#കേരളചരിത്രം
നിർബന്ധിത പിരിവ്.
കെ എസ് ആർ ടി സി യുടെ സമീപകാല ചരിത്രത്തിൽ ഇദംപ്രഥമമായി ഒരു മാസത്തെ ശമ്പളം അതേമാസം ഒന്നിച്ച് കൊടുക്കാനായി.
വയനാട്ടിലെ പ്രളയദുരിത നിധിയിലേക്ക് 5 ദിവസത്തെ ശമ്പളം സംഭാവന ചെയ്യണം എന്ന അധികാരികളുടെ നിർദേശം എന്തോ വലിയ പാതകം ചെയ്തു എന്ന നിലയിലാണ് മന്ത്രിയടക്കം പലരും കരുതുന്നത്.
ഒരു നൂറ്റാണ്ടു മുൻപ് ഒരു സര്ക്കാർ വകുപ്പ് തലവൻ എഴുതിയ കത്ത് കാണുക:
തിരുവിതാംകൂറിനെയാകെ പിടിച്ചുകുലുക്കിയ ദുരിതസംഭവമായിരുന്നു 99ലെ വെള്ളപ്പൊക്കം എന്ന പേരിൽ ചരിത്രത്തിൽ ഇടംനേടിയ 1924ലെ മഹാപ്രളയം. ദുരിതാശ്വാസത്തിനു സഹായമായി അന്നത്തെ സേനാവിഭാഗമായ നായർ ബ്രിഗേഡിൻ്റെ കമാൻഡർ എല്ലാവരുടെയും ഒരു ദിവസത്തെ ശമ്പളം മുൻകൂറായി പിടിച്ച് സർക്കാരിൽ ഏൽപ്പിക്കുന്നതായാണ് കത്ത് .
ഇന്നത്തെപോലെ യൂണിയനും ഒന്നുമില്ലാത്തത് കൊണ്ട് പട്ടാളത്തിലെ അംഗങ്ങളുടെ അനുവാദമൊന്നും ചോദിക്കേണ്ട കാര്യമില്ല. ജീവനക്കാരെ നിയമിക്കാനും അതുപോലെ തന്നെ പിരിച്ചുവിടാനുമുള്ള പൂർണ്ണ അധികാരം ദിവാനുണ്ട്. പബ്ലിക്ക് സർവ്വീസ് കമ്മീഷനും ജാതിസംവരണവും ഒന്നുമില്ല. സര്ക്കാർ ഉദ്യോഗം ഹിന്ദു സമുദായത്തിലെ സവർണ്ണർക്ക് മാത്രം. പട്ടാളത്തിലാണെങ്കിൽ പേര് സൂചിപ്പിക്കുന്നതുപോലെ നായന്മാർക്ക് മാത്രമാണ് ഉദ്യോഗം ലഭിക്കുക. ശ്രീപദ്മനാഭൻ്റെ പത്തു ചക്രം കിട്ടുക എന്നതായിരുന്നു അന്നത്തെ ഒരു സാധാരണക്കാരൻ്റെ ജിവിതാഭിലാഷം.
മലയാളി മെമ്മോറിയലും നിവർത്തന പ്രസ്ഥാനവും മറ്റും വന്നതോടെ മുന്നോക്ക ക്രിസ്ത്യാനികളും മറ്റും കുറെപ്പേർ സര്ക്കാർ ജീവനത്തിൽ കയറിക്കൂടി. തിരുവിതാംകൂറിൽ ഈഴവർക്കും മറ്റ് പിന്നോക്ക സമുദായക്കാർക്കും ജോലികിട്ടാനായി ഒരു ഈഴവ മെമ്മോറിയൽ ഡോക്റ്റർ പൽപ്പുവിൻ്റെ നേതൃത്വത്തിൽ നൽകേണ്ടി വന്നു.
അധഃസ്ഥിതർക്ക് ചിലർക്കെങ്കിലും ഒരു ജോലി കിട്ടാൻ പിന്നെയും ഏറേക്കാലം കാത്തിരിക്കേണ്ടി വന്നു.
– ജോയ് കള്ളിവയലിൽ.
