#ഓർമ്മ
ഹോ ചി മിൻ.
ഹോ ചി മിന്നിന്റെ (1890-1969) ചരമവാർഷികദിനമാണ് സെപ്റ്റംബർ 2.
ഗുയെൻ കുങ് എന്നാണ് യഥാർത്ഥനാമം.
രണ്ടാം ലോകമഹായുദ്ധകാലത്ത് വിയറ്റ്നാമിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ പോരാട്ടങ്ങളിലൂടെയാണ് ഹോ ചി മിൻ ലോകശ്രദ്ധ ആകർഷിച്ചത്.
വിയറ്റ്നാം ഫ്രഞ്ച് ഇൻഡോചൈനയുടെ ഭാഗമായിരുന്ന ദുരിതപൂർണ്ണമായ ആ കാലത്ത്, ഫ്രാൻസ്, അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ താമസിച്ച് ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, ചൈനീസ് മുതലായ ഭാഷകളിൽ പ്രാവീണ്യം നേടാനായത് പിൽക്കാലത്ത് വലിയ ഗുണം ചെയ്തു .
1930ൽ ഇൻഡോചൈന കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിച്ച ഹോ ചി മിൻ, 1941ൽ സ്ഥാപിതമായ വിയറ്റ്നാമീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയായ വിയറ്റ് മിന്നിന്റെയും പിതാവാണ്.
യുദ്ധത്തിനുശേഷം വിയറ്റ് മിൻ അധികാരം പിടിച്ചെടുത്തു. ഹോ ചി മിൻ വടക്കൻ വിയറ്റ്നാമിന്റെ പ്രസിഡൻ്റായി. 1959 മുതൽ 1969ൽ മരണംവരെ ഹോ വിയറ്റ്നാമിനെ നയിച്ചു.
ലോകമഹാശക്തിയായ അമേരിക്കക്ക് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനികപരാജയം സമ്മാനിച്ച നേതാവ് എന്ന നിലയിലായിരിക്കും ചരിത്രം ഹോ ചി മിന്നിനെ ഓർമ്മിക്കുക.
1973 ഓടെ അവസാനത്തെ അമേരിക്കൻ പട്ടാളക്കാരനും വിയറ്റ്നാം വിട്ടു. തെക്കും വടക്കും വിയറ്റ്നാമുകൾ ഒന്നിച്ച്, ഒരു രാഷ്ട്രമായി മാറി.
തെക്കൻ വിയറ്റ്നാമിന്റെ തലസ്ഥാനമായിരുന്ന സൈഗോൺ ഇന്ന് ഹോ ചി മിൻ സിറ്റിയാണ്.
ജനങ്ങൾ ജീവനുതുല്യം സ്നേഹിച്ചിരുന്ന നേതാവാണ് ഹോ ചി മിൻ. ബാക്ക് ഹോ ( ഹോ അമ്മാവൻ ) എന്നാണ് ബഹുമാനപൂർവ്വം അവർ തങ്ങളുടെ നേതാവിനെ വിളിച്ചിരുന്നത്.
ഹോയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ പ്രചാരമുള്ള ഒരു സംഭവമുണ്ട്. പ്രമുഖ നേതാക്കളെയെല്ലാം പരിചയപ്പെടുത്തിയപ്പോൾ ഹോ ചോദിച്ചു, ഇവരൊക്കെ എന്തു ചെയ്യുന്നു? . അവരൊക്കെ രാഷ്ട്രീയനേതാക്കളാണ് എന്നായിരുന്നു മറുപടി. ഹോ വീണ്ടും ചോദിച്ചു, അതു മനസിലായി, പക്ഷേ എന്താണ് അവരുടെ ജോലി? രാഷ്ട്രീയം എക തൊഴിലും, വരുമാനമാർഗവുമാക്കിയവരാണ് ഇന്ത്യയിലെ നേതാക്കന്മാർ എന്ന് ഹോ എങ്ങിനെ മനസിലാക്കാനാണ്?.
ഇന്ന് ലോകത്തിലെ ഏറ്റവുമധികം വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് വിയറ്റ്നാം. അതിനവർ കടപ്പെട്ടിരിക്കുന്നത് ഹോ ചി മിൻ എന്ന അതുല്യനായ നേതാവിനോടാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized