#ഓർമ്മ
നമ്പൂതിരി.
ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ( 1925 – 2023) ജന്മവാർഷികദിനമാണ് സെപ്റ്റംബർ13.
പൊന്നാനിയിൽ ജനിച്ച കാവാട്ട് മനക്കൽ വാസുദേവൻ നമ്പൂതിരി, ആർട്ടിസ്റ്റ് നമ്പൂതിരിയായി വളർന്നത് മദ്രാസ് ഫൈൻ ആർട്സ് കോളേജിൽ വിശ്രുത കലാകാരൻമാരായ ഡി പി റോയ് ചൗധരി, കെ സി എസ് പണിക്കർ എന്നിവരുടെ കീഴിൽ നേടിയ പരിശീലനം കൊണ്ടാണ്.
1960ൽ മാതൃഭൂമിയിൽ ചേർന്നതു മുതൽ നമ്പൂതിരിയുടെ രേഖാചിത്രങ്ങൾ മലയാളിയുടെ ഭാവുകത്വം അടയാളപ്പെടുത്തുന്ന കലാസൃഷ്ടികളായി മാറി.
1982വരെ മാതൃഭൂമി വാരികയിൽ, അതിനുശേഷം കലാകൗമുദി വാരിക, പിന്നീട് സമകാലിക മലയാളം വാരിക – അനന്യമായ ആ രേഖാചിത്രങ്ങൾ കാണാൻ മലയാളികൾ കാത്തിരുന്നു.
തകഴി, കേശവദേവ്, ഉറൂബ്, എസ് കെ പൊറ്റെക്കാട്, എം ടി, വി കെ എൻ – മലയാളത്തിലെ വിഖ്യാതരായ സാഹിത്യകാരന്മാരുടെ കഥാപാത്രങ്ങളെ ജീവനോടെ വായനക്കാരുടെ കൺമുന്നിലെത്തിച്ചത് നമ്പൂതിരിയാണ്. എം ടിയുടെ രണ്ടാമൂഴവും, വി കെ എന്നിന്റെ രചനകളും നമ്പൂതിരിയുടെ ചിത്രങ്ങലില്ലാതെ നമുക്ക് ആലോചിക്കാൻ പോലും കഴിയില്ല.
നമ്പൂതിരിയുടെ മ്യൂറൽ ചിത്രങ്ങൾ അനേകം ചുവരുകൾ അലങ്കരിക്കുന്നു. അരവിന്ദന്റെ ചലച്ചിത്രങ്ങളുടെ അവിഭാജ്യഘടകമായിരുന്നു നമ്പൂതിരി. കലാസംവിധാനത്തിന് അവാർഡും നേടിയിട്ടുണ്ട്. നമ്പൂതിരിയുടെ ഓർമ്മക്കുറിപ്പുകൾ അദ്ദേഹം നല്ലൊരു സാഹിത്യകാരൻ കൂടിയാണ് എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു.
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
നമ്പൂതിരിയെക്കുറിച്ചുള്ള ഷാജിയുടെ ഡോക്യൂമെന്ററിയുടെ നിർമ്മാതാവും നമ്പൂതിരി ചിത്രങ്ങളുടെ ഏറ്റവും വലിയ സമ്പാദകനും ആയിരുന്നു അന്തരിച്ച എന്റെ ഉറ്റ സുഹൃത്ത് മൂവാറ്റുപുഴയിലെ മനോജ് കുമാർ.





