#books
In the Line of Duty,
Lt.Gen. Harbakhsh Singh.
1965 ലെ ഇന്ത്യാ പാകിസ്ഥാൻ യുദ്ധത്തിൻ്റെ വാർഷികമാണ് സെപ്റ്റംബർ മാസം.
59 വർഷം മുൻപ് നടന്ന യുദ്ധത്തിൻ്റെ വീരനായകനാണ് ലെഫ്റ്റ് ജനറൽ ഹർബക്ഷ് സിംഗ്.
ഗുജറാത്ത് മുതൽ ലഡാക്ക് വരെ നീണ്ടുകിടക്കുന്ന പാകിസ്താൻ അതിർത്തി കാക്കുന്ന അന്നത്തെ വെസ്റ്റേൺ കമാണ്ടിൻ്റെ ആർമി കമാൻഡറായിരുന്നു ഹർബക്ഷ് സിംഗ്.
ആദ്യം ആക്രമിച്ച പാകിസ്ഥാന് മേൽക്കൈ കിട്ടി. രണ്ടു മണിക്കൂറിനുള്ളിൽ ഇന്ത്യയുടെ രണ്ടിലധികം ബറ്റാലിയനുകൾ നാമാവശേഷമായി. അഖ്നൂർ പിടിച്ച് ജമ്മു – ശ്രീനഗർ ഹൈവേയുടെ നിയന്ത്രണം കൈക്കലാക്കി കശ്മീർ മുഴുവൻ പിടിക്കുക എന്നതായിരുന്നു പാകിസ്താൻ്റെ ലക്ഷ്യം.
1947 നവംബറിൽ ഇതേ ലക്ഷ്യം മുൻനിർത്തി നടത്തിയ യുദ്ധത്തിലും ഇന്ത്യയുടെ രക്ഷകനായത് ഹർബക്ഷ് സിങ്ങിൻ്റെ നേതൃത്വത്തിലുള്ള സേനയാണ്. അന്ന് ശ്രീനഗറിന് 4 കിലോമീറ്റർ അടുത്തുവരെയെത്തിയ പാകിസ്താൻ സൈന്യത്തെ തുരത്തിയില്ലായിരുന്നെങ്കിൽ കശ്മീർ മുഴുവൻ പാകിസ്താൻ്റെ അധീനതയിലാകുമായിരുന്നു.
1965ൽ പാകിസ്താൻ്റെ മുന്നേറ്റം കണ്ട കരസേനാ മേധാവി ജനറൽ ചൗധരി അക്ഷരാർത്ഥത്തിൽ വിരണ്ടുപോയി. ബിയാസ് നദിയുടെ കരയിലേക്ക് പിൻവാങ്ങാൻ ചൗധരി കരസേനയോട് നിർദേശിച്ചു. യുദ്ധമേഖലയിൽ നേരിട്ടുവന്ന് ഉത്തരവ് രേഖാമൂലം നൽകിയാൽ മാത്രമേ അനുസരിക്കുകയുള്ളു എന്ന് ഹർബക്ഷ് സിംഗ് നിലപാടെടുത്തു.
പഞ്ചാബ് മേഖലയിൽ അന്താരാഷ്ട്ര അതിർത്തി കടന്ന് പ്രത്യാക്രമണം നടത്തി ലാഹോർ പിടിച്ചാലെ കശ്മീർ രക്ഷിക്കാൻ കഴിയൂ എന്ന് അദ്ദേഹം മേലധികാരികളെ അറിയിച്ചു.
നിർദേശമനുസരിച്ച് പിൻമാറിയിരുന്നെങ്കിൽ പഞ്ചാബിൻ്റെ പകുതിസ്ഥലം കൂടി നമുക്ക് നഷ്ടമാകുമായിരുന്നു.
കരസേനാമേധാവിയുടെ എതിർപ്പു മറികടന്ന് പ്രധാനമന്ത്രി ലാൽബഹദൂർ ശാസ്ത്രിയുടെ അനുമതി ഹർബക്ഷ് നേടി.
ഇന്ത്യൻസേന പഞ്ചാബിൽ അതിർത്തി കടന്ന് ലാഹോർ നഗരത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള ഇച്ചോഗിൽ കനാലിൻ്റെ കര വരെ മുന്നേറി. സാബർ ജെറ്റുകളും പാറ്റൻ ടാങ്കുകളും ഉപയോഗിച്ച് ശക്തമായി തിരിച്ചടിച്ച പാകിസ്താൻ സേനയുടെ മുന്നിൽ ഇന്ത്യൻ സൈന്യം തുടക്കത്തിൽ ചിതറിപ്പോയി . ഡിവിഷൻ കമാൻഡർ മേജർ ജനറൽ നിരഞ്ജൻ പ്രസാദ് വാഹനവും സൈന്യചിഹ്നങ്ങളും ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. കയ്യിൽ കിട്ടിയ ഔദ്യോഗിക രേഖകൾ പാകിസ്താൻ പ്രചരണ ആയുധമാക്കി.
മുന്നണിയിൽ നേരിട്ടെത്തി യുദ്ധം നയിച്ച ഹർബക്ഷ് സിംഗ് രാജ്യത്തിൻ്റെ അഭിമാനം കാത്തു. ജീപ്പിൽ ഘടിപ്പിച്ച ഒരു യന്ത്രത്തോക്ക് ഉപയോഗിച്ച് അത്യാധുനിക കമ്പ്യൂട്ടർ സംവിധാനങ്ങളുള്ള രണ്ടു പാറ്റൻ ടാങ്കുകൾ തകർത്ത ഹവീൽദാർ അബ്ദുൽ ഹമീദ് സ്വന്തം ജീവൻ ബലിയർപ്പിച്ച് പരമോന്നത ബഹുമതിയായ പരമവീര ചക്രം നേടി .
യുദ്ധാനന്തരം മുൻപ്രസിഡൻ്റ് രാജേന്ദ്രപ്രസാദിൻ്റെ മകൻ എന്ന സ്ഥാനം ഉപയോഗിച്ച് കോർട്ട് മാർഷ്യൽ ഒഴിവാക്കി രാജിവെച്ച് നാണക്കേടിൽനിന്ന് തലയൂരുകയായിരുന്നു നിരഞ്ജൻ പ്രസാദ് എന്ന ഭീരു.
1965ലെ യുദ്ധം ഏതാണ്ട് സമനിലയിൽ അവസാനിച്ചു. ഹാജി പിർ പാസ് പിടിച്ചത് ശ്രീനഗർ ഹൈവേ സംരക്ഷിച്ച് കശ്മീരിനെ രക്ഷിക്കുന്നതിൽ ഇപ്പോഴും നിർണ്ണായകപങ്ക് വഹിച്ചു വരുന്നു.
കശ്മീരിൻ്റെ സംസ്ഥാനപദവി റദ്ദാക്കി കേന്ദ്ര സര്ക്കാര് സമാധാനം കൊണ്ടുവന്നു എന്ന മോദി സർക്കാരിൻ്റെ അവകാശവാദം പൊളിക്കുന്നതാണ് സമീപകാല സംഭവങ്ങൾ.
കശ്മീർ എന്നത് പാകിസ്ഥാന് അവരുടെ അസ്തിത്വത്തിൻ്റെ വികാരമാണ്. കശ്മീർ ജനതയെ കൂടെ നിർത്താതെ ഇന്ത്യക്ക് കാര്യങ്ങള് എളുപ്പമല്ല.
കശ്മീർ പ്രശ്നം മനസ്സിലാക്കുന്നതിനും പ്രശ്നത്തിന് പരിഹാരം തേടുന്നതിനും യുദ്ധചരിത്രം പഠിച്ചേ തീരൂ .
ജനറൽ ഹർബക്ഷ് സിങ്ങിൻ്റെ ഓർമ്മക്കുറിപ്പുകൾ ചരിത്രവിദ്യാർഥികൾക്ക് അവശ്യവായനയാണ്.
– ജോയ് കള്ളിവയലിൽ.

