ദളിതൻ

#books

ദളിതൻ.

1960കളിൽ ഒരു കുഗ്രാമത്തിൽ വളർന്ന എൻ്റെ കുട്ടിക്കാലത്തെ ഒരു ഓർമ്മ, പല ദിവസവും വൈകുന്നേരങ്ങളിൽ വീടിൻ്റെ ഓരത്ത് വന്നുനിൽക്കുന്ന തൊഴിലാളി സ്ത്രീകളാണ്. ഒന്നും മിണ്ടാതെ എൻ്റെ അമ്മ അകത്തുപോയി കുറച്ച് അരി എടുത്തു കൊണ്ടുപോയി കൊടുക്കുന്നത് കാണാം. പിന്നീടാണ് മനസ്സിലായത് ഉച്ചക്ക് ഓരോ നേരമെങ്കിലും കഞ്ഞിവെച്ച് കുട്ടികളുടെ വിശപ്പ് അടക്കാൻ കഴിയാൻ വകയില്ലാത്ത അമ്മമാരായിരുന്നു അവരെന്ന്. കർഷകതൊഴിലാളി കുടുംബങ്ങൾ മുതലാളിയുടെ ( ഭൂ ഉടമ) രക്ഷാകർതൃത്തിൽ കഴിയുന്നവർ എന്ന ധാരണയെ അക്കാലത്ത് ഉണ്ടായിരുന്നുള്ളൂ. കൊച്ചുമുതലാളി എന്ന വിളിയിൽ എന്തെങ്കിലും പ്രശ്നമുണ്ട് എന്നും തോന്നിയിരുന്നില്ല.
ദലിതരും ഭൂമിയുടെ അവകാശികളാണെന്നും അവർക്കും ഒരു ജീവിതവും ജീവിതകഥയും ഉണ്ടെന്നും തിരിച്ചറിഞ്ഞത് പിന്നീടാണ്.
അവർ പക്ഷേ തങ്ങളുടെ കഥ എഴുതാൻ തുടങ്ങിയിട്ട് അധികകാലമായില്ല. ഡോക്ടർ കുഞ്ഞാമനെപ്പോലെ ഉന്നതനിലയിൽ എത്തിയവർ പോലും വ്യക്തിപരമായ അവഗണനകളുടെ കഥയാണ് കൂടുതലും പറഞ്ഞത്.

തികച്ചും വ്യത്യസ്തമായ ആത്മകഥയാണ് കെ കെ കൊച്ചിൻ്റെ ദളിതൻ എന്ന പുസ്തകം.
ദളിതൻ്റെ ജീവിതം വിവരിക്കാൻ കൊച്ചിനെപ്പോലെ അർഹതയുള്ളവർ കേരളത്തിൽ അധികമില്ല. വായിക്കുകയും എഴുതുകയും ചെയ്യുന്നവര് മാത്രമല്ല ബുദ്ധിജീവികളും ദളിതർക്കിടയിലുണ്ട് എന്നതിൻ്റെ ജീവിക്കുന്ന ഉദാഹരണമാണ് കൊച്ച്. രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യരംഗങ്ങളിൽ സജീവപങ്കാളിയായി എന്നത് മാത്രമല്ല ജീവിതത്തിൽ നല്ലൊരുഭാഗവും സമരങ്ങളുടെ തീച്ചൂളയിൽ നിലയുറപ്പിച്ച പോരാളി കൂടിയാണ് കൊച്ച്.
നൂറു ശ്തമാനവും സത്യസന്ധത എന്നതാണ് കൊച്ചിൻ്റെ എഴുത്ത് വ്യത്യസ്തമാക്കുന്നത്. വിയോജിപ്പുകൾ ഉണ്ടാകാമെങ്കിലും തെളിഞ്ഞ ചിന്തയുടെ ഫലമാണ് അദ്ദേഹം എത്തിച്ചേരുന്ന നിഗമനങ്ങളും എടുത്ത നിലപാടുകളും . തൻ്റെ വഴിയാണ് ശരി എന്ന് ഉത്തമബോധ്യമുള്ളപ്പോൾ കൂട്ടത്തിൽ നിന്ന് വഴിമാറി ഒറ്റക്ക് നടക്കാനുള്ള ധയ്ര്യവും ആർജ്ജവവും കൊച്ച് ജീവിതത്തിൽ ഉടനീളം കാണിച്ചിട്ടുണ്ട്.
പട്ടിണി എന്തെന്ന് അറിയാതെ വളർന്ന എന്നേപ്പോലെയുള്ളവർക്ക് അധഃസ്ഥിതജനതയുടെ ജീവിതയാഥാർത്ഥ്യങ്ങൾ എന്താണ് എന്ന് ഈ പുസ്തകം പറഞ്ഞുതരുന്നു.
സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം 75 കൊല്ലം കഴിഞ്ഞിട്ടും ദളിതരുടെ സ്ഥിതി മോശമാണ് എന്നതിൻ്റെ അടിസ്ഥാനകാരണം ഭൂമിയുടെ ഉടമസ്ഥാവകാശം കിട്ടാതെ പോയതാണ് എന്ന് അദ്ദേഹം കൃത്യമായി പറയുന്നു. ഒരു പഞ്ചായത്തിൽ പോലും നിർണ്ണായകശക്തിയാകാൻ കഴിയാതെ വിവിധ ഉപജാതികളായി ചിതറിക്കിടക്കുന്ന ദളിത് സമുദായത്തിന് രാഷ്ട്രീയ അധികാരം ഇന്നും കിട്ടാക്കനിയാണ് എന്ന യാഥാർഥ്യം അദ്ദേഹം തിരിച്ചറിയുന്നു.
മൂന്നാം പതിപ്പിൽ എത്തിനിൽക്കുന്ന ആത്മകഥ ധാരാളം വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട് എന്ന് വ്യക്തം. തൻ്റെ പോരാട്ടങ്ങൾ എല്ലാം വിജയിച്ചില്ലെങ്കിലും വ്യർധമായില്ല എന്ന് കൊച്ചിന് അഭിമാനിക്കാം.
പുതിയ കാലത്തെ നവോത്ഥാന പ്രസ്ഥാനത്തിൻ്റെ ഒരു നായകനെ പരിചയപ്പെടാൻ ഈ പുസ്തകം എന്നെ സഹായിച്ചു. വേറിട്ട അനുഭവമായിരുന്നു ഈ ആത്മകഥയുടെ വായന.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *