#religion
കന്യാമറിയം.
ലോകമെങ്ങുമുള്ള കത്തോലിക്കാ വിശ്വാസികളുടെ ഏറ്റവും പ്രിയപ്പെട്ട അമ്മയാണ് കന്യാമറിയം.
യേശുവിൻ്റെ മാതാവിനോടുള്ള ഭക്തി കേരളസഭയിൽ പുരാതനകാലം മുതൽ തുടർന്നുവരുന്നതാണ് .സെപ്റ്റംബർ മാസം മാതാവിൻ്റെ മാസമാണ്. 1 മുതൽ 8 വരെ എട്ടുനോമ്പ് നോൽക്കുന്നത് സുറിയാനി ക്രിസ്ത്യാനികളുടെ വലിയ അനുഷ്ഠാനമാണ്. മാതാവിനോടുള്ള പ്രാർത്ഥനയായ ലുത്തിനിയ വീടുകളിൽ ദിവസേനയുള്ള സന്ധ്യാപ്രാർത്ഥനയുടെ ഭാഗമാണ്.
ലോകത്ത് ഏറ്റവുമധികം ചിത്രകാരന്മാരുടെയും ശിൽപികളുടെയും പ്രിയപ്പെട്ട വിഷയമാണ് കന്യാമറിയം.
മാതാവിൻ്റെ പ്രതിമകളിൽ ഏറ്റവും പ്രസിദ്ധം വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഉള്ള മൈക്കലാഞ്ചലോയുടെ പിയെത്ത എന്ന മാർബിൾ ശിൽപമാണ്. 2023 ഏപ്രിലിൽ നടത്തിയ യൂറോപ്പിയൻ പര്യടനത്തിനിടെയാണ്
വിവിധ രാജ്യങ്ങളിലെ പള്ളികളിൽ പ്രതിഷ്ടിച്ചിരിക്കുന്ന മാതാവിൻ്റെ ശില്പങ്ങളും പെയിൻ്റിങ്ങുകളും കാണാനുള്ള ഭാഗ്യമുണ്ടായത്.
കുരിശുമരണത്തിനു ശേഷം യേശുവിൻ്റെ ശരീരം മാതാവിൻ്റെ മടിയിൽ കിടത്തിയിരിക്കുന്ന ആ ശിൽപത്തിൻ്റെ മുന്നിൽ നിൽക്കുമ്പോൾ അറിയാതെ കണ്ണുനിറഞ്ഞു.
പിയത്ത ഒട്ടനേകം കലാകാരൻമാർ ശിൽപങ്ങളായും ചിത്രങ്ങളായും വിവിധ മാധ്യമങ്ങൾ ഉപയോഗിച്ച് പുനരാവിഷ്ക്കരിച്ചിട്ടുണ്ട്.
റോമിലെ മാതാവിൻ്റെ പേരിലുള്ള ഏറ്റവും പ്രശസ്തമായ പളളി വത്തിക്കാന് പുറത്താണ്. ഫ്രാൻസിസ് മാർപ്പാപ്പ രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുന്നതിന് മുൻപും തിരിച്ചെത്തിയ ശേഷവും മാതാവിൻ്റെ ബസിലിക്കയിൽ പ്രാർത്ഥിക്കുക എന്നത് ഒരു അനുഷ്ഠാനമാക്കിയിരിക്കുന്നു.
ജോൺ പോള് മാർപാപ്പക്ക് വെടിയേറ്റപ്പോൾ മാതാവ് താങ്ങി എന്ന് അദ്ദേഹം പറഞ്ഞിരുന്നു. കൃതജ്ഞതയായി പോർച്ചുഗലിലെ ഫാത്തിമ സന്ദർശിച്ച് ആ വെടിയുണ്ട മാതാവിൻ്റെ രൂപത്തിലെ കിരീടത്തിൽ പതിപ്പിക്കുകയും ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ മരിയൻ തീർഥാടന കേന്ദ്രം ഫ്രാൻസിലെ ലൂർദ്ദ്സ് ആണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized