പുഴയോര കയ്യേറ്റങ്ങൾ.
വയനാട്ടിലെ വലിയ പ്രകൃതിദുരന്തം നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു പാഠമുണ്ട്.
നൂറ്റാണ്ടുകളായി ഒഴുകുന്ന പുഴകളുടെ വഴി തടയാൻ ശ്രമിക്കരുത്. വർഷങ്ങളോളം വലിയ വെള്ളപ്പൊക്കം ഒന്നുമുണ്ടാകാതെ വരുമ്പോൾ മനുഷ്യർ പ്രകൃതിയുടെ ശക്തി മറന്നുപോകുന്നു. പുഴയുടെ തീരങ്ങളിൽ സാവധാനം കൃഷിയും ചിലയിടങ്ങളിൽ കെട്ടിടങ്ങളും വീടുകളും പതിയെപ്പതിയെ ഉയരുന്നു. പെട്ടെന്ന് ഒരു ദിവസം പ്രകൃതി അതിൻ്റെ സംഹാരശേഷി വെളിയിലെടുക്കുമ്പോൾ നമ്മൾ ഞെട്ടിവിറക്കുന്നു. അലമുറയിട്ട് കരയുന്നു.
താഴെയുള്ള ചിത്രങ്ങൾ 2018ലെ പ്രളയസമയത്ത് ഇടുക്കി ചെറുതോണി ഡാമിൻ്റെ എല്ലാ ഷട്ടറുകളും തുറന്ന് വെള്ളം ഒഴുക്കിയതിന് ശേഷമുള്ള പെരിയാറിൻ്റെ തീരമാണ്.
പുഴ അതിന്റെ പഴയ വീതി തിരികെയെടുത്തു. പഴയ കരകൾക്കു രൂപം കൊടുത്തു.
ഇടുക്കി പദ്ധതി കമ്മീഷൻ ചെയ്യുന്നത് 1976ലാണു് .
1973ൽതന്നെ ഡാമിന്റെ അഞ്ചു ഷട്ടറുകളും തുറന്നാൽ പുഴയിൽ ഉയരുന്ന വെള്ളത്തിന്റെ ലെവൽ അടയാളപ്പെടുത്തീയ ബോർഡുകൾ സ്ഥാപിച്ചിരുന്നതായി കാണാം.
2013ൽ ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നത് കാണാൻ ഞങ്ങൾ ഏതാനും എഞ്ചിനീയർമാർ പോയിരുന്നു.
അന്നുപോലും പുഴയോരത്ത് കാര്യമായ കയ്യേറ്റങ്ങൾ ഇല്ലായിരുന്നു.
ചുരുക്കം ചില കടകൾ മാത്രം ഉണ്ടായിരുന്ന ചെറുതോണി കവല അതിനുശേഷം ബാർ ഹോട്ടൽ, ബഹുനില കെട്ടിടങ്ങൾ, പുഴയോരം നികത്തി ബസ് സ്റ്റാൻഡ്, ജില്ലാ പഞ്ചായത്ത് ആസ്ഥാനം എന്നുവേണ്ട വലിയ പട്ടണമാക്കി മാറിയത് ഇലക്ട്രിസിറ്റി ബോർഡ്, റവന്യൂ, പഞ്ചായത്ത്, പി ഡബ്ലൂ ഡി, രാഷ്ട്രീയപാർട്ടികൾ, ജനപ്രതിനിധികൾ എല്ലാവരുടെയും ഒത്താശയോടെയാണ്.
ഇതിലേറെ ഭീതിദമാണ് വയനാട്ടിലെ കാഴ്ച. ചെറുപട്ടണം മാത്രമല്ല, ഹൈസ്കൂൾ വരെ നദീതീരത്ത് ഉയർന്നു.
മുല്ലപ്പെരിയാർ ഡാമിൻ്റെ താഴെ വള്ളക്കടവിൽ പുഴനിരപ്പിന് തൊട്ടു ചേർന്ന് വരെ വീടുകൾ കാണാം.
സര്ക്കാര് അടിയന്തിരമായി ചെയ്യേണ്ട ഒരു കാര്യം കേരളത്തിലെ മുഴുവൻ നദികളുടെയും പുഴകളുടെയും തോടുകളുടെയും പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി ബോർഡുകൾ സ്ഥാപിക്കുക എന്നതാണ്. പുറമ്പോക്ക് കയ്യേറിയവരെ മാറ്റി പാർപ്പിക്കാൻ പദ്ധതി കൂടി ഉണ്ടാവണം.
ഇനി ഒരു ദുരന്തം ഉണ്ടാകാതെയിരിക്കണമെങ്കിൽ പൊതുസമൂഹം കണ്ണിൽ എണ്ണയൊഴിച്ചു നോക്കിയിരുന്ന് പ്രതികരിക്കുക തന്നെ വേണം. ഭാവി തലമുറക്ക് നമുക്ക് നൽകാൻ കഴിയുന്ന ഒസ്യത്ത് അത് മാത്രമാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized