#ഓർമ്മ
സർ എം വിശ്വേശരയ്യ
ഇന്ത്യ കണ്ട എക്കാലത്തെയും മഹാനായ എൻജിനീയർ സർ മോക്ഷഗുണ്ടം വിശ്വേശരയ്യയുടെ (1861-1962) ജന്മവാർഷികദിനമാണ് സെപ്തംബർ 15.
മൈസൂർ രാജ്യത്ത് ജനിച്ച വിശ്വേശരയ്യ മദ്രാസ് യൂനിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയശേഷം പൂനയിലെ കോളെജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിംഗ് പാസായി 1885ൽ ബ്രിട്ടീഷ് സർക്കാരിൻ്റെ കീഴിൽ ബോംബെയിൽ അസിസ്റ്റൻ്റ് എൻജിനിയറായിട്ടാണ് തൻ്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
1908ൽ സ്വയം വിരമിച്ചശേഷം 1909ൽ മൈസൂർ രാജ്യത്ത് ചീഫ് എൻജിനീയറായി.
കൃഷ്ണരാജ സാഗർ, തുംഗഭദ്ര തുടങ്ങിയ ഡാമുകൾ അദ്ദേഹം നിർമ്മിച്ചവയാണ്.
1912 മുതൽ 1918 വരെ മൈസൂർ രാജ്യത്ത് ദിവാനായതാണ് അദ്ദേഹത്തിൻ്റെ സുവർണ്ണകാലം. മൈസൂർ സോപ്പ് ഫാക്ടറി, ഭദ്രാവതി സ്റ്റീൽ പ്ലാൻ്റ്, മൈസൂർ റയിൽവേ, തിരുപ്പതിക്കുള്ള റോഡ് തുടങ്ങി എണ്ണിയാൽ തീരാത്ത പദ്ധതികൾ അദ്ദേഹം ആസൂത്രണം ചെയ്ത് നടപ്പാക്കി.
അദ്ദേഹം സ്ഥാപിച്ച ബെൽഗാവിയിലെ സര്ക്കാർ എൻജിനീയറിംഗ് കോളേജ് ഇന്ന് വിശ്വേശരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയാണ്.
1915 ൽ ബ്രിട്ടീഷ് ഗവണ്മെൻ്റ് സർ പദവി നൽകി ആദരിച്ച ഈ മഹാനായ എൻജിനീയറെ സ്വതന്ത്ര ഇന്ത്യ 1955ൽ പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകി ആദരിച്ചു.
100 വയസ് തികച്ച ശേഷമാണ് അദ്ദേഹം നിര്യാതനായത്.
ജന്മദിനമായ സെപ്തംബർ 15 രാജ്യം എൻജിനീയേഴ്‌സ് ഡേയായി ആഘോഷിക്കുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized