#ഓർമ്മ
#films
ജോൺസൺ.
സംഗീത സംവിധായകൻ ജോൺസൻ്റെ
(1953 – 2011) ഓർമ്മദിവസമാണ്
ഓഗസ്റ്റ് 18.
മലയാള സിനിമാസംഗീതത്തിന് ഗൃഹാതുരത്വത്തിന്റെയും സ്വരമാധുരിയുടേയും പുതിയ ഭാവം നല്‍കിയ സംഗീതസംവിധായകനാണ് ജോണ്‍സണ്‍ മാഷ്.
1978ല്‍ ഭരതന്റെ ‘ആരവം’ എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയാണ് ജോണ്‍സണ്‍ സിനിമാലോകത്തേക്ക്
കടന്നുവന്നത്.
1981ല്‍
ഇണയെത്തേടി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി.
തുടക്കത്തിൽ സംഗീതസംവിധായകന്‍ ജി.ദേവരാജന്‍ മാസ്റ്ററുടെ കൂടെ പ്രവർത്തിച്ചു.
1980ല്‍ സംഗീതം നിര്‍വഹിച്ച ‘തകര’യിലെയും ‘ചാമര’ത്തിലെയും ഗാനങ്ങള്‍ ജോണ്‍സണ്‍ എന്ന സംഗീത സംവിധായകനെ മലയാളി സംഗീതാസ്വാദകരുടെ പ്രിയങ്കരനാക്കി. പത്മരാജന്റെയും ഭരതന്റെയും ഏറ്റവും കൂടുതല്‍ സിനിമകള്‍ക്ക് സംഗീതം ഒരുക്കിയത് ജോണ്‍സണായിരുന്നു. പത്മരാജന്റെ ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. ചിത്രത്തിലെ ‘ആടി വാ കാറ്റേ…’പൊന്നുരുകും പൂക്കാലം…. എന്നീ ഗാനങ്ങൾ സൂപ്പര്‍ഹിറ്റായി മാറി. പത്മരാജന്റെ 17 ചിത്രങ്ങള്‍ക്ക് ജോൺസൺ സംഗീതം പകര്‍ന്നിട്ടുണ്ട്. ‘ഞാന്‍ ഗന്ധര്‍വന്‍’ എന്ന അവസാനചിത്രം വരെ ആ കൂട്ടുകെട്ട് പിരിയാതെ തുടര്‍ന്നു. തൂവാനത്തുമ്പികൾ, വന്ദനം, ചിത്രം സീസൺ തുടങ്ങിയ ചിത്രങ്ങൾക്ക് ജോൺസൺ മാസ്റ്റർ നൽകിയ പശ്ചാത്തലസംഗീതം വളരെയധികം പ്രേക്ഷകശ്രദ്ധ നേടി. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, പെരുന്തച്ചന്‍, പാളങ്ങള്‍, ഓര്‍മയ്ക്കായി, കാറ്റത്തെ കിളിക്കൂട്, എന്റെ ഉപാസന, ഒഴിവുകാലം, മാളൂട്ടി, ചമയം, പ്രേമഗീതങ്ങള്‍, ചുരം, ഒരു കഥ ഒരു നുണക്കഥ, സാക്ഷ്യം, പക്ഷേ, അങ്ങനെ ഒരു അവധിക്കാലത്ത്, കിരീടം, ചെങ്കോല്‍, ദശരഥം, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, കുടുംബസമേതം, ഭൂതക്കണ്ണാടി, അരയന്നങ്ങളുടെ വീട്, ശുഭയാത്ര, ഈ പുഴയും കടന്ന്, വരവേല്‍പ്പ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
മികച്ച പശ്ചാത്തലസംഗീതം നിര്‍വഹിച്ചതിന് രണ്ടു തവണ ദേശീയ അവാര്‍ഡ് ലഭിച്ചു. പൊന്തന്‍മാട , സുകൃതം എന്നീ ചിത്രങ്ങള്‍ക്കായിരുന്നു ഇത്. ഓര്‍മയ്ക്കായി (1982), വടക്കുനോക്കിയന്ത്രം, മഴവില്‍ക്കാവടി (1989), അങ്ങനെ ഒരു അവധിക്കാലത്ത് (1999) എന്നീ ചിത്രങ്ങളുടെ സംഗീതസംവിധാനത്തിന് കേരള സംസ്ഥാന അവാര്‍ഡും, സദയം (1992), സല്ലാപം (1996) എന്നീ ചിത്രങ്ങളുടെ പശ്ചാത്തല സംഗീതമൊരുക്കിയതിനും സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിന്റെ സംഗീതത്തിന് 2006-ല്‍ മാതൃഭൂമി അവാര്‍ഡ് ലഭിച്ചു. നാലുതവണ കേരള ഫിലിം ക്രിട്ടിക്‌സ് അവര്‍ഡും നേടി. ദേവരാജന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ അവര്‍ഡ്, രവീന്ദ്രന്‍ മാസ്റ്റര്‍ മെമ്മോറിയില്‍ അവാര്‍ഡ്, മുല്ലശ്ശേരി രാജു മ്യൂസിക്ക് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിനെ തേടിയെത്തി.
തൃശ്ശൂരില്‍ ജനിച്ച ജോണ്‍സന്റെ സംഗീതരംഗത്തേക്കുള്ള വരവ് നെല്ലിക്കുന്ന് സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ ക്വയര്‍ സംഘത്തിലൂടെയാണ്.1968ല്‍ വോയ്‌സ് ഓഫ് ട്രിച്ചൂർ എന്ന ഗാനമേള ട്രൂപ്പ് ആരംഭിച്ചു. ഗിത്താര്‍, ഹാര്‍മോണിയം, വയലിന്‍ തുടങ്ങി വിവിധ സംഗീത ഉപകരണങ്ങള്‍ അനായാസം കൈകാര്യം ചെയ്യാൻ ജോണസണ് കഴിവുണ്ടായിരുന്നു.
ഭരതൻ്റെയൊപ്പം പാര്‍വതി മുതല്‍ ചുരം വരെ 10 സിനിമകളില്‍ ഒന്നിച്ചു പ്രവർത്തിച്ചു. കാറ്റത്തെ കിളിക്കൂടിലെ ഗോപികേ.. മാളൂട്ടിയിലെ മൗനത്തിന്‍ ഇടനാഴിയില്‍….. ചമയത്തിലെ രാഗദേവനും……, രാജഹംസമേ….. മോഹനൊപ്പം സാക്ഷ്യം, പക്ഷേ, അങ്ങനെ ഒരു അവധിക്കാലത്ത്, സിബിമലയിലിന്റെ ദശരഥം, കിരീടം ചെങ്കോല്‍, ശ്രീനിവാസന്റെ വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, മുതലായ ചിത്രങ്ങളിലെ ഗാനങ്ങൾ ശ്രദ്ധേയമായി.
സത്യന്‍ അന്തിക്കാടിന്റെ 25 സിനിമകള്‍ക്ക് ഈണങ്ങള്‍ ഒരുക്കിയത് ജോൺസനാണ്.
ജോണ്‍സണ്‍ സംഗീതസംവിധാനം നിര്‍വഹിച്ച ചില ഗാനങ്ങള്‍:
മോഹം കൊണ്ടു ഞാന്‍….
പാതിരാപ്പുള്ളുണര്‍ന്നു……നീലരാവില്‍ ഇന്നു നിന്റെ…..
മായാമയൂരം പീലി വിടര്‍ത്തി…
തങ്കത്തോണി…..
അനുരാഗിണി ഇതായെന്‍…
ഗോപികേ നിന്‍ വിരല്‍….
ഏതോ ജന്മകല്പനയില്‍…
പൂവേണം പൂപ്പടവേണം…
മെല്ലെ മെല്ലെ മുഖപടം….
ദേവാംഗനങ്ങള്‍….
സ്വര്‍ണമുകിലേ….
ചന്ദനച്ചോലയില്‍….
കണ്ണീര്‍ പൂവിന്റെ….
മധുരം ജീവാമൃത ബിന്ദു…
ശ്യാമാംബരം നീളെ…
എന്തേ കണ്ണനു കറുപ്പുനിറം…
പുലര്‍വെയിലും പകല്‍ മുകിലും….
ചൈത്രനിലാവിന്‍….
ദേവീ… ആത്മരാഗമേകാന്‍…
ആരോടും മിണ്ടാതെ……
എന്റെ മണ്‍വീണയില്‍….
മന്ദാരച്ചെപ്പുണ്ടോ മാണിക്യ…
എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ…. ഒന്നുതൊടാനുള്ളില്‍…
മറ്റ് സംഗീത സംവിധായകരില്‍ നിന്നും ജോണ്‍സനെ കൂടുതല്‍ ശ്രദ്ധേയ നാക്കുന്നത് സിനിമകൾക്ക് അദ്ദേഹം ഒരുക്കിയ പശ്ചാത്തല സംഗീതമാണ്. മലയാള സിനിമയിലെ പശ്ചാത്തല സംഗീതത്തെ ജോണ്‍സന് മുന്‍പും ശേഷവും എന്ന് വിശേഷിപ്പിക്കാം. സംവിധായകന്റെ മനസ്സ് വായിക്കുന്ന സംഗീത സംവിധായകനായിരുന്നു ജോൺസൺ. കാലമെത്ര കഴിഞ്ഞാലും അദേഹം നമുക്ക് നല്‍കിയ മധുരഗാനങ്ങളും പശ്ചാത്തല സംഗീതത്തിന്റെ വേറിട്ട അനുഭവങ്ങളും എന്നും മായാതെ നമ്മുടെ മനസില്‍ നിലനില്‍ക്കും.
(കടപ്പാട്)
– ജോയ് കള്ളിവയലിൽ.
https://youtu.be/DjxtcAnkGLk?si=lGtzGQXseTc5fI4i
Posted inUncategorized