കൊല്ലവർഷാരംഭത്തെക്കുറിച്ചുള്ള ഇന്നത്തെ ചർച്ചകൾ വായിച്ചപ്പോൾ ഇളംകുളം കുഞ്ഞൻ പിള്ളയുടെ ‘കൊല്ലവർഷത്തിൻ്റെ ഉദ്ഭവം’ എന്ന ലേഖനത്തിലെ ചില പ്രസക്ത ഭാഗങ്ങൾ ലേഖനം വായിക്കാത്തവർക്കായി ഉദ്ധരിക്കണമെന്നു തോന്നി.
* കുരക്കേണിക്കൊല്ലം, പന്തലായനിക്കൊല്ലം ഈ പട്ടണങ്ങൾ സ്ഥാപിച്ചതിനെ ആസ്പദമാക്കി തെക്കും വടക്കും കൊല്ലവർഷം ആരംഭിച്ചുവെന്നും ഒരഭിപ്രായമുണ്ട് (തെക്ക് ചിങ്ങം 1 നും മലബാറിൽ കന്നി 1 നും ആണ് അണ്ട് തുടങ്ങുന്നത്). കൊല്ലം ആദിശതകങ്ങളിലെ രേഖകളിൽ ‘കൊല്ലം തോൻറി 149-ാം വർഷം എന്നും മറ്റും കാണുന്നതിൻ്റെ അർത്ഥം കൊല്ലം തുടങ്ങി അതായത് കൊല്ലപട്ടണം തുടങ്ങി 149-ാം വർഷം ആണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ കൊല്ലം തോൻറി എന്നതിന് ആണ്ടു തുടങ്ങി, പുതിയ അബ്ദം ആരംഭിച്ച് എന്ന് അർത്ഥം കല്പിക്കാവുന്നതാണ്. കൂടാതെ കൊല്ലവർഷാരംഭത്തിനു മുമ്പു തന്നെ തെക്കൻ കൊല്ലം ഉണ്ടായിരുന്നു എന്നതിന് ലക്ഷ്യമായി താങ്ങ് വംശ രേഖകളിൽ കൊല്ലം പട്ടണത്തെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ടെന്നും ചില ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.
* വളരെ പ്രധാനപ്പെട്ട ഏതെങ്കിലും സംഭവത്തെ ആസ്പദമാക്കിയേ പുതിയ ഒരബ്ദം ആരംഭിക്കാൻ ഇടയുള്ളൂ. വടക്കും തെക്കും കൊല്ലം പട്ടണങ്ങൾ സ്ഥാപിച്ചു എന്നതിനു യുക്തി പോരാ.
*8-ാം ശതകത്തിൽ കൊല്ലാപുരം (കൊൽഹാപൂർ), അടൂർ (കടമ്പ രാജ്യത്ത്), പുത്തൂർ (കന്നഡ ദേശത്ത്), ഉദയപുരം (തുളുനാട്ടിൻ്റെ തലസ്ഥാനം – ഇന്നത്തെ ഉദയാ വരം), വിദിര (ഇന്നത്തെ മൂഡബിദ്രേ) മുതലായ പട്ടണങ്ങൾ കടന്ന് കേരളത്തിൽ പ്രവേശിച്ച നമ്പൂതിരിമാർ, കൊല്ലം, അടൂർ, പുത്തൂർ, മഹോദയപുരം, വിദിര മുതലായ പേരുകൾ കേരളത്തിലെ പല പട്ടണങ്ങൾക്കും നൽകുന്നുണ്ട്. ശങ്കരനാരായണീയ കർത്താവായ ശങ്കരനാരായണൻ തൻ്റെ പിതാവിൻ്റെ ദിക്ക് കൊല്ലാപുരിയാണെന്നു പറയുന്നത് കൊല്ലമോ, പന്തലായനിയോ, കൊല്ലാപുരമോ എന്നു തീർച്ചപ്പെടുത്താൻ വിഷമമാണ്. പട്ടണങ്ങളുടെ പേരുകൾ പുതിയതായി വന്ന ആര്യ ബ്രാഹ്മണ സംഘങ്ങൾ എട്ടും ഒമ്പതും ശതകങ്ങളിൽ മാറ്റിക്കൊണ്ടിരുന്നതായി തെളിവുകളുണ്ട്. 8-ാം ശതകം വരെയുള്ള രേഖകളിൽ ബാരകനൂർ എന്നു കാണുന്നത് പിന്നീട് ബാരഹകന്യാപുരമായി. (വിജയനഗരം കാർ തുളുനാട് പിടിച്ചപ്പോൾ ബാറുക്കൂറു ആയി, ഇപ്പോൾ ബാർകൂർ) അതുകൊണ്ട് കുരക്കേണിക്കൊല്ലമെന്നോ പന്തലായനിക്കൊല്ലമെന്നോ ഉള്ള പേരുകളോട് ഘടിപ്പിച്ച് കൊല്ലവർഷത്തിൻ്റെ ഉല്പത്തി കല്പിക്കുവാൻ പ്രയാസമാണ്.
കൂടാതെ മഹോദയപുരമായിരുന്നു തലസ്ഥാനവും, കേരളത്തിലെ, അഥവാ തെക്കേ ഇന്ത്യയിലെ, ഏറ്റവും വലിയ പട്ടണവും. പന്തലായനി, കുരക്കേണിക്കൊല്ലങ്ങൾക്ക് രണ്ടാം സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ. ‘കൊല്ലം തോൻറി’ എന്നതിന് അബ്ദം തുടങ്ങി എന്നായിരിക്കണമർത്ഥമെന്ന് പറഞ്ഞല്ലോ.
*സപ്തർഷി വർഷമായിരിക്കും കൊല്ലവർഷമായിത്തീർന്നതെന്ന പ്രൊഫ. സുന്ദരൻ പിള്ളയുടെ അഭിപ്രായമാണ് അല്പമെങ്കിലും ഭേദമായിത്തോന്നുന്നത്. ലൗകിക വർഷമെന്നു പറയുന്നതും സപ്തർഷി വർഷം തന്നെ. കലിവർഷം, ശകാബ്ദം, വിക്രമാബ്ദം മുതലായവ പോലെ ഗതമായിട്ടല്ല ഇത് ഉപയോഗിക്കുന്നത്. ക്രിസ്തുവർഷവും കൊല്ലവർഷവും പോലെ വർത്തമാനമായിട്ടാണ്. കാശ്മീരം, മുൾട്ടാൻ, കാത്തിയാവാഡ് തുടങ്ങി പല സ്ഥലങ്ങളിലും പണ്ട് ഇത് പ്രാബല്യത്തിലിരുന്നു. ഓരോ നൂറു വർഷവും കഴിയുമ്പോൾ ആദ്യമേ തുടങ്ങുകയാണ് സപ്തർഷി വർഷത്തിൻ്റെ സ്വഭാവം. അഭിനവഗുപ്തൻ പല ഗ്രന്ഥങ്ങളും എഴുതിത്തീർന്ന ആണ്ടുകൾ ‘ഷഷ്ടഷ്ഠി നാമകേ ലൗകിക വർഷേ’ ‘ നവതിതമേ അസ്മിൻ വത്സരേ’ എന്നിങ്ങനെ സൂചിപ്പിക്കുന്നുണ്ടല്ലോ. 66 എന്നും 90 എന്നും പറയുന്നത് നമ്മുടെ കൊല്ലം 166, 190 എന്നീ വർഷങ്ങളെയാണ്. കലിവർഷം 3926 (825) ചിത്തിര മാസം ഒന്നാം തീയതിയും, 4026 (925) ചിത്തിര മാസം ഒന്നാം തീയതിയും കാശ്മീരത്ത് ആദ്യമേ ലൗകിക വർഷം തുടങ്ങി കണക്കുകൂട്ടുകയാണ് പതിവ്. ക്രിസ്തു വർഷത്തോട് 76 കൂട്ടിയാൽ വർത്തമാനമായ സപ്തർഷി വർഷം കിട്ടുമെന്നും അതിൻ്റെ നൂറുകൾ വിട്ടു വ്യവഹരിക്കുമെന്നും സാരം. നമ്പൂതിരിമാരുടെ കേരളാക്രമണത്തിനു ശേഷം ആദ്യം സപ്തർഷി വർഷം തുടങ്ങുന്നത് 825 ചിത്തിരമാസം ഒന്നാം തീയതിയാണ്. അങ്ങനെ തുടങ്ങി, ശകവർഷത്തോടും കലിവർഷത്തോടും ഒപ്പം ലൗകിക വർഷവും ഉപേക്ഷിച്ചു വരവേ 100 കഴിഞ്ഞ് ആദ്യമേ തുടങ്ങുന്ന രീതി വേണ്ടെന്നു വച്ചിരിക്കാം. (എ.ഡി. 9-ാം ശതകത്തിൽ കൊല്ലവർഷം ഉപയോഗിച്ചിട്ടേ ഇല്ല. പത്താം ശതകത്തിൽ ഒരു രേഖയിലും 11-ാം ശതകത്തിൽ ഒരു രേഖയിലും കാണുന്നുണ്ട്. 12-ാം ശതകത്തിൻ്റെ ആരംഭം മുതൽ തുടർച്ചയായി കാണാം. പാർത്ഥിവപുരം രേഖയിൽ കാണുന്ന 99, കൊല്ലവർഷം 299 ഓ 399 ഓ ആയിരിക്കാം. 41 – ൽ പണിയിച്ച ക്ഷേത്രം 99-ൽ പുതുക്കേണ്ടതില്ലല്ലോ. രാജശേഖരനാണ് കൊല്ലവർഷാരംഭത്തിൽ കേരള ചക്രവർത്തി 278 വരെ, തുടർന്ന് വാണിരുന്നവരാരും കൊല്ലവർഷം ഉപയോഗിക്കുന്നില്ല. കൊല്ലം 45-ാമാണ്ടെഴുതിയ ശങ്കരനാരായണീയത്തിൽ കലിയും, ശകവർഷവുമല്ലാതെ കൊല്ലവർഷം ഒരു സ്ഥലത്തും കാണുന്നില്ല. ഗ്രന്ഥകാരൻ സ്ഥാണുരവി ചക്രർത്തിയുടെ ആശ്രിതനുമാണ്. അതുകൊണ്ട് 100 കഴിഞ്ഞ് സപ്തർഷിവർഷം തുടർന്ന് കണക്കു കൂട്ടിയതാണെന്നും ആരും പുതിയ അബ്ദം എ.ഡി. 825-ൽ തുടങ്ങിയതല്ലെന്നും വിചാരിക്കുന്നത് യുക്തമാണ്.)
Posted inUncategorized