ഓ ചന്തു മേനോൻ

#ഓർമ്മ

ഓ ചന്തുമേനോൻ.

ഒയ്യാരത്ത് ചന്തുമേനോൻ്റെ (1847-1899) ചരമവാർഷികദിനമാണ്
സെപ്റ്റംബർ 7.

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലിൻ്റെ രചയിതാവ് എന്നതാണ് ചന്തുമേനോൻ്റെ നിതാന്തയശസ്സ്.
ബ്രിട്ടീഷ് മലബാറിൽ തഹസീൽദാരായിരുന്നു അച്ഛൻ ചന്തു നായർ. ബേസൽ മിഷൻ നടത്തിയിരുന്ന തലശേരി പാർസി സ്കൂളിൽ പഠിച്ച ചന്തുമേനോൻ, അൺകവനൻ്റട് സിവിൽ സർവീസ് പരീക്ഷ ഉന്നതനിലയിൽ ജയിച്ച് 1846ൽ തലശേരിയിൽ ആറാം ഗുമസ്ഥനായി ജോലി നേടി. പടിപടിയായി ഉദ്യോഗക്കയറ്റം നേടിയ മേനോനെ മലബാർ കലക്ടർ ആയിരുന്ന വില്യം ലോഗൻ, ഹജൂർ ആപ്പീസിൽ പോലീസ് മുൻഷിയായി നിയമിച്ചു. 1892 മുതൽ മരണം വരെ സബ് ജഡ്ജിയായിരുന്നു ചന്തുമേനോൻ.
ഇംഗ്ലീഷ് നോവലുകൾ വായിച്ച് രസിക്കുമ്പോൾ കഥ പറഞ്ഞുകൊടുക്കാൻ നിർബന്ധിക്കുന്ന ഭാര്യക്ക് വേണ്ടിയാണ് 1889ൽ ഇന്ദുലേഖ എഴുതുന്നത്. സാമൂഹ്യപരിഷ്കരണം, പ്രത്യേകിച്ച് സ്ത്രീവിദ്യാഭ്യാസം എന്ന ലക്ഷ്യംകൂടി അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്ന് നോവൽ വായിക്കുന്ന ആർക്കും മനസ്സിലാകും. നോവലിലെ കഥാപാത്രങ്ങളായ ഇന്ദുലേഖ, മാധവൻ, സൂരി നമ്പൂതിരിപ്പാട് തുടങ്ങിയ കഥാപാത്രങ്ങൾ ഇന്നും വായനക്കാർ മനസ്സിൽ സൂക്ഷിക്കുന്നവരാണ്.
1891ൽ ശാരദ എന്ന നോവൽ എഴുതിത്തുടങ്ങിയെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
ജീവിതത്തിലെ ദീപ്തമായ ഒരു സംഭവം, ഒരു കല്യാണസദ്യക്കിടയിൽ ‘ചക്കരക്കുടത്തിൽ കയ്യിട്ടാൽ നക്കാത്തവർ ആരുണ്ട് ?’എന്ന് ഒരാൾ പറഞ്ഞപ്പോൾ ഉണ്ട കയ്യുമായി ചാടി എഴുന്നേറ്റു ‘ഞാനുണ്ട് ‘ എന്ന് ആക്രോശിച്ച ചന്തുമേനോനാണ്.
കോടതി പരിസരത്ത് പരിപൂർണ്ണ നിശബ്ദത വേണം എന്ന ഒരു ബ്രിട്ടീഷ് ജഡ്ജിയുടെ ധാർഷ്ട്യത്തിനു മറുപടിയായി ഒരു കേസിൽ കഴിവ് തെളിയിക്കാനായി കോടതിയിൽ ചെണ്ട കോട്ടിച്ച ചരിത്രവുമുണ്ട്.

അഴിമതിയില്ലാത്ത സര്ക്കാര് ഉദ്യോഗസ്ഥർക്ക് എക്കാലവും മാർഗ്ഗദീപമായ മഹാനാണു് മലയാളത്തിൽ നോവൽ ശാഖക്ക് തുടക്കമിട്ട ചന്തു മേനോൻ.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *