#ഓർമ്മ
പി എൻ മേനോൻ.
പി എൻ മേനോൻ്റെ (1926-2008) ഓർമ്മദിവസമാണ്
സെപ്റ്റംബർ 9.
മലയാളസിനിമയുടെ ചരിത്രത്തിൽ മറക്കാനാവാത്ത
സംഭാവനകൾ നൽകിയ സംവിധായകനാണ് പാലിശേരി നാരായൺകുട്ടി മേനോൻ.
വടക്കാഞ്ചേരിയിൽ നിന്നു മദ്രാസിലെത്തി കലാപഠനം നടത്തിയ മേനോന് ജോലിയൊന്നും കിട്ടിയില്ല. അക്കാലത്ത് തമിഴിലെ പ്രധാന സിനിമാനിർമ്മാണകേന്ദ്രമായ സേലത്തെത്തി ഒരു പെയിൻ്ററായി ജോലിക്ക് കയറി.
പിന്നീട് മദ്രാസിൽ തിരിച്ചെത്തിയ മേനോന് പ്രസിദ്ധ നിർമ്മാതാവായ ബി നാഗിറെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ഒരു മാസികയുടെ കവർപേജ് വരക്കാൻ അവസരം കിട്ടി. 1951ൽ
നാഗിറെഡ്ഡി വാഹിനി സ്റ്റുഡിയോ വാങ്ങിയപ്പോൾ പി എൻ മേനോൻ അവിടെ സെറ്റ് പെയിൻ്ററായി . സാവധാനം കലാസംവിധായകനായി ഉയർന്നു.
പാറപ്പുറത്തിൻ്റെ നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന നോവൽ സിനിമയാക്കിയപ്പോൾ മേനോന് അതിൻ്റെ കലാസംവിധാനം നിർവഹിക്കാൻ അവസരം ലഭിച്ചു.
സംവിധായകൻ എന്നനിലയിൽ ആദ്യത്തെ ചിത്രമായ റോസി ( 1965) തന്നെ ശ്രദ്ധേയമായി. അതുവരെ സ്റ്റുഡിയോ സെറ്റുകളിൽ ഒതുങ്ങിയിരുന്ന ചിത്രീകരണം മേനോൻ പുറത്തേക്ക് കൊണ്ടുവന്നു. ഇന്ന് പക്ഷെ റോസി ഓർമ്മിക്കപ്പെടുന്നത് ജോബ് മാസ്റ്റർ സംഗീതം നൽകിയ ‘അല്ലിയാമ്പൽ കടവിലന്നരയ്ക്കുവെള്ളം.. ‘ എന്ന അനശ്വരഗാനത്തിലൂടെയാവും.
എം ടി യുടെ കഥയെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥ എഴുതി പി എൻ മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും (1970) എന്ന ചിത്രം മലയാളസിനിമയിലെ ഒരു നാഴികക്കല്ലായി മാറി .
മേനോൻ്റെ ഏറ്റവും നല്ല ചിത്രം ഒരുപക്ഷെ എം ടിയുടെ തന്നെ കഥയായ കുട്ട്യേടത്തി ആയിരിക്കും.
മലയാറ്റൂർ രാമകൃഷ്ണൻ എഴുതിയ കഥയെ ആസ്പദമാക്കി മലയാളനാട് പത്രാധിപർ എസ് കെ നായർ നിർമ്മിച്ച ചെമ്പരത്തി എന്ന സിനിമയാണ് പി എൻ മേനോൻ്റെ ഏറ്റവും സാമ്പത്തികവിജയം നേടിയ ചിത്രം. മലയാറ്റൂരിൻ്റെ ഗായത്രി സിനിമയാക്കിയപ്പോഴും സംസ്ഥാന അവാർഡ് നേടി.
സിനിമാപോസ്റ്റർ രചന ഒരു വലിയ കലയാക്കി മാറ്റിയ ചിത്രകാരനാണ് പി എൻ മേനോൻ. പോസ്റ്റർ രചനയിലും സംവിധാനത്തിലും മേനോൻ്റെ പിൻഗാമിയായി സഹോദരപുത്രൻ ഭരതൻ.
2001ൽ പരമോന്നത ബഹുമതിയായ ജെ സി ഡാനിയൽ പുരസ്കാരം നൽകി സംസ്ഥാനം ഈ വിശ്രുതകലാകാരനെ ആദരിച്ചു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized