#ഓർമ്മ
ഗ്രന്ഥശാലാ ദിനം.
സെപ്റ്റംബർ 14 ഗ്രന്ഥശാലാ ദിനമാണ്.
1945 സെപ്റ്റംബർ 14ന് തിരുവിതാംകൂറിലെ 47 ഗ്രന്ഥശാലകളുടെ പ്രതിനിധികൾ അമ്പലപ്പുഴ പി കെ മെമ്മോറിയൽ ലൈബ്രറിയിൽ ഒത്തുകൂടി അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘത്തിന് രൂപംനൽകി.
പിന്നീട് ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ ജീവാത്മാവും പരമാത്മാവുമായി മാറിയ പി എൻ പണിക്കരായിരുന്നു മുഖ്യസംഘാടകൻ.
1957ൽ കേരള സംസ്ഥാനം രൂപീകൃതമായതോടെ സംഘം കേരള സംസ്ഥാന ഗ്രന്ഥശാലാ സംഘമായി മാറി. 1989ൽ കേരള ലൈബ്രറീസ് നിയമം വന്നതോടെ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എന്നായി പേര്.
1829ൽ സ്ഥാപിതമായ തിരുവനന്തപുരം പബ്ലിക് ലൈബ്രറിയാണ് സംസ്ഥാനത്തെ ആദ്യത്തെ ഗ്രന്ഥശാല.
അദ്യസമ്മേളനത്തിൽ ഡി സി കിഴേക്കേമുറി പ്രതിനിധീകരിച്ച കാഞ്ഞിരപ്പള്ളി സഹൃദയ ലൈബ്രറിയാണ് 58 വര്ഷം മുൻപ് ഞാൻ ആദ്യമായി ചേർന്ന ലൈബ്രറി. കെ ജെ തോമസ് കരിപ്പാപറമ്പിൽ എന്ന ക്രാന്തദർശി പിന്നീട് മണ്ണാർക്കാട്ടും സഹൃദയ ലൈബ്രറി സ്ഥാപിച്ചു.
പുസ്തകങ്ങളെ സ്നേഹിക്കാൻ എന്നെ പഠിപ്പിച്ചത് ലൈബ്രറികളാണ്. പിൽക്കാലത്ത് പാലാ മുനിസിപ്പൽ ലൈബ്രറി, കോഴിക്കോട് റീജനൽ എൻജിനീയറിംഗ് കോളെജ് ലൈബ്രറി, തിരുവനന്തപുരം പബ്ലിക്, യൂണിവേഴ്സിറ്റി ലൈബ്രറികൾ, എന്നിവ എൻ്റെ അറിവിൻ്റെ ചക്രവാളങ്ങൾ വികസിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. മൂവാറ്റുപുഴയിൽ 25 വര്ഷം മുൻപ് ഒരു ലൈബ്രറി തുടങ്ങാൻ സഹായിച്ചത് റോട്ടറി പ്രസ്ഥാനമാണ്.
ഇന്ന് പുസ്തകങ്ങൾ സ്വന്തമായി വാങ്ങി വായിക്കുക എന്നതാണ് പതിവ്.
ഇക്കാലത്ത് ലൈബ്രറികൾക്ക് പണം വലിയ പ്രശ്നമല്ല. പക്ഷേ നൂറുകണക്കിന് ചവറു പുസ്തകങ്ങൾ വാങ്ങാനാണ് സര്ക്കാര് നൽകുന്ന പണം ഭൂരിഭാഗവും വിനിയോഗിക്കപ്പെടുന്നത് എന്നതാണ് ദുഃഖകരമായ യാഥാർഥ്യം.
സാമൂഹ്യ മാധ്യമങ്ങളുടെ വളർച്ചയോടെ ഗൗരവമായ പുസ്തക വായന കുറഞ്ഞുവരുന്നു എന്നത് ദുഃഖകരമായ ഒരു യാഥാർഥ്യമാണ്.
ഇന്ന് കിൻടിൽ തുടങ്ങിയ ഇലക്ട്രോണിക്ക് ലൈബ്രറികൾ വഴി ആയിരക്കണക്കിന് ഡിജിറ്റൽ പുസ്തകങ്ങൾ വായിക്കാം.
വായിച്ചു വളരുന്ന ഒരു ചെറിയ ശതമാനം കുട്ടികളെങ്കിലും നാട്ടിലുണ്ട് എന്നതിൽ അഭിമാനവും ആഹ്ലാദവുമുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized