#ഓർമ്മ
#കേരളചരിത്രം
വക്കം അബ്ദുൽ ഖാദർ.
ധീരദേശാഭിമാനി വക്കം അബ്ദുൽ ഖാദർ തൂക്കിലേറ്റപ്പെട്ട
ദിവസമാണ് 1943 സെപ്റ്റംബർ 10.
കുടുംബം നോക്കാനായിട്ടാണ് പിതാവ് ഖാദറിനെ മലയയിലേക്ക് ( ഇന്നത്തെ മലേഷ്യ) അയച്ചത്. പക്ഷെ ആ യുവാവ് എത്തിപ്പെട്ടത് നേതാജി സുബാഷ് ചന്ദ്ര ബോസ് രൂപീകരിച്ച ഐ എൻ എ യിലാണ്.
ഇന്ത്യൻ നാഷണൽ ആർമി (ഐ എൻ എ) രൂപീകരിച്ച ചാവേർ സ്ക്വാഡിൻ്റെ അംഗമായി അന്തർവാഹിനിയിൽ കേരളതീരത്ത് എത്തിയ ഖാദറും സംഘവും ബ്രിട്ടീഷ് സൈന്യത്തിൻ്റെ പിടിയിലായി.
തിരുവനന്തപുരം ജില്ലയിലെ വക്കം ഗ്രാമത്തിൽ 1917 മേയ് 25ന് ജനിച്ചു. സ്കൂൾ വിദ്യാഭ്യാസകാലത്ത് തന്നെ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളിൽ സജീവമായി. 1938ൽ, ഖാദറിന് 21 വയസ്സുള്ളപ്പോൾ, പിതാവിന്റെ താൽപര്യപ്രകാരം മലയയിലേക്ക് പോയി അവിടെ പൊതുമരാമത്ത് വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് ഇന്ത്യൻ ഇൻഡിപെൻഡൻറ്സ് ലീഗിൽ ചേർന്നു പ്രവർത്തിച്ചു. തുടർന്ന് ഐ എൻ എയിൽ ചേർന്നു.
ഐ.എൻ.എ ഭടന്മാർക്ക് പരിശീലനത്തിനായി സ്ഥാപിച്ച സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയശേഷം ഖാദർ ഐ.എൻ.എ നിയോഗിച്ച അഞ്ചംഗ സംഘത്തിലെ പ്രധാനിയായി ഇന്ത്യയിയിലേക്ക് നിയോഗിക്കപ്പെട്ടു.
1942 സെപ്റ്റംബർ 18ന് രാത്രി 10ന് അവർ മലേഷ്യയിലെ ‘പെനാങ്ക്’ തുറമുഖത്തുനിന്ന് ഒരു അന്തർവാഹിനിയിൽ ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഒമ്പത് ദിവസത്തെ യാത്രക്കുശേഷം മലബാറിലെ താനൂർ കടപ്പുറത്ത് എത്തി. അധികം കഴിയും മുമ്പ് പൊലീസ് പിടിയിലാവുകയും ചെയ്തു.
അറസ്റ്റിലായ ഐ എൻ ഏ ചാവേർ സംഘത്തെ ബ്രിട്ടീഷ് പട്ടാളം മദ്രാസിലെ സെന്റ് ജോർജ് ഫോർട്ട് ജയിലിൽ ജയിലിലെത്തിച്ച് കൊടുംപീഡനങ്ങൾക്കിരയാക്കി; ഇവരുടെ മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ നടത്തി.
വക്കം ഖാദർ, ഫൗജാസിങ്, സത്യേന്ദ്ര ചന്ദ്ര ബർഹാൻ, ബോണിഫെയ്സ് പെരേര, അനന്തൻ നായർ എന്നിവരെ അഞ്ചുവർഷത്തെ കഠിനതടവിനുശേഷം തൂക്കിക്കൊല്ലാൻ വിധിച്ചു. അപ്പീൽ കോടതിയിൽ തിരുവനന്തപുരംകാരനായ ബോണി ഫെയ്സിൻ്റെ വധശിക്ഷ മാത്രം ശിക്ഷ റദ്ദാക്കപ്പെട്ടു. ശിക്ഷ 5 വര്‍ഷം തടവായി കുറച്ചു.
1943 സെപ്റ്റംബർ 10ന് ഖാദറിനെയും സംഘത്തെയും തൂക്കിലേറ്റി. ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് ഖാദർ നിർഭയമായി തൂക്കുമരത്തിലേറി.
വക്കം ഖാദറിന്റെയും ഫൗജാ സിംഗിന്റെയും സത്യേന്ദ്ര ചന്ദ്ര ബർഹാന്റെയും ഓർമ്മയക്കായി 1998-ൽ തപാൽ വകുപ്പ് സ്റ്റാമ്പും പ്രഥമദിന കവറും പുറത്തിറക്കി.
– ജോയ് കള്ളിവയലിൽ.



