#ഓർമ്മ
#films
ജോൺ എബ്രഹാം.
ജോൺ എബ്രഹാം (1937-1987) എന്ന ചലച്ചിത്രപ്രതിഭയുടെ ജന്മവാർഷികദിനമാണ് ഓഗസ്റ്റ് 11.
മലയാളസിനിമ കണ്ട എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് ജോൺ. പാരലൽ സിനിമ വേരുറപ്പിക്കുന്നതിന് മുൻപുതന്നെ ജോണിന്റെ സിനിമകൾ ലോകശ്രദ്ധ നേടി.
10 മികച്ച ഇന്ത്യൻ സിനിമകളിൽ ഒന്നായി ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ജോണിന്റെ ‘അമ്മ അറിയാൻ’ എന്ന ചിത്രത്തെ വാഴ്‌ത്തി. ഏറ്റവും നല്ല 100 ചലച്ചിത്രങ്ങളിൽ ഒന്നായി “അഗ്രഹാരത്തിലെ കഴുതൈ” എന്ന തമിഴ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടു.
കുട്ടനാട്ടിൽ ജനിച്ചു കോട്ടയത്ത് പഠിച്ച ജോൺ, പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സ്വർണമെഡൽ നേടിയാണ് പാസായത്.
മണി കൗളിന്റെ ശിഷ്യനായി സംവിധാനരംഗത്തേക്ക് കടന്നുവന്ന ജോൺ, പിന്നീട് മലയാളത്തിലും തമിഴിലും തന്റെ അനിതരസാധാരണമായ പ്രതിഭ തെളിയിച്ചു.
‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ’ ആണ് മറ്റൊരു ശ്രദ്ധേയമായ സിനിമ.
ജനപങ്കാളിത്തത്തോടെ സിനിമ നിർമ്മിക്കാനുള്ള ആശയം ആദ്യമായി ഒഡേസ എന്ന നിർമ്മാണക്കമ്പനി രൂപീകരിച്ചുകൊണ്ട് ജോൺ നടപ്പാക്കി.
ഒരു അവധൂതൻ്റെ ജീവിതം നയിച്ച ജോൺ ഊണിലും ഉറക്കത്തിലും സിനിമയെക്കുറിച്ച് മാത്രം ചിന്തിച്ചു, സംസാരിച്ചു.
മദ്യമായിരുന്നു എല്ലാക്കാലത്തും ജോണിന്റെ ബലഹീനത. മദ്യലഹരിയിൽ ഒരു കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴെവീണ ആ മഹാനായ ചലച്ചിത്രകാരന്റെ ജീവിതം 49 വയസ്സിൽ കോഴിക്കോട് വെച്ച് അവസാനിച്ചു.
– ജോയ് കള്ളിവയലിൽ.






