#ഓർമ്മ
നസ്രത്തിലെ മറിയം.
ലോകമാസകലമുള്ള ക്രിസ്തുമതവിശ്വാസികൾ യേശുവിന്റെ മാതാവായ മറിയത്തിന്റെ ജന്മദിനമായി ആചരിക്കുന്ന ദിവസമാണ് സെപ്റ്റംബർ 8.
ഗലീലിയിലെ ഒരു യഹൂദകുടുംബത്തിൽ ജോവാക്കിമിന്റെയും അന്നയുടെയും മകളായി ജനിച്ച മേരിയെ, ദൈവപുത്രന് ഭൂമിയിൽ മനുഷ്യനായി ജന്മം നൽകാനുള്ള മാതാവായി തെരഞ്ഞെടുത്തു എന്നാണ് വിശ്വാസം. ബൈബിളും ഖുർആനും മറിയത്തെ കന്യകയായി ബഹുമാനിക്കുന്നു.
തച്ചനായ ജോസഫിന്റെ ഭാര്യ യേശുവിനു ജന്മം നൽകിയത് ഒരു പുൽക്കൂട്ടിലാണ്. പരസ്യജീവിതം ആരംഭിക്കുന്നതു വരെ, ജോസഫിന്റെയും മേരിയുടെയും മകനായി വളർന്ന യേശുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളിലെല്ലാം മറിയത്തിന്റെ സാന്നിധ്യം ബൈബിൾ വിവരിക്കുന്നു.
കുരിശിൽ മരിച്ച യേശുവിനെ ഇറക്കി മടിയിൽ കിടത്തിയ
നിലയിലുള്ള മൈക്കിളാഞ്ചേലോയുടെ പിയെത്ത, ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ശില്പമാണ്.
ആദിമനൂറ്റാണ്ടുകൾ മുതൽ മഡോണ (അമ്മ ), ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. വിശ്വപ്രസിദ്ധമായ നൂറുകണക്കിന് പെയിന്റിംഗുകൾ മറിയത്തെ അനശ്വരയാക്കുന്നു.
ലോകജനസംഖ്യയിലെ പകുതിയോളം വരുന്ന ക്രൈസ്തവർ ദിവസേന
” എത്രയും ദയയുള്ള മാതാവേ ” എന്ന പ്രാർഥന ചൊല്ലുന്നു. മറിയത്തിൻ്റെ അനേകം വിശേഷണങ്ങളോടെയുള്ള ലുത്തിനിയ പ്രസിദ്ധമാണ്.
സെപ്റ്റംബർ 1 മുതൽ 8 വരെ ആചരിക്കുന്ന എട്ടു നോമ്പ് സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിലെ പ്രസിദ്ധമായ പാരമ്പര്യമാണ്.
എല്ലാ ദിവസവും കത്തോലിക്കർ മറിയത്തോട് പ്രാർഥിക്കുന്നു, ” ഓരാ പ്രൊ നോബിസ്” – ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
2023ൽ ഭാര്യ ശശികലയുമൊത്ത് ലോകപ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രങ്ങളായ ഫ്രാൻസിലെ ലൂർദ്ദ്, പോർച്ചുഗലിലെ ഫാത്തിമ, ബോസ്നിയയിലെ മജുഗോറ, വത്തിക്കാനിലെ പിയത്ത ശില്പം, റോമിലെ മാതാവിൻ്റെ കത്തീഡ്രൽ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു പ്രാർഥിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ സുരഭില നിമിഷങ്ങളാണ്.





