#ഓർമ്മ
എം എസ് സുബ്ബലക്ഷ്മി.
എം എസ് എന്ന സംഗീത ചക്രവർത്തിനിയുടെ (1916-2004) ജന്മവാർഷികദിനമാണ്
സെപ്റ്റംബർ 16.
പരമോന്നത ബഹുമതിയായ ഭാരതരത്നം നേടിയ ആദ്യത്തെ ഗായികയാണ് ഇന്ത്യയുടെ വാനമ്പാടി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച എം എസ്.
ദേവദാസി പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ ജനിച്ച അവരുടെ ആദ്യത്തെ ഗുരു, അമ്മ ഷൺമുഖവടിവ് തന്നെയായിരുന്നു . 1927ൽ 11 വയസ്സിൽ തിരുച്ചിയിൽ അരങ്ങേറ്റം കുറിച്ച എം എസ്, 17വയസ്സിൽ മദ്രാസ് മ്യുസിക്ക് അക്കാദമിയിൽ പാടാൻ ക്ഷണം ലഭിക്കാൻ മാത്രമുള്ള പ്രശസ്തി കൈവരിച്ചിരുന്നു. 1936ൽ മദ്രാസിലേക്ക് താമസം മാറ്റിയ എം എസ്, ശെമ്മാങ്കുടിയുടെ ശിഷ്യത്തം സ്വീകരിച്ചു. ഹിന്ദുസ്ഥാനിയിലെ ഗുരു പണ്ഡിറ്റ് നാരായണറാവു വ്യാസ് ആയിരുന്നു.
1938നും 1947നുമിടക്ക് 7ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.
ജി എൻ ബാലസുബ്രഹ്മണ്യവുമായുള്ള പ്രണയം ജീവചരിത്രകാരനായ ടി ജെ എസ് ജോർജ് വിവരിക്കുന്നുണ്ട്. പക്ഷേ പ്രണയം ഉപേക്ഷിച്ച് വിവാഹിതനായിരുന്ന കൽക്കി പത്രാധിപർ സദാശിവത്തെ വിവാഹം ചെയ്തത് കർണ്ണാടക സംഗീതലോകം അടക്കിവാണിരുന്ന ബ്രാഹ്മണസമൂഹത്തിൽ പ്രവേശനം കിട്ടാൻ സഹായിച്ചു എന്ന് ടി എം കൃഷ്ണ അനുസ്മരിക്കുന്നു . പിന്നീട് കണ്ടത് ലോകംമുഴുവൻ അറിയപ്പെടുന്ന രീതിയിൽ എം എസിൻ്റെ ജൈത്രയാത്രയാണ്. ഐക്യരാഷ്ട്രസഭ ഉൾപ്പെടെ അവർ കച്ചേരി അവതരിപ്പിക്കാത്ത രാജ്യങ്ങളില്ല. നേടാത്ത ബഹുമതികളില്ല. പ്രത്യേക സ്റ്റാമ്പ് ഇറക്കിയാണ് ഐക്യ രാഷ്ട്ര സഭ എം എസിൻ്റെ ശതാബ്ദി ആഘോഷിച്ചത്.
അവർ ഉപയോഗിച്ചിരുന്ന പ്രത്യേകനിറത്തിലുള്ള കാഞ്ചീവരം സാരി ഇന്ന് എം എസ് ബ്ലൂ എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഇന്നും ലോകമെങ്ങും ലക്ഷക്കണക്കിന് ആളുകൾ ഉണരുന്നത് എം എസിൻ്റെ വെങ്കടേശ സുപ്രഭാതം കേട്ടുകൊണ്ടാണ്.
– ജോയ് കള്ളിവയലിൽ.
https://youtu.be/IwS20UsiYnU
Posted inUncategorized