#ഓർമ്മ
#കേരളചരിത്രം
കൃഷ്ണപിള്ളയും ഗുരുവായൂർ സത്യഗ്രഹവും.
അവർണ്ണർക്ക് ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ സമരങ്ങളിൽ പ്രമുഖമാണ് ഗുരുവായൂർ സത്യാഗ്രഹം.
കോഴിക്കോട് സാമൂതിരിയുടെ കീഴിലുള്ള ക്ഷേതത്തിനു മുൻപിൽ ദീർഘകാലം സത്യാഗ്രഹസമരം നടത്തിയിട്ടും ഫലമുണ്ടായില്ല. കെ കേളപ്പൻ ആയിരുന്നു സത്യഗ്രഹം നയിച്ചത്.
“………..ആറ് മാസത്തെ ശിക്ഷ കഴിഞ്ഞ് കണ്ണൂർ ജയിലിൽനിന്നും സമരമുഖത്ത് തിരിച്ചെത്തിയ എ കെ ജി വീണ്ടും സത്യാഗ്രഹ ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്തു. സമരം ഇഴഞ്ഞുനീങ്ങുന്നു എന്നു തോന്നിയ ഈ അവസരത്തിലാണ് പി. കൃഷ്ണപിള്ള ക്ഷേത്രശ്രീകോവിലിന് മുന്നിലെ മണി മുഴക്കിയത്. മണിമുഴക്കി തൊഴുവാനുള്ള അവകാശം ബ്രാഹ്മണർക്കു മാത്രമാണ് ഉണ്ടായിരുന്നത്. ക്ഷേത്രം കാവൽക്കാർ കൃഷ്ണപിള്ളയെ അതിക്രൂരമായി തല്ലിച്ചതച്ചു.
പിറ്റേദിവസവും മണിയടിക്കുന്നത് കൃഷ്ണപിള്ള ആവർത്തിച്ചു. മർദ്ദനം വീണ്ടും പഴയതിലും ശക്തിയിൽ തുടർന്നു. കൃഷ്ണപിള്ള അക്ഷ്യോഭ്യനായി നിന്ന് ഈ മർദ്ദനമെല്ലാം ഏറ്റുവാങ്ങി.
ഈയവസരത്തിൽ തെല്ലും കൂസാതെ “ഉശിരുള്ള നായർ മണിയടിക്കും, എച്ചിൽപെറുക്കി നായൻമാർ അവരുടെ പുറത്തടിക്കും” എന്ന് കാവൽക്കാരെ കൃഷ്ണപിള്ള പരിഹസിച്ചു…
ക്ഷേത്രഭാരവാഹികൾ സമരാനുകൂലികക്കെതിരേ നിരന്തരമായ ഉപദ്രവം സൃഷ്ടിച്ചുകൊണ്ടിരുന്നു. ഡിസംബർ 28ന് എ.കെ.ഗോപാലന് ക്രൂരമായ മർദ്ദനമേറ്റു. പിറ്റേദിവസം പൊതുജനങ്ങൾ സമരമുഖം സംഘർഷമാക്കി. സത്യഗ്രഹികളെ തടയാനായി ക്ഷേത്രത്തിനു ചുറ്റും കെട്ടിയിരുന്ന മുള്ളുവേലി പൊതുജനങ്ങൾ കൂട്ടമായി ചെന്നു പൊളിച്ചുകളഞ്ഞു. ഗോപുരം വരെ ആർക്കും ചെല്ലാമെന്ന നില വന്നപ്പോൾ അധികൃതർ ക്ഷേത്രം അനിശ്ചിതകാലത്തേക്ക് അടച്ചിടുകയാണുണ്ടായത്.
പിന്നീട് പൊന്നാനി താലൂക്കിൽ ക്ഷേത്രം അവർണർക്ക് തുറന്നുകൊടുക്കേണ്ട കാര്യത്തിൽ ഹിന്ദുക്കൾക്കിടയിൽ വോട്ടെടുപ്പ് നടത്തുകയുണ്ടായി.
15568 പേർ ക്ഷേത്രപ്രവേശനത്തി
നനുകൂലമായും, 2779 പേർ പ്രതികൂലമായും വോട്ടു രേഖപ്പെടുത്തി. 2106 പേർ നിഷ്പക്ഷത പാലിച്ചപ്പോൾ, 7302 പേർ ഈ വോട്ടെടുപ്പിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. 77 ശതമാനത്തോളം ആളുകൾ ക്ഷേത്രപ്രവേശനത്തിനെ അനുകൂലിക്കുകയുണ്ടായി. ഇത് ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വിജയമായി കണക്കാക്കപ്പെടുന്നു..”
“സഖാവ്” പി കൃഷ്ണപിള്ളയുടെ ചരമവാർഷികദിനമാണ്
ഓഗസ്റ്റ് 19.
– ജോയ് കള്ളിവയലിൽ.
Posted inUncategorized