. കൊച്ചു പുലക്കള്ളി എന്ന് ഒ എൻ വിക്ക് ഇന്നാണെങ്കിൽ എഴുതാൻ പറ്റുമോ?.
ഗാന്ധിജിയുടെ പ്രിയപ്പെട്ട വാക്കായ ഹരിജൻ ഇന്ന് അപമാനമായിട്ടാണ് ദലിതർ കരുതുന്നത്. നാളെ ദളിത് എന്ന വാക്കിനും ഈ ഗതി വന്നേക്കാം.
ഭാഷയെ വെറുതെ വിടുക. വാക്കുകൾ ചിറകുകൾ വീശി പാറി നടക്കട്ടെ. പുതിയ അർത്ഥങ്ങൾ തേടട്ടെ.
സത്യമേവ ജയതേ.
വസുധൈവ കുടുംബകം.
ഏകാ സമസ്താ സുഖിനോ ഭവന്തു.
ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
പച്ചയായ വർഗീയത എന്നു പറയാവുന്ന പ്രസംഗങ്ങൾ മന്നത്ത് പത്മനാഭൻ തുടങ്ങിയവർ നടത്തുകയും പത്രാധിപർ സുകുമാരൻ ഉൾപ്പെടെ പലരും ഉരുളക്ക് ഉപ്പേരിപോലെ പ്രസ്താവനകൾക്ക് മറുപടി പറയുകയും, ജനം അതെല്ലാം നന്നായി ആസ്വദിക്കുകയും ചെയ്തിരുന്ന ഒരു കാലം ഈ കേരളത്തിൽ ഉണ്ടായിരുന്നു എന്നോർക്കുന്നത് നല്ലതാണ്.
ജെ. എ.
Posted inUncategorized