മാവോ സെ തൂങ്

#ഓർമ്മ

മാവോ സേതൂങ്.

മാവോ സേതൂങ്ങിൻ്റെ (1893-1976) ചരമവാർഷികദിനമാണ്
സെപ്റ്റംബർ 9.

ലോകചരിത്രത്തെ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ നേതാക്കളിൽ മാവോ പോലെ മറ്റൊരാളില്ല.
1935 മുതലുള്ള 40 വർഷക്കാലം ചൈനയുടെ പരമാധികാരിയായിരുന്നു ചെയർമാൻ മാവോ.
ഹൂനാൻ പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ ജനിച്ച മാവോ, 13വയസിൽ വീട് വിട്ടിറങ്ങി. 1911ൽ ക്വിങ് രാജവംശത്തിനെതിരെ സമരം ചെയ്യുന്ന വിപ്ലവസേനയിൽ അംഗമായി. അന്ന് മനസ്സിൽ ഉറച്ച ചിന്തയാണ് വിപ്ലവം തോക്കിൻ കുഴലിലൂടെയാണ് വരിക എന്ന പിൽക്കാലത്ത് പ്രസിദ്ധമായ മുദ്രാവാക്യം. 1918ൽ സൈന്യം വിട്ട മാവോ, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗമായി.
ഉപരിപഠനം നടത്താനായി ബീജിംഗിലെത്തിയ മാവോ വിദ്യാർഥികളെ സംഘടിപ്പിക്കാനാണ് സമയം ചെലവഴിച്ചത്. അവരൊക്കെ പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അണികളായി.
1921 ആയപ്പോഴേക്കും മാർക്സിസമാണ് ചൈനയുടെ വിമോചനത്തിൻ്റെ മാർഗം എന്ന വിശ്വാസത്തിൽ എത്തിച്ചേർന്നു. 1921 ജൂലായിൽ നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഥമ കോൺഗ്രസിൽ അദ്ദേഹം പങ്കെടുത്തു.
1924 മുതൽ സൺ യാറ്റ് സെന്നിൻ്റെ നേതൃത്വത്തിലും 1925 മുതൽ ചിയാങ് കൈ ഷെക്കിൻ്റെ നേതൃത്വത്തിലുമുള്ള നാഷണലിസ്റ്റ് പാർട്ടിയുമായി സഹകരിച്ച് പ്രവർത്തിച്ച മാവോ, 1930ൽ ബന്ധമുപേക്ഷിച്ച് ജിയങ്ക്സിയിലെ തൻ്റെ തട്ടകത്തിലേക്ക് മടങ്ങി. 1934ൽ നാഷണലിസ്റ്റ് ശക്തികൾ ആദ്യഭാര്യയെ കൊലചെയ്തിട്ടും മാവോ കുലുങ്ങിയില്ല.
ജീവിതത്തിലെ 22 വര്ഷം കർഷകരെ സംഘടിപ്പിച്ച് ഗ്രാമങ്ങളിൽ വസിച്ച മാവോ വർഷങ്ങൾ നീണ്ട തൻ്റെ പ്രസിദ്ധമായ ലോങ് മാർച്ച് തുടങ്ങുന്നത് 1934ലാണ് .
1938 ആയപ്പോഴേക്കും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ചൈനയുടെ പാരമ്പര്യങ്ങളും സാഹചര്യങ്ങളും അനുസരിച്ച് പുന:സംഘടിപ്പിക്കേണ്ടതിൻ്റെ അനിവാര്യത മാവോക്ക് ബോധ്യമായി.
1943 ആയപ്പോഴേക്കും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയേറ്റ്, പോളിറ്റ് ബ്യൂറോ എന്നിവയുടെ ചെയർമാനായ മാവോ പാർട്ടിയുടെ പരമാധികാരിയായി മാറി. അധികാരം പിടിച്ച മാവോ 1949 ഡിസംബറിൽ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ചെയർമാൻ ( രാഷ്ട്രത്തലവൻ)
പദവി ഏറ്റെടുത്തു. 1957-58 കാലത്താണ് ചൈനയുടെ ഭാവി നിർണ്ണയിച്ച ഗ്രേറ്റ് ലീപ് ഫോർവേർഡ് പ്രസ്ഥാനം ആരംഭിച്ചത്. 1963 ആയപ്പോഴേക്കും സോവിയറ്റ് യൂണിയനുമായുള്ള ബന്ധം ഉപേക്ഷിച്ച് ചൈന മാവോ നിർണയിച്ച സ്വന്തം പാതയിൽ നടക്കാൻ തുടങ്ങി. 1966ലാണ് ചൈനയുടെ സാമ്പത്തികസുരക്ഷിതത്വം അപ്പാടെ തകർത്ത കുപ്രസിദ്ധമായ കൾച്ചറൽ റെവലൂഷന് മാവോ തുടക്കം കുറിച്ചത്. വലംകൈയായ പ്രധാനമന്ത്രി ചൗ എൻ ലായിയാണ് സാവധാനം ചൈനയെ കരകയറ്റാൻ നേതൃത്വം നൽകിയത്.
1976 ജൂണിൽ ചൗ എൻ ലായിയും സെപ്റ്റംബറിൽ മാവോയും അന്തരിച്ചു.
ആധുനിക സാമ്പത്തിക നയങ്ങൾ ചൈനീസ് സാഹചര്യങ്ങൾക്ക് അനുസൃതമായി രൂപപ്പെടുത്തിയ ഡെങ് സിയാവോ പിംഗ് ആണ് ആധുനിക ചൈനയുടെ ശില്പി. അതിവേഗം വളരുന്ന ചൈന ഇന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയാണ് .
ഇന്ത്യ സ്വതന്ത്രമായതോടെ, തന്നെയും ചീനയെയും അപേക്ഷിച്ച് പ്രധാനമന്ത്രി നെഹ്റു ലോകരാഷ്ട്രങ്ങളുടെ ഇടയിൽ നേടിയ വലിയ ജനസമ്മതിയാണ് 1962ലെ ഇന്ത്യ ചൈന യുദ്ധത്തിലേക്ക് മാവോയെ നയിച്ചത് എന്നാണ് കരുതപ്പെടുന്നത് . ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കുക എന്ന മാവോയുടെ ലക്ഷ്യം വിജയിക്കുകയും ചെയ്തു എന്നത് ചരിത്രം.
– ജോയ് കള്ളിവയലിൽ.

Version 1.0.0

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *