#ഓർമ്മ
#ചരിത്രം
രാജ്ഗുരു.
രാജ്ഗുരുവിന്റെ (1908-1931) ജന്മവാർഷികദിനമാണ്
ഓഗസ്റ്റ് 24.
സ്വാതന്ത്ര്യസമരചരിത്രത്തിലെ ജ്വലിക്കുന്ന സ്മരണയാണ് ധീരരക്തസാക്ഷികളായ ഭഗത്ത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു ത്രയങ്ങൾ.
മഹാരാഷ്ട്രയിലെ പൂനക്കടുത്തുള്ള ഖേദ് ഗ്രാമത്തിലാണ് ശിവറാം രാജ്ഗുരുവിന്റെ ജനനം.
ചന്ദ്രശേഖർ ആസാദിന്റെ ധീരതയും, രാജ്യസ്നേഹവും, തീപാറുന്ന വാക്കുകളുമാണ് രാജ്ഗുരുവിന് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ ആർമിയിൽ ചേരാൻ പ്രചോദനമായത്. അവിടെവെച്ച് പരിചയപ്പെട്ട ഭഗത്ത് സിംഗ്, സുഖ്ദേവ് താപ്പർ, എന്നിവർ ഉറ്റ സുഹൃത്തുക്കളായി മാറി.
1928 മാർച്ചിൽ, കുപ്രസിദ്ധമായ സൈമൺ കമ്മീഷന് എതിരെ നടന്ന പ്രക്ഷോഭം തടയാൻ ബ്രിട്ടീഷ് പോലീസ് നടത്തിയ ക്രൂരമായ ലാത്തിച്ചാർജിൽ ഗുരുതരമായി പരിക്കേറ്റ ലാലാ ലജ്പത് റായ്, മരണമടഞ്ഞു.
പ്രതികാരമായി, മൂവരും ചേർന്ന് ലഹോറിൽ വെച്ച് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ജോൺ സാൺഡേഴ്‌സിനെ വെടിവെച്ചുകൊന്നു.
പിന്നീട് സെൻട്രൽ ലജിസ്ലേറ്റീവ് അസ്സെംബ്ലിയിൽ ബോംബ് എറിഞ്ഞ ഭഗത്ത് സിങ്ങും, ബതുകേശ്വർ ദത്തും പോലീസിന് കീഴടങ്ങി.
രാജ്ഗുരു ഉൾപ്പെടെ 24 പ്രതികൾ ലാഹോർ ഗൂഡാലോചന കേസിൽ വിചാരണചെയ്യപ്പെട്ടു.
ഭഗത്ത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവർ വധശിക്ഷക്ക് വിധിക്കപ്പെട്ടു.
1931 മാർച്ച് 23ന് തൂക്കിലേറ്റപ്പെടുമ്പോൾ രാജ്ഗുരുവിനു വെറും 22 വയസ്സേ പ്രായമുണ്ടായിരുന്നുള്ളു.
മൃതദേഹങ്ങൾ രഹസ്യമായി പഞ്ചാബിലെ ഹുസൈൻവാലയിൽ കൊണ്ടുവന്നു മറവുചെയ്തു.
ഇന്ന് ഫിറോസ്പൂർ ജില്ലയിലെ ഹുസൈൻവാലയിൽഈ ധീരദേശാഭിമാനികളുടെ ദേശീയ സ്മാരകം സ്ഥിതിചെയ്യുന്നു. ഖേദ് ഇന്ന് രാജ്ഗുരു നഗർ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.
– ജോയ് കള്ളിവയലിൽ.




