#ഓർമ്മ
#ചരിത്രം
ഗൂഗിൾ.
ഗൂഗിളിന്റെ ജന്മദിനമാണ് സെപ്റ്റംബർ 4.
സ്റ്റാൻഫോഡ് യൂണിവേഴ്സിറ്റിയിലെ പി എച്ച് ഡി വിദ്യാർത്ഥികളായിരുന്ന ലാറി പേജ്, സെർജി ബെൺ, എന്നിവരുടെ ഗവേഷണപഠനത്തിന്റെ ഭാഗമായാണ് ഗൂഗിൾ ഉരുത്തിരിഞ്ഞത്. 1998ൽ കാലിഫോണിയയിലെ മെൻലോ പാർക്കിലായിരുന്നു തുടക്കം.
ഇന്നിപ്പോൾ, ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്വാധീനിക്കുന്ന ഭീമൻ കമ്പനിയായി ഗൂഗിൾ വളർന്നുകഴിഞ്ഞു. Alphabet Inc. എന്നാണ് ഗൂഗിളിൻ്റെ ഉടമകളായ കമ്പനിയുടെ പേര്.
ലോകത്തിലെ ഏറ്റവും വലിയ വിവരസാങ്കേതിക കമ്പനികൾ ഇന്ന് ഗൂഗിൾ, ആമസോൺ, ആപ്പിൾ, മൈക്രോസോഫ്റ്റ്, എന്നിവയാണ്.
ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സേർച്ച് എഞ്ചിൻ ഗൂഗിൾ ആണ്. ജി മെയിൽ ഇന്ന് ഇ-മെയിലിന്റെ പര്യായമാണ്. ഗൂഗിൾ മാപ്പ്സ് ഉപയോഗിക്കാതെ ഇന്നു ദൂരയാത്രകൾ ചിന്തിക്കാൻ കഴിയില്ല. ലോകത്ത് ഏറ്റവുമധികം പേർ ഉപയോഗപ്പെടുത്തുന്ന ഒന്നാണ് യൂ ട്യൂബ് ചാനൽ.
ഗൂഗിൾ ഫോട്ടോസ്, ഗൂഗിൾ ഡോക്ക്സ് ഒക്കെ ഇന്ന് സുപരിചിതമാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലവ്ഡ് കമ്പ്യുട്ടിങ് എന്നിങ്ങനെ ഗൂഗിൾ അതിൻ്റെ സ്വാധീനം അനുദിനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഒരു സ്വകാര്യ കമ്പനി ഇങ്ങനെ നമ്മുടെ ജീവിതത്തിലെ സമസ്തമേഖലകളിലും നിർണ്ണായക സ്വാധീനമായി മാറുന്നത് പലരെയും ഭീതിപ്പെടുത്തുന്നു. ലോകരാജ്യങ്ങളെല്ലാം ഗൂഗിളിന്റെ സ്വാധീനത്തെക്കുറിച്ച് ബോധവാന്മാരാണ്.
ഒട്ടും തുറവിയില്ലാത്ത ചൈനയിലെ വിവരങ്ങൾ വരെ ഗൂഗിൾ വഴി പുറത്തുവരാൻ തുടങ്ങിയതോടെ ചൈന ഗൂഗിൾ നിരോധിച്ചു. ചൈനക്കു മാത്രമായി ഒരു പുതിയ സേർച്ച് എഞ്ചിൻ വികസിപ്പിച്ച് നിരോധനം മറികടക്കാനുള്ള ശ്രമത്തിലാണ് ഗൂഗിൾ.
ഇന്ന് ഈ ആഗോളഭീമന്റെ തലപ്പത്ത്, ഇന്ത്യയിൽ ജനിച്ചു വളർന്ന് ഇന്ത്യയിൽ പഠിച്ച സുന്ദർ പിച്ച ആണെന്നുള്ളത് നമുക്ക് അഭിമാനകരമായ കാര്യമാണ്.
– ജോയ് കള്ളിവയലിൽ
Posted inUncategorized