#ചരിത്രം
#ഓർമ്മ
കേശാവാനന്ദഭാരതി.
സ്വാമി കേശവാനന്ദഭാരതിയുടെ (1960-2020) ചരമവാർഷികദിനമാണ് സെപ്റ്റംബർ 6.
ഇന്ത്യൻ ഭരണഘടനയുടെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ വിധി, കാസർഗോഡ് ഇടനീർ മഠത്തിന്റെ ഈ അധിപതിയുടെ പേരിലാണ് അറിയപ്പെടുന്നത് എന്നതാണ് ഇന്ത്യാചരിത്രത്തിൽ അദ്ദേഹത്തിൻ്റെ പ്രസക്തി.
മഠത്തിന്റെ ഭൂമി കേരളസർക്കാർ ഏറ്റെടുക്കുന്നതിന് എതിരെ നൽകിയ കേസ്, ഭരണഘടനയുടെ 24, 25, 26, 29 ഭേദഗതികൾ ചോദ്യംചെയ്തുകൊണ്ടു നല്കപ്പെട്ട നിരവധി കേസുകളിൽ ആദ്യത്തേതായതുകൊണ്ടാണ് കേശാവാനന്ദഭാരതി ചരിത്രത്തിലേക്കു താനറിയാതെ നടന്നുകയറിയത്.
1973 ഏപ്രിൽ 24ന് സുപ്രീംകോടതിയിലെ 15 ജഡ്ജിമാരിൽ 13 പേരും ഉൾപ്പെടുന്ന ബെഞ്ച് വിധി പറയുമ്പോൾ, ഒരു രൂപാ പോലും പ്രതിഫലം വാങ്ങാതെ, നീണ്ട 68 ദിവസം കേസ് വാദിച്ചു ജയിച്ച ലോകപ്രശസ്തനായ അഭിഭാഷകൻ നാനി പാൽക്കിവാലയെ ഈ യുവസന്യാസി കണ്ടിട്ടുകൂടിയില്ലായിരുന്നു.
ഭരണഘടനയുടെ അടിസ്ഥാനസ്വഭാവം മാറ്റാൻ പാർലിമെന്റിനുപോലും അധികാരമില്ല എന്ന അന്തിമവിധിയാണ് കേശവാനന്ദ ഭാരതി കേസിനെ ചരിത്രസംഭവമാക്കി മാറ്റിയത്.
6 ജഡ്ജിമാർ ഇരുവശത്തും അണിനിരന്നപ്പോൾ, പ്രത്യേക വിധിന്യായം എഴുതിയ ജസ്റ്റിസ് എച്ച് ആർ ഖന്നയുടെ തീർപ്പാണ് നിർണ്ണായകമായത്.
നാനി പാൽക്കിവാല, ഫാലി നരിമാൻ, സോളി സൊറബ്ജി തുടങ്ങിയ അതികായർ ഒരുവശത്തും, എച്ച് എം സീർവായി, നിരൻ ഡെ തുടങ്ങിയ പ്രഗത്ഭർ മറുഭാഗത്തും അണിനിരന്ന ഭരണഘടനാ കേസ് പാൽക്കിവാലയുടെ അഭിഭാഷകജീവിതത്തിലെ അനർഘനിമിഷം, എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. വിധി പുനപരിശോധിക്കാൻ പിൽക്കാലത്ത് ചീഫ് ജസ്റ്റിസ് എ എൻ റേ ഒരു ശ്രമം നടത്തിയെങ്കിലും അത് ചാപിള്ളയായി.
പതിറ്റാണ്ടുകൾക്കുശേഷവും ചർച്ചചെയ്യപ്പെടുന്ന ഈ കേസും, വിധിയും, ഇന്ത്യൻ ഭരണഘടന നിലനിൽക്കുന്നിടത്തോളം
കാലം കേശാവാനന്ദഭാരതിയുടെ പേരും അനശ്വരമായി നിലനില്ക്കും.
– ജോയ് കള്ളിവയലിൽ.




