#ഓർമ്മ
ഡോക്ടർ കെ ബി മേനോൻ.
ഡോക്ടർ കെ ബി മേനോൻ്റെ (1897-1967) ചരമവാർഷികദിനമാണ് സെപ്റ്റംബർ 6.
ബ്രിട്ടീഷ് ഇന്ത്യയിൽ മുൻസിഫ് ആയിരുന്ന വെങ്ങാലിൽ രാമൻ മേനോൻ്റെ മകനായി ജനിച്ച കോന്നാനാത്ത് ബാലകൃഷ്ണമേനോൻ, ബോംബേ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദമെടുത്തശേഷം ഹൈദരബാദിലെ നൈസാം കോളേജിൽ അധ്യാപകനായി. സ്കോളർഷിപ്പോടെ അമേരിക്കയിൽ ഉപരിപഠനം നടത്തിയ മേനോൻ, കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച്ച് ഡി നേടി പ്രശസ്തമായ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ അധ്യാപകനായി. അമേരിക്കയിൽ ഉപരിപഠനത്തിനായി എത്തിയ ജയപ്രകാശ് നാരായനുമായുണ്ടായ സൗഹൃദം ജോലി ഉപേക്ഷിച്ച് തിരിച്ച് ഇന്ത്യയിലെത്തി സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായാകാൻ പ്രേരകമായി. നെഹ്റു നേതൃത്വം നൽകിയ ഓൾ ഇന്ത്യ സിവിൽ ലിബർട്ടീസ് യൂണിയൻ്റെ സെക്രട്ടറിയായി. 1941 മുതൽ ഒരു വർഷം ഗാന്ധിജിയുടെ വാർധാ ആശ്രമത്തിൽ ചെലവഴിച്ച മേനോൻ, 1942ൽ നാട്ടിൽ തിരിച്ചെത്തി ക്വിറ്റ് ഇന്ത്യാ സമരത്തിന് നേതൃത്വം നൽകി. സമരത്തിലെ പ്രോജ്വലമായ ഒരു അധ്യായമായ കീഴാരിയൂർ ബോംബ് കേസ് ആസൂത്രണം ചെയ്തത് ഡോക്ട്ടർ കെ ബി മേനോനാണ്. ബ്രിട്ടീഷ് സർക്കാരിനെതിരെ 12 സ്ഥലങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ നടന്നു. മത്തായി മാഞ്ഞൂരാൻ ഉൾപ്പെടെ ചിലർ പിടികൊടുക്കാതെ രക്ഷപെട്ടു. ഒന്നാംപ്രതിയായ മേനോന് 10 വര്ഷം കഠിനതടവാണ് വിധിച്ചത്. സ്വാതന്ത്ര്യപ്രാപ്തിയോടെ സോഷ്യലിസ്റ്റുകൾ കോൺഗ്രസ് വിട്ട കൂട്ടത്തിൽ മേനോനും സോഷ്യലിസ്റ്റ് പാർട്ടിയിലായി. 1952ൽ തൃത്താലയിൽനിന്ന് മദ്രാസ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1957 മുതൽ 1962വരെ വടകരയിൽനിന്ന് ലോക്സഭാ അംഗമായി. 1965ലെ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടി എം എൽ എ ആയി. മേനോനെ മുൻനിർത്തി മന്ത്രിസഭ രൂപീകരിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ തയാറായിരുന്നെങ്കിലും സ്വന്തം പാർട്ടിതന്നെ അതിന് തുരങ്കംവെച്ചു. കേരളാ കോൺഗ്രസിനെ കൂടെക്കൂട്ടാൻ കോൺഗ്രസ് തയാറാകാതിരുന്ന തോടെ നിയമസഭ തന്നെ ചാപിള്ളയായി . അന്ത്യകാലം താൻ സ്ഥാപിച്ച തൃത്താല ഹൈസ്കൂളിലെ ഒരു മുറിയിൽ ചെലവഴിച്ച ഡോക്ടർ കെ ബി മേനോൻ എന്ന ഗാന്ധിയൻ സോഷ്യലിസ്റ്റ്, കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് അന്ത്യശ്വാസം വലിച്ചു.
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
അരനൂറ്റാണ്ട് മുൻപ് ഡോക്ടർ കെ ബി മേനോൻ എഴുതിയ “അഴിമതി, അധികാരം, വർഗീയത” എന്ന പുസ്തകമാണ് എന്നെ ആ ക്രാന്തദർശിയുടെ ആരാധകനാക്കി മാറ്റിയത്.


