#ഓർമ്മ
ക്രൂഷ്ചേവ്.
സ്റ്റാലിനുശേഷം സോവിയറ്റ് യൂണിയൻ്റെ പരമാധികാരിയായിരുന്ന നികിത ക്രൂഷ്ചേവിൻ്റെ (1894- 1971) ചരമവാർഷികമാണ്
സെപ്റ്റംബർ 11.
റഷ്യൻ വിപ്ലവകാലത്തുതന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന ക്രൂഷ്ചേവ് പടിപടിയായി ഉയർന്നുവന്നു.
1938ൽ സ്റ്റാലിൻ ഉക്രൈൻ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയാക്കി കീവിലേക്ക് അയച്ചു. 1949 വരെ ആ സ്ഥാനത്ത് തുടർന്നു. 1939ൽ പാർട്ടി പ്രസീഡിയം അംഗമായ ക്രൂഷ്ചേവ് 1964 വരെ തുടർന്നു.
സ്റ്റാലിൻ്റെ മരണശേഷം ചടുലമായ തന്ത്രങ്ങളിലൂടെ സ്റ്റാലിൻ്റെ കിങ്കരനായ കെ ജി ബി ( രഹസ്യ പോലീസ്) തലവൻ ബറിയയെ വധിച്ച് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം സെക്രട്ടറിയായി. അടുത്തവർഷം മന്ത്രിസഭയുടെ ചെയർമാനുമായി.
1956ലെ പാർട്ടി കോൺഗ്രസിൽ സ്റ്റാലിൻ്റെ കൊടുംക്രൂരതകൾ വെളിപ്പെടുത്തി ലോകത്തെ ഞെട്ടിച്ചു.
ഗുലാഗ് പോലുളള തടങ്കൽപാളയങ്ങൾ നിർത്തൽ ചെയ്തു. എന്നാൽ പള്ളിയോടുള്ള എതിർപ്പ് തുടർന്നു.
1962ൽ സ്റ്റാലിൻ്റെ ക്രൂരതകൾ വിവരിക്കുന്ന
സോൾസെനിട്‌സിൻ്റെ വിഖ്യാതമായ ‘ഇവാൻ ഡെനിസോവിച്ചിൻ്റെ ഒരു ദിവസം’ എന്ന നോവൽ പ്രസിദ്ധീകരിക്കാൻ അനുവാദം നൽകിയത് ക്രൂഷ്ചേവാണ്.
ബഹിരാകാശഗവേഷണത്തിൽ അമേരിക്കയെ കടത്തിവെട്ടി 1959ൽ സ്പുട്നിക് വിക്ഷേപിച്ച ക്രൂഷ്ചേവ് ടൈം മാസികയുടെ ‘മാൻ ഓഫ് ദി ഇയർ’ ആയി.
കാർഷികവിപ്ലവം നയിച്ച ഈ പ്രധാനമന്ത്രി സോവിയറ്റ് യൂണിയനെ ഭക്ഷ്യ സ്വയംപര്യാപ്തതയിൽ എത്തിച്ചു.
1962ൽ ക്യൂബയിൽ നുക്ലിയർ മിസൈൽ സ്ഥാപിക്കാനുള്ള ശ്രമത്തിൽനിന്ന് കെന്നഡിയുടെ മുന്നറിയിപ്പിനെത്തുടർന്ന് പിൻവാങ്ങേണ്ടിവന്നത് വലിയ നാണക്കേടായി. 1964 ൽ അധികാരത്തിൽ നിന്ന് പുറന്തള്ളപ്പെട്ടു.
അടിക്കുറിപ്പ്:
സോവിയറ്റ് യൂണിയനിൽ പ്രസിദ്ധമായ ഒരു കഥയുണ്ട്. പാർട്ടി കോൺഗ്രസിൽ സ്റ്റാലിൻ്റെ ക്രൂരതകൾ വിവരിക്കവെ സദസ്സിൽ നിന്ന് ഒരംഗം വിളിച്ചുചോദിച്ചു. അപ്പൊൾ സഘാവ് എവിടെയായിരുന്നു?
ആരാണ് അത് ചോദിച്ചത്? ക്രൂഷ്ചേവിൻ്റെ ചോദ്യത്തിന് പരിപൂർണ നിശ്ശബ്ദതയായിരുന്നു ഉത്തരം.
ക്രൂഷ്ചേവ് പറഞ്ഞു : അന്ന് ആ കസേരയിലായിരുന്നു ഞാൻ ഇരുന്നിരുന്നത്.
( ‘ക്രൂഷ്ചേവ് ഓർമ്മിക്കുന്നു’ എന്ന പുസ്തകം സ്റ്റാലിൻ്റെ കാലത്തെ സോവിയറ്റ് യൂണിയൻ്റെ അറിയപ്പെടാത്ത രഹസ്യങ്ങൾ ലോകത്തിൻ്റെ മുമ്പിൽ വെളിപ്പെടുത്തി).
– ജോയ് കള്ളിവയലിൽ.





