കെ എം റോയ്

#ഓർമ്മ

കെ എം റോയ്.

കെ എം റോയിയുടെ (1939-2021) ചരമവാർഷികദിനമാണ്
സെപ്റ്റംബർ 17.

വിദ്യാർഥി ജീവിതകാലത്തുതന്നെ ശ്രദ്ധേയനായ നേതാവാണ് റോയ്. എറണാകുളം മഹാരാജാസ് കോളേജിൽ, കൂടെ പഠിച്ച എ കെ ആൻ്റണി, വയലാർ രവി, വൈക്കം വിശ്വൻ തുടങ്ങിയവരെപ്പോലെ കേരള രാഷ്ട്രീയത്തിൻ്റെ ഉന്നതങ്ങളിൽ റോയ് എത്തുമെന്നായിരുന്നു എല്ലാവരും കരുതിയത്. അക്കാലത്ത്
രാഷ്ട്രീയത്തിലെ അഗ്നിനക്ഷത്രമായിരുന്ന മത്തായി മാഞ്ഞൂരാൻ ആയിരുന്നു റോയ് സാറിൻ്റെ ഹീറോ. മാഞ്ഞൂരാൻ്റെ ജീവചരിത്രം എഴുതിയാണ് റോയ് ഗുരുദക്ഷിണ നൽകിയത്.
പക്ഷേ അദ്ദേഹം പിന്നീട് പത്രപ്രവർത്തനമാണ് തൻ്റെ വഴിയായി തെരഞ്ഞെടുത്തത്.
1960കളിൽ കോട്ടയത്ത് ഇംഗ്ലീഷ് പത്രത്തിൻ്റെ ലേഖകനായി പ്രവർത്തിക്കുന്ന സമയത്ത് എൻ്റെ പിതാവിൻ്റെ സൗഹൃദസദസ്സിലെ അംഗം എന്ന നിലയിൽ തുടങ്ങിയ അടുപ്പം അവസാനം വരെ തുടർന്നു. 1960 കളിൽ കേരളസന്ദർശനത്തിനെത്തിയ രാജാജിയുടെ ഇംഗ്ലീഷിലുള്ള പ്രസംഗങ്ങൾ ഉജ്വലമായി തർജ്ജമചെയ്യുന്ന റോയ് സാറാണ് കുട്ടിക്കാലത്തെ ഒരു ഓർമ്മ.
മംഗളം ദിനപത്രം തുടങ്ങിയപ്പോൾ കോട്ടയത്തെ പത്രമുത്തശ്ശിമാരുമായി മത്സരിച്ച് പിടിച്ചുനിൽക്കാൻ സഹായിച്ചത് റോയിയുടെ നേതൃത്വമാണ്. റോയിയുടെ പ്രതിവാര പംക്തി എല്ലാവരും കാത്തിരുന്ന വായിക്കുന്ന കോളം ആയിരുന്നു. നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. പത്രപ്രവർത്തകരുടെ ക്ഷേമത്തിനായി ഇത്രയേറെ പ്രവർത്തിച്ച മറ്റൊരാളില്ല. പത്രപ്രവർത്തക യൂണിയൻ്റെ അഖിലേന്ത്യാ സെക്രട്ടറി ജനറലായിരുന്നു കെ എം റോയ്.
പ്രസ്സ് അക്കാദമിയിൽ റോയ് നൽകിയിരുന്ന ക്ലാസുകൾ പിന്നീട് വന്ന തലമുറയിലെ പത്രപ്രവർത്തകർത്തകർക്ക് മാർഗദീപമായി മാറി. പക്ഷാഘാതം പിടിപ്പെട്ടില്ലായിരുന്നെങ്കിൽ ഇനിയുമേറെ സംഭാവനകൾ നൽകാൻ പത്രപ്രവർത്തകരുടെ ഈ ആചാര്യന് കഴിയുമായിരുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *