#ഓർമ്മ
സഞ്ജയൻ.
സഞ്ജയൻ്റെ ( 1903-1943) ഓർമ്മദിവസമാണ്
സെപ്റ്റംബർ 13.
കുഞ്ചൻ നമ്പ്യാർക്ക് ശേഷം കേരളം കണ്ട ഏറ്റവും മഹാനായ ഹാസ്യ സാഹിത്യകാരനാണ് പാറപ്പുറത്ത് സഞ്ജയൻ എന്ന തൂലികാനാമത്തിൽ ഏഴുതിയിരുന്ന മാണിക്കൊത്ത് രാമുണ്ണി നായർ.
തലശേരി ബ്രണ്ണൻ കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, മദ്രാസ് ക്രിസ്ത്യൻ കോളജ് എന്നിവടങ്ങളിൽ പഠിച്ച് ബി എ ഹോണർസ് ബിരുദം നേടി മലബാർ ക്രിസ്ത്യൻ കോളേജിൽ അധ്യാപകനായി. ഇടക്ക് നിയമബിരുദത്തിനായും പഠിച്ചു.
1935ൽ കേരളപത്രികയുടെ പത്രാധിപരായി. ഒരുവർഷം കഴിഞ്ഞു സഞ്ജയൻ മാസിക സ്വന്തമായി ആരംഭിച്ചു. വിശ്വരൂപം എന്ന പ്രസിദ്ധീകരണത്തിൻ്റെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചു. ഷെയ്ക്ക്സ്പിയറുടെ ഒതെല്ലോ മലയാളത്തിലേക്ക് തർജ്ജമചെയ്തത് സഞ്ജയനാണ്.
ബ്രിട്ടീഷ് ഭരണത്തിൻ്റെയും അന്നത്തെ സാമൂഹ്യവ്യവസ്ഥയുടെയും കടുത്ത വിമർശനം അദ്ദേഹം തൻ്റെ എഴുത്തിലൂടെ നിർവഹിച്ചു.
മലബാർ മുതൽ തിരുവിതാംകൂർ വരെയുള്ള ജനങ്ങൾ ഓരോ വിഷയത്തിലും സഞ്ജയൻ എന്താണ് പറയുന്നത് എന്ന് ചെവിയോർത്തു.
ചങ്ങലംപരണ്ട എന്ന സാങ്കല്പിക പഞ്ചായത്തിൽനിന്നുള്ള റിപ്പോർട്ടുകൾ ചിരിപ്പിക്കുമ്പോൾ തന്നെ ചിന്തിപ്പിക്കുക കൂടി ചെയ്തു.
സ്വയം കരയുമ്പോഴും വായനക്കാരെ ചിരിപ്പിക്കുക എന്ന വിദൂഷകധർമ്മമാണ് അദ്ദേഹം സ്വന്തം ജീവിതത്തിൽ പകർത്തിയത്. വെറും 40 വർഷത്തെ ജീവിതം, അതും 27 വയസ് മുതൽ ക്ഷയരോഗിയായി. വെറും 3 വർഷത്തെ ദാമ്പത്യജീവിതം. 12 വയസിൽ ഏകമകൻ്റെ വിയോഗം.
സഞ്ജയൻ്റെ കൃതികൾ 1986ൽ രണ്ടു വാള്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.













