#ഓർമ്മ
#films
ആൽഫ്രഡ് ഹിച്ച്കോക്ക്.
ഹിച്ച്കോക്കിൻ്റെ (1899-1980) ജന്മവാർഷികദിനമാണ്
ആഗസ്റ്റ് 13.
സസ്പെൻസ് ത്രില്ലർ സിനിമകളുടെ ചക്രവർത്തിയാണ് ഹിച്ച്കോക്ക്.
ലണ്ടനിൽ ജനിച്ച അദ്ദേഹത്തിൻ്റെ ചെറുപ്പകാലത്ത് ജീവിച്ച സീരിയൽ കൊലപാതകി ജാക്ക് ദി റിപ്പർ, ഹിച്ച്കോക്കിൻ്റെ ജീവിതവീക്ഷണത്തെ സ്വാധീനിച്ചു. മനുഷ്യാവസ്ഥയെ സംബന്ധിച്ച് ഇരുണ്ട ചിന്തയാണ് അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ പകർന്നുതരുന്നത് .
1920ൽ ചലച്ചിത്രങ്ങളുടെ ടൈറ്റിൽ കാർഡുകൾ വരച്ചാണ് തുടക്കം. പിന്നീട്, കലാസംവിധായകൻ, പ്രൊഡക്ഷൻ ഡിസൈനർ, എഡിറ്റർ, സഹസംവിധായകൻ തുടങ്ങി എല്ലാ രംഗങ്ങളിലും പ്രവർത്തിച്ചു.
സംവിധായകൻ എന്ന നിലയിൽ ആദ്യത്തെ ചിത്രം 1923ലെ Always Tell Your Wife ആണ്.
അന്താരാഷ്ട്രതലത്തിൽ വിജയിച്ച ആദ്യത്തെ സിനിമ The Man Who Knew Too Much (1934) ആണ്.
തുടർന്ന് The 39 Steps (1935), The Lady Vanishes (1938), Rebecca (1940), Spell Bound(1945), Notorious (1946), Dial M for Murder (1954), Vertigo (1958), North by Northwest (1959), The Birds (1963) തുടങ്ങി എക്കാലത്തെയും മികച്ച ക്ലാസിക്കുകൾ പുറത്തുവന്നു. 1960ലാണ് പ്രേക്ഷകരെ മുഴുവൻ അക്ഷരാർഥത്തിൽ ഞെട്ടിച്ച Psycho റിലീസ് ചെയ്തത്.
1955 മുതൽ 1965 വരെ പ്രക്ഷേപണം ചെയ്ത Alfred Hitchcock Presents എന്ന ടെലിവിഷൻ പരമ്പര ഹിച്ച്കോക്കിനെ ലോകത്തിലെ ഏറ്റവും പ്രശസ്തനായ സംവിധായകനാക്കി മാറ്റി.
60 വർഷത്തെ ചലച്ചിത്രജീവിതത്തിൽ 50 സിനിമകൾ സംവിധാനം ചെയ്ത സർ ആൽഫ്രഡ് ഹിച്ച്കോക്കിൻ്റെ ചിത്രങ്ങൾ ഇന്നും ചലച്ചിത്രവിദ്യയുടെ പാഠപുസ്തകങ്ങളാ ണ്.
ബ്രിട്ടനിൽ ജനിച്ച് അമേരിക്കയിൽ സിനിമകൾ ചെയ്ത ഹിച്ച്കോക്ക് കാലിഫോർണിയയിൽ വെച്ച് 80 വയസ്സിൽ നിര്യാതനായി.
ഈ വിശ്രുത സംവിധായകൻ്റെ ജീവിതം ആധാരമാക്കി പുസ്തകങ്ങളും ചലച്ചിത്രങ്ങളും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നു.
– ജോയ് കള്ളിവയലിൽ
Posted inUncategorized