#ഓർമ്മ
#ചരിത്രം
ദൂരദർശൻ.
സെപ്റ്റംബർ 15 ദൂരദർശൻ്റെ ജന്മവാർഷികദിനമാണ്.
1959ൽ ദില്ലിയിലാണ് ഇന്ത്യയിലാദ്യമായി ടെലിവിഷൻ പ്രക്ഷേപണം ആരംഭിച്ചത്. 1982ൽ കളർ ടി വി യായി തിരുവനന്തപുരത്ത് ഉൾപ്പെടെ രാജ്യവ്യാപകമായി പരിപാടികൾ ലഭ്യമായി.
ഏഷ്യാനെറ്റ് ചാനൽ വരുന്നതു വരെ ജനങ്ങൾക്ക് കാണാൻ ഡി ഡി മാത്രമായിരുന്നു ഉണ്ടായിരുന്നത്. വൈകുന്നേരങ്ങളിൽ സിനിമ കാണാൻ ടിവിയുള്ള വീടുകളിൽ അയൽവാസികൾ തടിച്ചുകൂടുന്നത് നാട്ടിലെങ്ങും സ്ഥിരം കാഴ്ചയായിരുന്നു. തെങ്ങുകളുടെയും മരങ്ങളുടെയും ഏറ്റവും ഉയരത്തിൽ ആൻ്റിന സ്ഥാപിക്കാൻ യുവാക്കൾ തമ്മിൽ മത്സരമായിരുന്നു . ഹംലോഗ്, ബുനിയാദ്, നുക്കഡ്, മാൽഗുഡി ഡെയ്സ്, തുടങ്ങിയ ഹിന്ദി പരമ്പരകൾ പോലും കേരളത്തിൽ ജനപ്രീതിയിൽ മുൻപന്തിയിലായിരുന്ന കാലം. 1987 മുതൽ പ്രക്ഷേപണം ചെയ്ത രാമായണവും മഹാഭാരതവും പോലെ ജനപ്രിയമായ പരമ്പരകൾ ലോകത്ത് തന്നെ കുറവാണ്. 1987ൽ തുടങ്ങിയ കൃഷിദർശൻ ആണ് ലോകത്ത് ഏറ്റവും കൂടുതൽ കാലമായി പ്രക്ഷേപണം തുടരുന്ന പരമ്പര.
ഇന്നിപ്പോൾ ചാനലുകളുടെ അധിപ്രസരമാണ്. ദൂരദർശൻ ആരെങ്കിലും കാണുന്നുണ്ടോ ആവോ?
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
ഞാൻ അദ്യമായി ടി വി കാണുന്നത് 1980ൽ ദില്ലിയിൽ വെച്ചാണ്. മണിക്കൂറുകൾ തുടർച്ചയായി കസേരയിൽ നിന്ന് എഴുന്നേൽക്കാതെ കണ്ട അത്ഭുതകാഴ്ചകൾ ഓർമ്മയിൽ നിന്നും ഇന്നും മാഞ്ഞിട്ടില്ല.
പൊതു മരാമത്ത് ചീഫ് എൻജിനീയർ ഒഫീസിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന സമയത്ത് 1982ൽ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൻ്റെ മുന്നിൽ വെച്ച ടിവിയിൽ എം ഡി വത്സമ്മ ഹർഡിൽസിൽ ഏഷ്യൻ ഗെയിംസ് സ്വർണ്ണമെഡൽ നേടുന്നത് തൽസമയം കണ്ടതിൻ്റെ ആഹ്ലാദം ഇപ്പോഴും മനസ്സിലുണ്ട് .
1985ൽ മൂവാറ്റുപുഴയിൽ താമസം തുടങ്ങിയപ്പോൾ ചാവക്കാട് പോയാണ് 8 ചാനലുകൾ ഉള്ള ഒരു സോണി കളർ ടിവി വാങ്ങിയത്. 16 ചാനലുകൾ കിട്ടുന്ന ടി വി ചേട്ടൻ വാങ്ങിയപ്പോൾ ജീവിതകാലത്ത് ഇന്ത്യയിൽ ഇത്രയും ചാനലുകൾ വരുമോ എന്നു കളിയാക്കിയ ഞാൻ എത്ര മണ്ടനാണ് എന്ന് കാലം തെളിയിച്ചു.
നൂറുകണക്കിന് ചാനലുകളും തൽസമയ സംപ്രേഷണവും എല്ലാമായി 24 മണിക്കൂറൂം ടി വി പരിപാടികൾ കൊണ്ട് ശ്വാസംമുട്ടുന്ന ഇക്കാലത്ത് ഡി ഡി ഗൃഹാതുരമായ ഒരു ഓർമ്മയാണ് .
– ജോ. ക.
Posted inUncategorized