#ഓർമ്മ
ഫിറോസ് ഗാന്ധി.
ഫിറോസ് ഗാന്ധിയുടെ (1912-1960) ചരമവാർഷികദിനമാണ് സെപ്റ്റംബർ 8.
ബോംബെയിൽ ഒരു പാഴ്സി കുടുംബത്തിൽ ജനിച്ച ഫിറോസ്, ഡോക്ടറായ അമ്മാവിയുടെ കൂടെ ജീവിക്കാൻ അലഹബാദിൽ എത്തിയത് ജീവിതത്തിൽ വഴിത്തിരിവായി മാറി.
1930ൽ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായത് നെഹ്‌റു കുടുംബവുമായി, പ്രത്യകിച്ചു കമലാ നെഹ്‌റുവുമായുള്ള ഉറ്റ സൗഹൃദത്തിന് വഴിവെച്ചു. രോഗിയായ കമലയെ പരിചരിക്കുന്നതിൽ ബദ്ധശ്രദ്ധനായതോടെ ഇന്ദിരയുമായും അടുപ്പത്തിലായി.
1934ലും 1935ലും യൂറോപ്പിൽ ചികിത്സക്ക് പോയ കമലയെ ഫിറോസ് അനുഗമിച്ചു. ഇന്ദിരയും ഫിറോസും പ്രണയബദ്ധരായി. ഇന്ദിര ഇംഗ്ലണ്ടിൽ പഠിക്കാനെത്തിയതോടെ രണ്ടുപേരും ഒന്നിച്ചു ജീവിക്കുന്ന സ്ഥിതി വരെയായി.
നെഹ്‌റു കുടുംബത്തിന്റെ കടുത്ത എതിർപ്പ് മറികടന്ന് 1942ൽ അവർ വിവാഹിതരായി.
സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഫിറോസ്, നെഹ്രുവിന്റെ പത്രമായ നാഷണൽ ഹെറാൾഡിന്റെ മാനേജിങ് ഡയറക്ടറായി.
1950ലെ ഇടക്കാല പാർലമെൻ്റിൽ അംഗമായ ഫിറോസ് 1952 മുതൽ മരണം വരെ റായ്ബറേലിയിൽ നിന്നുള്ള എം പിയായിരുന്നു.
പാർലിമെന്റിൽ അഴിമതിക്കെതിരെ കുരിശുയുദ്ധം നയിച്ച ഫിറോസ് ശ്രദ്ധേയനായി.
1958ൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ട നടപടിയെ ഫിറോസ് ശക്തിയുക്തം എതിർത്തു. 1955ൽ ഡാൽമിയ അഴിമതി വെളിച്ചത്തു കൊണ്ടുവന്നത് അദ്ദേഹമാണ്. 1958ൽ മുന്ധ്രാ കുംഭകോണം പുറത്തുകൊണ്ടുവന്നതിനെത്തുടർന്ന് നെഹ്രുവിന്റെ വിശ്വസ്തനായ മന്ത്രി ടി ടി കൃഷ്ണമാചാരിക്ക് രാജിവെക്കേണ്ടി വന്നു. പിന്നീട്
ഇന്ദിരാഗാന്ധിയുമായി രാഷ്ട്രീയമായും വ്യക്തിപരമായും ഫിറോസ് അകന്നു. താരകേശ്വരി സിൻഹ, സുഭദ്ര ജോഷി തുടങ്ങി അനേകം സ്ത്രീകൾ ഫിറോസിന്റെ ആകർഷണവലയത്തിൽപ്പെട്ടതും ഒരു കാരണമായി.
1960ൽ ഹൃദ്രോഗംമൂലം ദില്ലിയിൽ മരണമടഞ്ഞ ഫിറോസ് അലഹബാദിലെ ഒരു പാഴ്സി ശ്മശാനത്തിൽ അന്ത്യവിശ്രമം കൊള്ളുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized