സ്ത്രീകളോട് ബഹുമാനം.
പുരുഷാധിപത്യത്തിൽ വേരിറങ്ങിയ ഒരു പൊതുബോധമാണ് നമ്മുടെ സമൂഹത്തിൽ ഉടനീളം. ഉന്നതശ്രേണിയിൽ വിഹരിക്കുന്നവർ തുടങ്ങി ന്യായാധിപന്മാർ വരെ ഈ പൊതുബോധത്തിൻ്റെ അടിമകളാണ്. സ്ത്രീകളെ രണ്ടാംതരം പൗരന്മാരായി കാണാൻ ആർക്കും ഒരു മടിയുമില്ല. അതിൽ കുറ്റബോധവുമില്ല.
ഈ ദുഃഖകരമായ സ്ഥിതിവിശേഷത്തിന് ഒരു മാറ്റം വരുത്താനായി
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വൈ വി ചന്ദ്രചൂഡ് 2023ൽ
ന്വായാധിപന്മാർക്കായി നിർദേശിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ആശാവഹമായ ഒരു ചുവടുവെപ്പാണ് . ഈ മാർഗ്ഗനിർദ്ദേശങ്ങൾ മാധ്യമങ്ങൾ ഉൾപ്പെടെ സമൂഹത്തിലെ എല്ലാവർക്കും ബാധകമാണ്.
കോടതിവിധികളിലും രേഖകളിലും ലിംഗവിവേചനത്തിന്റെ ഭാഗമായി കടന്നുകൂടുന്ന സ്ത്രീ-ക്വീർ വിരുദ്ധ പ്രയോഗങ്ങളേയും പൊതുബോധ നിർമ്മിതികളേയും അദ്ദേഹം നിശിതമായി വിമർശിക്കുന്നു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മാർഗ്ഗ നിർദ്ദേശങ്ങൾ അടങ്ങുന്ന ഒരു കൈപ്പുസ്തകം തന്നെ പുറത്തിറക്കിയിട്ടുണ്ട്.
ലൈംഗികാതിക്രമങ്ങൾക്ക് ഇരകളാകുന്ന സ്ത്രീകൾ ഉടൻ പരാതിപ്പെട്ടില്ലെങ്കിൽ അവർ പറയുന്നത് നുണയാണെന്ന വാദത്തിന് സുപ്രീം കോടതിയുടെ മറുപടി കാണുക:
ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ അസാമാന്യമായ ധൈര്യവും കരുത്തും സംഭരിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ സ്ത്രി, കുറച്ച് കാലങ്ങൾക്കു ശേഷം പരാതി നൽകുന്നതിൽ യാതൊരു വൈരുധ്യവുമില്ല.
ലൈംഗികാതിക്രമങ്ങൾക്ക് വിധേയയായ അതിജീവിതയെ വിവാഹം ചെയ്‌താൽ ‘കളങ്കം’ മാറുമെന്ന പൊതുബോധവാദം സുപ്രീം കോടതി നിരസിക്കുന്നു.
ബലാൽസംഗം ഒരിക്കലും ഇരയെയോ അതിജീവിതയെയോ കളങ്കപ്പെടുത്തുന്നില്ല.
സ്ത്രീകൾ പുരുഷന്മാരേക്കാൾ ശാരീരികമായി ദുർബലരാണ് എന്നാണ് വേറൊരു വാദം:
ശാരീരികമായി സ്ത്രീയും പുരുഷനും വ്യത്യസ്തരാണ് . എന്നാൽ എല്ലാ സ്ത്രീകളും പുരുഷന്മാരേക്കാൾ ദുർബലർ ആണെന്ന വാദം ശരിയല്ല.
അവിവാഹിതരായ സ്ത്രീകൾക്ക് നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല എന്ന വാദത്തിൽ കഴമ്പില്ല എന്ന് കോടതി ചൂണ്ടിക്കാണിക്കുന്നു:
തീരുമാനങ്ങൾ എടുക്കാനുള്ള ഒരാളുടെ കഴിവും വിവാഹവും തമ്മിൽ യാതൊരു ബന്ധവുമില്ല.
മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്യുന്ന സ്ത്രീകൾ പുരുഷന്മാർക്ക് വേഗം വഴങ്ങും എന്ന വാദം കോടതി തള്ളിക്കളയുന്നു:
അതൊന്നും പുരുഷന് വഴങ്ങും എന്നതിന്റെ സൂചനയല്ല . അനുവാദമില്ലാതെ സ്ത്രീയെ സ്പർശിക്കാനുള്ള ന്യായവുമല്ല.
പാശ്ചാത്യസംസ്കാരം പിന്തുടരുന്നത് ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നു എന്ന പൊതുബോധ നിലവിളിക്ക് സുപ്രീം കോടതിയുടെ മറുപടി ഇങ്ങനെയാണ്:
വസ്ത്രധാരണം, കാഴ്ചപ്പാട്, മുൻ ജീവിതശൈലി ഇവയ്ക്കൊന്നും ലൈംഗികാതിക്രമങ്ങളുമായി ബന്ധമില്ല.
കോടതിരേഖകളിലും വിധികളിലും ഇനി മുതൽ അവിവാഹിതയായ അമ്മ എന്ന പ്രയോഗമില്ല, പകരം അമ്മ എന്ന് മാത്രം. പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്ന് ഇനി എഴുതാൻ പാടില്ല. പൂവാലശല്യം എന്നാൽ ഇനി മുതൽ തെരുവിലെ ലൈംഗികാതിക്രമങ്ങളാണ്.
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന പരാമർശങ്ങൾ എല്ലാം ഒഴിവാക്കണം.
(കടപ്പാട്:ശ്രീജ നെയ്യാറ്റിൻകര)
– ജോയ് കള്ളിവയലിൽ


