ഡാറാ സ്മെയിൽ കമ്പനി

#കേരളചരിത്രം

ഡാറാ സ്മെയിൽ കമ്പനി.

ഇന്ത്യയിലെ ആദ്യത്തെ കയർ ഫാക്ടറിയാണ് ആലപ്പുഴയിലെ ഡാറാ സ്‌മെയിൽ കമ്പനി.

1859ൽ ജയിംസ് ഡാറാ എന്ന ഐറിഷ് അമേരിക്കൻ സായിപ്പാണ് കമ്പനി തുടങ്ങിയത്. മറ്റൊരു വിദേശിയായ സ്മെയിൽ ആയിരുന്നു പങ്കാളി.
പുരാതനകാലം മുതൽ കേരളത്തിലെ കയർ ലോകരാജ്യങ്ങളിൽ മുഴുവൻ പ്രസിദ്ധമായിരുന്നു. കപ്പൽ നിർമ്മാണത്തിനും മറ്റും അന്ന് അത് ഒഴിച്ചുകൂടാനാകാത്ത ഒരു വസ്തുവായിരുന്നു.
ആലപ്പുഴ തുറമുഖത്തിൻ്റെ വികസനത്തോടെ ആലപ്പുഴയും പരിസരപ്രദേശങ്ങളും കയർ വ്യവസായത്തിൻ്റെ സിരാകേന്ദ്രമായി വളർന്നു. ഡാറാ സ്മെയിൽ , വോൾക്കാർട്ട് ബ്രദേഴ്സ്, വില്ല്യം ഗുഡെക്കർ ആൻഡ് സൺ തുടങ്ങിയ കമ്പനികളിൽ പതിനായിരക്കണക്കിന് തൊഴിലാളികളാണ് അക്കാലത്ത് ജോലി ചെയ്തിരുന്നത്. കയർ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ ഉണ്ടായത്.
കൊച്ചി തുറമുഖം വളർന്നതോടെ ആലപ്പുഴ പട്ടണം തളർന്നു.
സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം വിദേശ ഉടമകൾ ഫാക്ടറികൾ വിറ്റ് സ്വദേശങ്ങളിലേക്ക് മടങ്ങി. വോൾക്കാർട്ട് ബ്രദേഴ്സ് വാങ്ങിയത് തിരുവിതാംകൂർ രാജകുടുംബമാണ്. ആലപ്പി കമ്പനി ഉടമയായ പ്രമുഖ വ്യവസായി രവി കരുണാകരനാണ് ഗുഡെക്കർ കമ്പനി വാങ്ങിയത്.
പ്രമുഖ പ്ലാൻ്റർമാരായ പൊട്ടംകുളം , കള്ളിവയലിൽ കുടുംബങ്ങൾ ഡാറാ സ്മെയിലിൻ്റെ പുതിയ ഉടമകളായി . ഡാറാ സ്‌മെയിലിൻ്റെ ആലപ്പുഴയിലെ കയർ ഫാക്ടറി 1957ൽ വി ഓ വക്കൻ കമ്പനി ഏറ്റെടുത്തു.
1961 മുതൽ പൊട്ടംകുളം കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കൊച്ചി ആസ്ഥാനമായ ഡാറാ സ്മെയിൽ.
ഒരുകാലത്ത് ന്യൂയോർക്കിൽ വരെ ഓഫീസുള്ള വൻകിട കയറ്റുമതി കമ്പനിയായിരുന്നു അത്. പുതിയ ഉൽപന്നങ്ങൾ വന്നതോടെ പരമ്പരാഗത വ്യവസായമായ കയർ അപ്പാടെ തകർന്നു.
എന്നാൽ പുതിയ സാങ്കേതികവിദ്യകൾ സ്വീകരിച്ച് കയർ ഒരു ഉയർത്തെഴുനേൽപ്പിൻ്റെ പാതയിലാണ്. തൊണ്ട് അഴിയിച്ച് ചകിരി നാര് ഉണ്ടാക്കിയിരുന്ന സ്ഥാനത്ത് ഇന്ന് പച്ചച്ചകരിയിൽ നിന്ന് നാരെടുത്ത് മെഷീനുകളിൽ നെയ്യുന്നു.
കയർ ഭൂവസ്ത്രങ്ങൾക്ക് നിർമ്മാണരംഗത്ത് വലിയ സാധ്യതകൾ ഉണ്ട്. പുതിയ കയർ ഉൽപന്നങ്ങൾക്ക് വിദേശത്ത് പ്രിയം ഏറിവരികയാണ് എന്നത് ആശ്വാസകരമായ കാര്യമാണ്.
– ജോയ് കള്ളിവയലിൽ.

അടിക്കുറിപ്പ്:

ഡാറാ സ്മെയ്ൽ കമ്പനിയെപ്പറ്റി ഞാൻ ആദ്യം കേൾക്കുന്നത് 60 വര്ഷം മുൻപ് അമ്മാവൻ പറഞ്ഞ ഒരു കഥയാണ്. ആലപ്പുഴയിൽ നടന്ന പ്രമാദമായ ഒരു കൊലക്കേസിൽ വൃദ്ധനായ ഒരു തൊഴിലാളി സാക്ഷിയായി. കൊല നടന്ന സമയം ഇത്ര കൃത്യമായി എങ്ങനെ അറിഞ്ഞു എന്നാണ് ജഡ്ജിയുടെ സംശയം.
ഡാറാൻ്റെ കൊമ്പ് (syren) പിന്നെ xxx…നാണോ എന്നായിരുന്നു തൻ്റെ സത്യസന്ധത ചോദ്യം ചെയ്ത ജഡ്ജിക്ക് വൃദ്ധൻ കൊടുത്ത മറുപടി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *