#ഓർമ്മ
വിജയലക്ഷ്മി പണ്ഡിറ്റ്.
വിജയലക്ഷ്മി പണ്ഡിറ്റിന്റെ (1900-1990) ജന്മവാർഷികദിനമാണ്
ഓഗസ്റ്റ് 18.
ജവഹർലാൽ നെഹ്‌റുവിനേക്കാൾ 11വർഷം ഇളയവളായി അലഹബാദിൽ ജനിച്ച അവർ നെഹ്‌റു കുടുംബത്തിലെ മറ്റ് അംഗങ്ങളെപ്പോലെ തന്നെ ചെറുപ്പത്തിലേ സ്വാതന്ത്ര്യസമരപ്പോരാളിയായി മാറി.
സ്വാതന്ത്ര്യപൂർവ കാലഘട്ടത്തിൽ രാജ്യത്ത് ആദ്യമായി മന്ത്രിയായ വനിതയാണ്, 1937ൽ യുണൈറ്റഡ് പ്രൊവിൻസിൽ മന്ത്രിസ്ഥാനം വഹിച്ച വിജയലക്ഷ്മി. 1946ൽ കോൺസ്റ്റിറ്റുവന്റ് അസ്സെംബ്ലിയിൽ അംഗമായി.
സ്വാതന്ത്ര്യനന്തര ഭാരതത്തിൽ നയതന്ത്രരംഗത്താണ് അവർ പ്രവർത്തിച്ചത്. 1947മുതൽ 49വരെ സോവിയറ്റ് യൂണിയനിൽ അംബാസഡർ, തുടർന്ന് 49മുതൽ 51വരെ അമേരിക്ക, മെക്സിക്കോ, 55മുതൽ 61വരെ ഇംഗ്ലണ്ട്, അയർലണ്ട്, സ്പെയിൻ.
1953ൽ ഐക്യരാഷ്ട്രസഭയുടെ ആദ്യത്തെ വനിതാ പ്രസിഡൻ്റായി വിജയലക്ഷ്മി പണ്ഡിറ്റ് ചരിത്രം സൃഷ്ടിച്ചു. 1962മുതൽ 64വരെ മഹാരാഷ്ട്ര ഗവർണറായിരുന്ന അവർ, നെഹ്രുവിന്റെ മരണശേഷം 1971വരെ ഫൂൽപൂരിൽ നിന്നുള്ള എം പി ആയി.
1979ൽ യു എൻ ഹ്യൂമൻ റൈറ്സ് കമ്മീഷൻ അംഗമായതാണ് അവസാനത്തെ ഔദ്യോഗിക പദവി.
ഡെഹ്‌റാഡൂണിൽ വിശ്രമജീവിതം നയിക്കേ 90വയസ്സിൽ അന്തരിച്ചു.
ഇന്ദിരാഗാന്ധിയും വിജയലക്ഷ്മി പണ്ഡിറ്റുമായി ചെറുപ്പം മുതലുള്ള പിണക്കം കുപ്രസിദ്ധമാണ്. 1997ൽ അടിയന്തിരാവസ്ഥയെ പരസ്യമായി എതിർത്തു ജനതാ സർക്കാർ അധികാരത്തിലെത്താൻ അവർ സഹായിച്ചു.
പ്രസിദ്ധ ബാരിസ്റ്ററും പണ്ഡിതനുമായിരുന്ന രഞ്ജിത് പണ്ഡിറ്റ് ആയിരുന്നു ഭർത്താവ്. മക്കളിൽ നയനതാര സൈഗാൾ പ്രശസ്തയായ എഴുത്തുകാരിയാണ്.
1979ൽ പ്രസിദ്ധീകരിച്ച ആത്മകഥയുടെ പേര് ദി സ്കോപ് ഓഫ് ഹാപ്പിനെസ്സ് എന്നാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized