ഓണവും ക്രിസ്ത്യാനികളും 420 വര്ഷം മുൻപ്

#കേരളചരിത്രം

ഓണവും ക്രിസ്ത്യാനികളും
420 വര്ഷം മുൻപ്.

ക്രിസ്തുശിഷ്യനായ തോമാ സ്ഥാപിച്ച കേരളത്തിലെ നസ്രാണി സഭ നൂറ്റാണ്ടുകളോളം ഒരു സ്വതന്ത്ര സഭയായാണ് നില കൊണ്ടത്.
പോർച്ചുഗീസുകാരുടെ ആഗമനത്തോടെ റോമിലെ മാർപാപ്പയുമായും പാശ്ചാത്യ സഭയുമായി ബന്ധം അനിവാര്യമായി.
കേരളത്തിലെ നസ്രാണി സമൂഹത്തിന് ജാതിവ്യവസ്ഥയിൽ ബ്രാഹ്മണർക്ക് തൊട്ടു താഴെ സവിശേഷ സ്ഥാനമാണ് ഉണ്ടായിരുന്നത്. നായർ, നസ്രാണി സമൂഹങ്ങൾ ഏതാണ്ട് സഹോദര സമുദായങ്ങളാണ് ഇടപെട്ട് പോന്നത് . യൂറോപ്പിലെ കടുത്ത കത്തോലിക്കാ പ്രൊട്ടസ്റ്റൻ്റ് വിഭാഗീയതയും ശത്രുതയും കണ്ടു് വളർന്ന പോർച്ചുഗീസ് മെത്രാൻ മേനേസിസിനും കൂട്ടർക്കും ഈ അവസ്ഥ മനസിലാക്കാൻ കഴിഞ്ഞില്ല. നാട്ടിലെ പല ആചാരങ്ങളും ക്രൈസ്തവ വിശ്വാസത്തിന് വിരുദ്ധമാണ് എന്ന് വിലയിരുത്തിയ മെത്രാൻ ഉഡയൻപേരൂർ സൂനഹദോസ് വഴി കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് പ്രബല സമൂഹമായ ഹിന്ദുക്കളുമായുള്ള അടുത്ത ബന്ധം വിശ്ചേദിക്കാൻ ഒരു ശ്രമം നടത്തി.
കൊയ്ത്തുൽസവമായ ഓണം ഒരു ഹിന്ദു ക്ഷേത്രോത്സവം ആണ് എന്ന് കരുതിയ മേനേസിസ് ക്രിസ്ത്യാനികൾ ഓണം ആഘോഷിക്കുന്നത് സൂനഹദോസ് കാനോന വഴി നിരോധിച്ചു. മലയാളികളുടെ സാമൂഹ്യ വ്യവസ്ഥ തന്നെ തിരുത്തിയെഴുതാൻ നടത്തിയ ശ്രമം സഭ നെടുകെ പിളരുന്നതിൽ കലാശിച്ചത് പിൽക്കാല ചരിത്രം.
സൂനഹദോസ് തീരുമാനങ്ങൾ ക്രൈസ്തവ സമൂഹത്തെ എത്ര മാത്രം പ്രക്ഷുബ്ധമാക്കി എന്നതിൻ്റെ തെളിവാണ് കാനോനകളുടെ തർജ്ജമ നൂറ്റാണ്ടുകളോളം മലയാളത്തിൽ പ്രസിദ്ധീകരിക്കാൻ അധികാരികൾ തയാറാകാതെയിരുന്നത്.

ഉദയംപേരൂർ സുനഹദോസിന്റെ (1599) കാനോനകളുടെ 1694ലെ ഇംഗ്ലീഷ് പരിഭാഷയിലെ ഒരു ഭാഗം കാണുക:

ഈ ആജ്ഞയിൽ (Action IX- Decree IV) ഓണം നസ്രാണികൾ ആഘോഷിക്കുന്നത് വിലക്കിയിരിക്കുന്നത് കാണാം.
ഈ കാനോന പക്ഷേ ഉദയംപേരൂർ സുനഹദൊസിന്റെ മലയാളം വിവർത്തനത്തിൽ കാണുന്നില്ല. പോർച്ചുഗീസ് പതിപ്പിൽ ഉണ്ട് താനും. ഇതേപോലുള്ള ചില നിബന്ധനകൾ പിന്നീട് കൂട്ടിച്ചേർത്തതാവാനും വഴിയുണ്ട്.
ഈ വിവർത്തനഭാഗം നാലു പതിറ്റാണ്ട് മുൻപത്തെ ഓണം ആചരണത്തേക്കുറിച്ച് രസകരമായ ചില വസ്തുതകൾ വെളിച്ചത്ത് കൊണ്ടുവരുന്നുണ്ട്.
ക്രിസ്ത്യാനികൾ ഓണം ആഘോഷിക്കരുത് എന്ന് കൽപ്പന പുറപ്പെടുവിക്കാൻ കാരണം പറയുന്നത് അന്ന് അമ്പും വില്ലും മറ്റ് ആയുധങ്ങളുമായി ആളുകൾ പുറത്തിറങ്ങി പരസ്പരം ഏറ്റുമുട്ടുന്നു എന്നതാണ്. മരണം വരെ സംഭവിക്കുന്ന പോരാട്ടത്തിൽ മരിക്കുന്ന ആളുകൾ നേരെ സ്വർഗ്ഗത്തിൽ പോകും എന്ന് ജനങ്ങൾ വിശ്വസിച്ചിരുന്നു. കൊലപാതകം മാരകപാപമാണ് എന്ന് പഠിപ്പിക്കുന്ന ക്രിസ്തുമതത്തിന് ആ ഒറ്റക്കാര്യം കൊണ്ട് ഓണാഘോഷം തെറ്റാണ് എന്ന് പറയേണ്ടിവന്നു.
ഇന്നത്തെ രീതിയിലുള്ള ഓണാഘോഷവും ഐതിഹ്യങ്ങളും പിന്നീട് ഉണ്ടായതാണ് എന്ന് വേണം കരുതാൻ. പണ്ടുകാലത്ത് ഓണം മലയാളികളുടെ കാർഷിക ഉത്സവമായിരുന്നു എന്ന് വേണം മനസിലാക്കാൻ.
മഹാബലിയുടെ ഐതിഹ്യം സാഹോദര്യത്തിൻ്റെ യും സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും സന്ദേശമാൻ നൽകുന്നത് എന്നത് ശ്രദ്ധേയമാണ്.
എന്തായാലും പിൽക്കാലത്ത് ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും ഒരുപോലെ ആഘോഷിക്കുന്ന ഉത്സവമായി ഓണം മാറി.
ഈ അടുത്തകാലത്തായി
ഓണത്തിൻ്റെ മതേതരസ്വഭാവം ഇല്ലാതാക്കാൻ ചില വർഗ്ഗീയശക്തികൾ നടത്തിവരുന്ന ശ്രമങ്ങൾ മലയാളി പുശ്ചിച്ചു തള്ളി എന്നത് സന്തോഷകരമാണ്
– ജോയ് കള്ളിവയലിൽ.

http://shijualex.in/synod-of-diamper-1599/

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *