#ഓർമ്മ
#ചരിത്രം
ലിയോൺ ട്രോട്സ്കി.
റഷ്യൻ വിപ്ലവത്തിൻ്റെ വിജയത്തിൽ ലെനിൻ്റെയൊപ്പം പങ്കുവഹിച്ച ലിയോൺ ട്രോട്സ്കിയെ (1879-1940), സ്റ്റാലിൻ അയച്ച കിങ്കരൻ കൊലചെയ്ത ദിവസമാണ്
ഓഗസ്റ്റ് 21.
റഷ്യൻ സാമ്രാജ്യത്തിലെ ഉക്രെയിനിൽ ജനിച്ച ലെവ് ഡേവിഡോവിച്ച് ബ്രോൺഷ്ടെയ്ൻ, പഠനകാലത്തുതന്നെ മാർക്സിസത്തിൻ്റെ ആരാധകനായി മാറി.
ഒഡേസ സർവകലാശാലയിലെ പഠനം ഉപേക്ഷിച്ച് തെക്കൻ റഷ്യയിൽ തൊഴിലാളി യൂണിയൻ സംഘടിപ്പിക്കുന്നതിൽ ഏർപ്പെട്ട ബേൺഷ്ടെയ്ൻ, 1898ൽ അറസ്റ്റ് ചെയ്യപ്പെട്ടു . സൈബീരിയയിലേക്ക് നാടുകടത്തപ്പെട്ട അദ്ദേഹം നാലരവർഷം തടവറയിൽ കഴിഞ്ഞു. അവിടെനിന്നും ട്രോട്സ്കി എന്ന വ്യാജപ്പേരിൽ പാസ്പോർട്ട് സംഘടിപ്പിച്ചു രക്ഷപെട്ട് വിയന്നയിലെത്തി. തുടർന്ന് ലണ്ടനിലും. ലണ്ടനിൽ വെച്ചാണ് വ്ലാദിമിർ ഉല്യാനോവിനെ ( ലെനിൻ) പരിചയപ്പെടുന്നത്.
1905ൽ റഷ്യയിൽ തിരിച്ചെത്തിയ ട്രോട്സ്കി, അടുത്തവർഷം വീണ്ടും ജെയിലിലടക്കപ്പെട്ടു.
1907ൽ വീണ്ടും തടവുചാടി വിയന്നയിലെത്തിയ ട്രോട്സ്കി, ബോൾഷെവിക്കുകളുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
1917ൽ റഷ്യൻ വിപ്ലവത്തിൽ ലെനിൻ്റെ പങ്കാളിയായി.
1919ൽ കമ്മ്യൂണിസ്റ്റ് ഇൻ്റർനാഷണലിൻ്റെ രൂപീകരണത്തിൽ പങ്കാളിയായ ട്രോട്സ്കിയാണ് കൊമിൻ്റെണിൻ്റെ ( കമ്മ്യൂണിസ്റ്റ് ഇൻ്റർനാഷണൽ) മാനിഫെസ്റ്റോ തയാറാക്കിയത്.
സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 5 പോളിറ്റ്ബ്യൂറോ അംഗങ്ങളിൽ ഒരാളായിരുന്ന ട്രോട്സ്കി, 1917 മുതൽ 1924 വരെ സോവിയറ്റ് യൂണിയൻ്റെ വിദേശകാര്യ, യുദ്ധകാര്യ കമ്മീസാർ ആയിരുന്നു.
ലെനിൻ്റെ മരണശേഷം നടന്ന അധികാരവടംവലിയിൽ സ്റ്റലിനാണ് വിജയിച്ചത്. എല്ലാ അധികാരസ്ഥാനങ്ങളിൽ നിന്നും ട്രോട്സ്കി മാറ്റിനിർത്തപ്പെട്ടു. 1929ൽ നാടുകടത്തപ്പെടുകയും ചെയ്തു.
സ്റ്റാലിൻ്റെ ക്രൂരതകളെ എതിർത്ത ട്രോട്സ്കി, അവസാനം മെക്സിക്കോയിലാണ് അഭയം തേടിയത്. അവിടെ വെച്ച് 1940ൽ കൊലചെയ്യപ്പെട്ടു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized