#ഓർമ്മ
എം എഫ് ഹുസൈൻ.
എം എഫ് ഹുസൈൻ്റെ ( 1915- 2011) ജന്മവാർഷികദിനമാണ് സെപ്റ്റംബർ 17.
ഇന്ത്യ കണ്ട ഏറ്റവും മഹാനായ ഈ ചിത്രകാരൻ മഹാരാഷ്ട്രയിലെ പഥാർപൂർ എന്ന ഗ്രാമത്തിലാണ് ജനിച്ചത്. ഹുസൈന് ഒന്നര വയസുള്ളപ്പോൾ അമ്മ നഷ്ടപ്പെട്ടു. പുനർവിവാഹം ചെയ്ത പിതാവ് ഇൻഡോറിലേക്ക് താമസം മാറ്റി.
1935ൽ മുംബയിലെത്തി പ്രസിദ്ധമായ ജെ ജെ സ്കൂൾ ഓഫ് ആർട്സ് എന്ന വിദ്യാലയത്തിൽ ചേർന്നതാണ് ഹുസൈൻ എന്ന പെയ്ന്റർക്ക് ജന്മം നൽകിയത്.
ഉപജീവനത്തിനായി ഹിന്ദി സിനിമാ പോസ്റ്ററുകൾ പെയ്ന്റ് ചെയ്തു ജീവിതമാർഗം കണ്ടെത്തിയ ഹുസൈൻ, 1952ൽ സൂറിച്ച് , 1964ൽ അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചത് അന്താരാഷ്ട്രപ്രശസ്തി നേടാൻ സഹായകമായി.
2008ൽ ക്രിസ്റ്റീസ്, 16ലക്ഷം ഡോളറിന് ഒരു പെയ്‌ൻ്റിങ് വില്പന നടത്തിയതോടെ ഹുസൈൻ രാജ്യത്തെ ഏറ്റവും വിലപ്പിടിപ്പുള്ള ചിത്രകാരനായി മാറി. ഇന്ത്യയിലെ പിക്കാസോ എന്നാണ് ഫോർബ്സ് മാസിക അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
ഹുസൈൻ വരച്ച കുതിരകൾ, മദർ തെരേസ ചിത്രങ്ങൾ എന്നിവ ലോകപ്രശസ്തങ്ങളാണ് .
ഗജയാമിനി തുടങ്ങി അന്താരാഷ്ട്രതലത്തിൽ സമ്മാനിതമായ ചലച്ചിത്രങ്ങളും ഹുസൈൻ സംവിധാനം ചെയ്തിട്ടുണ്ട്.
ഹിന്ദു മതമൗലികവാദികളുടെ അക്രമം ഭയന്ന് അവസാനകാലം വിദേശത്ത് ജീവിക്കാൻ നിർബന്ധിതനായ ഹുസൈൻ ലണ്ടനിൽ വെച്ച് നിര്യാതനായി.
– ജോയ് കള്ളിവയലിൽ.
Posted inUncategorized