#ചരിത്രം
#കേരളചരിത്രം
പുകയിലയുടെ കഥ.
പ്രാചീനകാലം മുതൽ നമ്മുടെയിടയിൽ ഉണ്ടായിരുന്ന പാരമ്പര്യമാണ് പുകവലിയും പുകയില ചേർത്തുള്ള വെറ്റിലമുറുക്കും മറ്റും എന്നാണ് മിക്കവരുടെയും വിശ്വാസം.
എന്നാൽ വിദേശികളുടെ വരവോടെയാണ് ഭാരതത്തിൽ പുകയില എത്തിയത്.
തെക്കേ അമേരിക്കയാണ് പുകയില ചെടിയുടെ ജന്മനാട്. ഉണങ്ങിയ പുകയില കടിച്ചുപിടിച്ചാൽ പല്ലുവേദന ശമിക്കുമെന്ന് അവർ കണ്ടുപിടിച്ചത് നമ്മുടെ മുത്തശ്ശിമാരും തലമുറകൾ കൈമാറിയ ഒറ്റമൂലിയാണ്.
പുകവലി ദൈവങ്ങളെ പ്രീതിപ്പെടുത്താനായാണ് തുടങ്ങിയതെങ്കിലും മദ്യം കഴിക്കുമ്പോൾ ലഭിക്കുന്നതുപോലെ അല്പം ലഹരി പകരുന്ന ഒന്നാണെന്നും അവർ തിരിച്ചറിഞ്ഞു.
15ആം നൂറ്റാണ്ടിൽ സ്‌പെയിൻകാർ എത്തിയതോടെയാണ് പുകയില യൂറോപ്പിലെത്തിയത്. രാജാവിന്റെ തലവേദന അല്പം പൊടി വലിച്ചപ്പോൾ അത്ഭുതകരമായി മാറി എന്ന് 1559ൽ രേഖപ്പെടുത്തപ്പെട്ടിട്ടിട്ടുണ്ട്.
യൂറോപ്പിൽനിന്ന് ചൈനയിലും, ആഫ്രിക്കയിലും, മധ്യപൂർവദേശത്തും ഇന്ത്യയിലുമെല്ലാം പുകയിലശീലം അതിവേഗം പടർന്നുപിടിച്ചതിൽ അത്ഭുതമില്ല.
എന്റെ കുട്ടിക്കാലത്ത് പാവപ്പെട്ടവർ ബീഡി വലിക്കുകയോ വെറ്റില മുറുക്കുകയോ ചെയ്യും.
സിഗരറ്റ് വലിക്കുന്നത് കുബേരന്മാരുടെ ലക്ഷണമാണ്. കയ്യിൽ സിഗരറ്റ് ടിന്നുമായി നടക്കുന്ന പണക്കാരെ ആളുകൾ ബഹുമാനത്തോടെയാണ് നോക്കിയിരുന്നത്. അതുപോലെതന്നെ വെറ്റിലചെല്ലവും കൂടെ കൊണ്ടുനടക്കുന്ന ധനികരുമുണ്ട്.
പൈപ്പ് ഉപയോഗിച്ച് പുകവലിക്കുന്ന, ചുരുട്ട് വലിക്കുന്ന, അമ്മയുടെ അപ്പൻ ഒരു അത്ഭുതജീവി തന്നെയായിരുന്നു. ചുരുട്ടിന്റെ ഒരറ്റം പേനാക്കത്തി കൊണ്ട് മുറിച്ച് കത്തിച്ചു വലിക്കുന്നതും, പൈപ്പിൽ പുകയില നിറക്കുന്നതും ഒരു വലിയ ചടങ്ങുപോലെയാണ് ചെയ്തിരുന്നത്.
അക്കാലത്ത് കല്യാണപ്പന്തലിൽ അതിഥികൾക്ക് മുറുക്കാനുള്ള വിഭവങ്ങൾ നിര്ബന്ധമാണ്. പണിക്കാരുടെ തൊപ്പിപ്പാളക്കുള്ളിൽ അവ എപ്പോഴും കാണും. സ്ത്രീകളും മുറുക്കിച്ചുവപ്പിച്ചു നടക്കുന്ന കാഴ്ച സാധാരണമായിരുന്നു.
60 വര്ഷം മുൻപ് എന്റെ ചെറുപ്പത്തിൽ ഗ്രാമങ്ങളിലെല്ലാം ബീഡി തെറുപ്പുകാരുണ്ട്. യന്ത്രം പോലെ, മുറത്തിൽ ഇലവെട്ടി, ചുക്കാൻ ( ചെറുതായി നുറുക്കിയ പുകയില) നിറച്ചു, ബീഡി തെറുത്ത്, നഖം കൊണ്ട് ഒരറ്റം അടച്ചു നൂൽകെട്ടി ബന്ധിക്കുന്ന കലാകാരന്മാരെ അത്ഭുതത്തോടെ നോക്കിനിൽക്കുമായിരുന്നു.
ബീഡിയില വെട്ടുന്ന കത്രിക കൊണ്ട് ഒരാളെ കുത്തിയിട്ട്, രക്ഷിക്കാനായി അപ്പന്റെയടുത്തു ഓടിവന്ന ഒരാളാണ് ചെറുപ്പത്തിലെ നടുക്കുന്ന ഒരോർമ്മ.
പട്ടണങ്ങളിൽ ബീഡിക്കമ്പനികൾ ഉണ്ടായിരുന്നു. നിരന്നിരുന്നു ബീഡി തെറുക്കുന്നവർക്ക് പത്രം വായിച്ചുകേൾപ്പിക്കാൻ ആളുണ്ടാവും. രാഷ്ട്രീയവും നാട്ടുകാര്യവുമെല്ലാം അവിടെ ചർച്ചയാവും.
കാജാ ബീഡിയും, ഗണേഷ് ബീഡിയും, ദിനേശ് ബീഡിയുമൊക്കെ അഖിലകേരള പ്രശസ്തമായ കമ്പനികളായിരുന്നു.
വടക്കേ ഇന്ത്യയിൽ സാധാരണ കാഴ്ചയാണ് ലഹരിക്കായി പുകയില നാക്കിനടിയിൽ സൂക്ഷിക്കുന്നത്.
50 കൊല്ലം മുൻപ് കാഞ്ഞങ്കാട്ട് ട്രെയിൻ ഇറങ്ങിയാൽ കാണുന്ന കാഴ്ച കടൽതീരത്ത് നോക്കെത്താത്ത ദൂരം വരെ നീളുന്ന പുകയിലപ്പാടങ്ങളാണ്.
20ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മാത്രമാണ് പുകവലിയും മുറുക്കുമൊക്ക കാൻസർ, ശ്വാസകോശരോഗങ്ങൾ തുടങ്ങിയ ഗുരുതരരോഗങ്ങൾക്ക് കാരണമാവും എന്ന് കണ്ടുപിടിച്ചത്.
വലിയ പ്രചരണത്തിന്റെ ഫലമായി പുകവലി കുറഞ്ഞു. പക്ഷേ പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തി പട, എന്നു പറഞ്ഞതുപോലെ ഇപ്പോൾ പുകവലിക്കു പകരം ലഹരിമരുന്നാണ് ചെറുപ്പക്കാർ ഉപയോഗിക്കുന്നത്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized