ക്രേസി ഹോഴ്‌സ്

#ചരിത്രം
#ഓർമ്മ

ക്രേസി ഹോഴ്സ്.

ഇതിഹാസമായ ക്രേസി ഹോഴ്‌സിനെ (1842-1877) അമേരിക്കൻ സൈന്യം കൊല ചെയ്ത ദിവസമാണ് സെപ്റ്റംബർ 5.

യൂറോപ്യൻമാരുടെ അമേരിക്കൻ അധിനിവേശത്തിനെതിരെ തദ്ദേശീയ വർഗ്ഗങ്ങൾ നടത്തിയ ചെറുത്തുനിൽപ്പിൻ്റെ ധീരസ്മരണയാണ് സിയുക്സ് ഗോത്രത്തലവനായിരുന്ന ക്രേസി ഹോഴ്‌സ് ( യഥാർത്ഥ പേര് ടാസിൻകോ വിട്കോ) .
ചെറുപ്പത്തിൽതന്നെ അധിനിവേശത്തെ എതിർത്ത ക്രേസി ഹോഴ്സ്, 23 വയസ്സിൽ ക്യാപ്റ്റൻ വില്യം ഫെറ്റർമാനും 80 പട്ടാളക്കാരും കൊല്ലപ്പെട്ട യുദ്ധത്തിൽ പങ്കാളിയായി.
1868ലെ ഒരു ഉടമ്പടിപ്രകാരം ഗോത്രവർഗ്ഗക്കാർക്ക് ( റെഡ് ഇന്ത്യൻസ് എന്ന് അവരെ വിളിച്ചത് വെള്ളക്കാരായ കുടിയേറ്റക്കാരാണ്) പ്രത്യേകം നിശ്ചയിച്ച സെറ്റിൽമെൻ്റുകളിൽ മാത്രമേ താമസിക്കാൻ അനുവാദമുണ്ടായിരുന്നുള്ളു. പക്ഷേ ക്രേസി ഹോഴ്സും സംഘവും അത് അവഗണിച്ച് കാട്ടിൽ അഭയം തേടി പോരാട്ടം തുടർന്നു.
അവസാനം വടക്കോട്ട് നീങ്ങി ചീഫ് സിറ്റിംഗ് ബുള്ളിൻ്റെ സംഘത്തിൽ ചേർന്നു ലിറ്റിൽ ബിഗ് ഹോൺ നദിയുടെ തീരത്ത് താമസമാക്കി.
1876 ജൂൺ 25ന് നടന്ന ഉഗ്രമായ പോരാട്ടത്തിൽ ലെഫ്റ്റ്നെൻ്റ് കേണൽ ജോർജ് എ കസ്റ്റ്ററിൻ്റെ നേതൃത്വത്തിൽ എത്തിയ ഒരു ബറ്റാലിയൻ പട്ടാളക്കാരെ മുഴുവൻ അവർ കാലപുരിക്കയച്ചു.
നിരന്തരമായ പലായനങ്ങളും കഠിനമായ തണുപ്പും പോരാളികളെ തളർത്തി. 1877 മെയ് 6ന് അവർ നെബ്രാസ്കയിൽ വെച്ച് ജനറൽ കൃക്കിൻ്റെ മുൻപിൽ കീഴടങ്ങി.
റോബിൻസൺ കോട്ടയിൽ തടവിലാക്കിയ ക്രേസി ഹോഴ്സ് ,1877 സെപ്റ്റംബർ 5ന് പട്ടാളക്കാരുടെ കൈകളാൽ കൊലചെയ്യപ്പെട്ടു.
ഇന്ന് കിഴക്കൻ നെബ്രാസ്കയിലെ ബ്ലാക്ക് ഹിൽസ് പർവതനിരയിൽ ക്രേസി ഹോഴ്‌സിൻ്റെ രൂപം കൊത്തിവെച്ചിരിക്കുന്നു. സ്വന്തം ജനതക്ക് വേണ്ടി ജീവൻ ബലി കൊടുക്കേണ്ടിവന്ന ഒരു പോരാളിക്ക് ഉചിതമായ സ്മാരകം.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *