#ഓർമ്മ
കെ പി കേശവമേനോൻ.
കെ പി കേശവമേനോൻ്റെ (1886-1978) ജന്മവാർഷികദിനമാണ്
സെപ്റ്റംബർ 1.
പാലക്കാട് രാജാവിൻ്റെ കൊച്ചുമകനായി ബ്രിട്ടീഷ് മലബാറിൽ ജനിച്ച കേശവമേനോൻ, മദ്രാസ് ക്രിസ്റ്റ്യൻ കോളേജിൽ പഠിക്കുമ്പോൾ ആനി ബസന്തിൻ്റെ ശിഷ്യനായി. മലബാർ ഹോം റൂൾ ലീഗിൻ്റെ സെക്രട്ടറിയായാണ് നാട്ടിൽ തിരിച്ചെത്തിയത്. കടൽ കടക്കുന്നത് അചിന്ത്യമായിരുന്ന അക്കാലത്ത് ലണ്ടനിൽ പോയി ബാരിസ്റ്റർ പരീക്ഷ പാസായി തിരിച്ചെത്തി കോഴിക്കോട്ട് പ്രാക്ടീസ് ആരംഭിച്ചു. മഹാത്മാഗാന്ധിയുടെ പ്രഭാവം അദ്ദേഹത്തെ കോൺഗ്രസിൽ എത്തിച്ചു. കെ പി സി സിയുടെ സെക്രട്ടറിയായി നിസഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്ത് ജെയിൽ ശിക്ഷ അനുഭവിച്ചു. സ്വാതന്ത്ര്യസമരത്തിൻ്റെ ജിഹ്വ എന്ന നിലയിൽ കെ മാധവമേനോനുമായി ചേര്ന്ന് 1923ൽ മാതൃഭൂമി പത്രം സ്ഥാപിച്ചു. സ്ഥാപക പത്രാധിപരായ കേശവമേനോൻ പിന്നീട് ചുരുങ്ങിയ കാലം ഒഴിച്ച് മരണം വരെ ആ സ്ഥാനത്ത് തുടർന്നു. വൈക്കം സത്യാഗ്രഹം നയിക്കാൻ ഗാന്ധിജി നിയോഗിച്ചത് കേശവമേനോനെയാണ്. 6മാസം തിരുവിതാംകൂർ ജെയിലിലും കിടന്നു.
പ്രാക്ടീസ് ഉപേക്ഷിച്ച് നടത്തിയ മുഴുവൻസമയ രാഷ്ട്രീയപ്രവർത്തനം മേനോനെ പാപ്പരാക്കി. ആദ്യഭാര്യ മരിച്ചതിനെ തുടർന്ന് അവരുടെ സഹോദരിയെ വിവാഹം ചെയ്തു. കുടുംബം നോക്കാൻ നിവൃത്തിയില്ലാതെ മലയയിൽ പോയി വക്കീലായി പ്രാക്ടീസ് ആരംഭിച്ചു.
നേതാജിയുടെ ഇന്ത്യൻ നാഷണൽ ലീഗിൽ ചേർന്നു പ്രവർത്തിച്ച
കേശവമേനോൻ, ആസാദ് ഹിന്ദ് ഗവൺമെൻ്റിൻ്റെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായി.
ജപ്പാൻ്റെ ഫാസിസ്റ്റ് നടപടികളിൽ പ്രതിഷേധിച്ച് രാജിവെച്ച മേനോൻ അറസ്റ്റ് ചെയ്യപ്പെട്ടു. ജപ്പാൻകാരുടെ ജെയിലിൽ അനുഭവിച്ച ക്രൂരതകൾ കഴിഞ്ഞ കാലം എന്ന ആത്മകഥയിൽ ഹൃദയസ്പർശയായി അദ്ദേഹം വിവരിക്കുന്നുണ്ട്.
തിരിച്ചെത്തി മാതൃഭൂമി പത്രാധിപസ്ഥാനം ഏറ്റെടുത്ത മേനോൻ ഇന്ത്യ സ്വാതന്ത്ര്യം നേടിയശേഷം ഒരു വർഷം സിലോണിൽ ഹൈക്കമ്മീഷണറായി സേവനം ചെയ്തു.
22 പുസ്തകങ്ങൾ രചിച്ച കേശവമേനോൻ മലയാളഭാഷക്ക് നൽകിയ സംഭാവനകൾ നിസ്തുലമാണ്. മാതൃഭൂമിയിൽ എഴുതിയിരുന്ന പങ്ക്തി ശുദ്ധമായ ഭാഷയുടെയും തെളിഞ്ഞ ചിന്തയുടെയും ഉദാഹരണമാണ്.
ഞാൻ വിദ്യാർഥിയായി 1972ൽ കോഴിക്കോട് എത്തുമ്പോഴേക്കും അദ്ദേഹം ഏതാണ്ട് പൂർണ അന്ധനായി കഴിഞ്ഞിരുന്നു. എന്നിട്ടും കോഴിക്കോട് എയർപോർട്ട് തുടങ്ങിയവയക്കായുള്ള സമരങ്ങളുടെ മുൻപന്തിയിൽ ആ മഹാൻ ഉണ്ടായിരുന്നു. 1975ലെ അടിയന്തിരാവസ്ഥയുടെ ദുഃഖത്തിലാണ് അദ്ദേഹം അന്തരിച്ചത്.
സാഹിത്യ അക്കാദമി, പദ്മഭൂഷൺ പുരസ്കാരങ്ങൾ ലഭിച്ച കേശവമേനോന് മരണാനന്തരം കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി ലിറ്റ് ബിരുദം നൽകി ആദരിച്ചു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized