#ഓർമ്മ
#films
പ്രേംജി
പ്രേംജി എന്ന മുല്ലമംഗലത്ത് പരമേശ്വരൻ ഭട്ടതിരിപ്പാടിൻ്റെ ( 1908-1988)
ഓർമ്മദിവസമാണ്
ഓഗസ്റ്റ് 10.
മലപ്പുറം ജില്ലയിലെ വന്നേരിയിൽ ജനിച്ച എം പി ഭട്ടതിരിപ്പാട് ചെറുപ്പത്തിൽതന്നെ ജ്യേഷ്ഠൻ എം ആർ ബിയുടെ കൂടെ നമ്പൂതിരിസമുദായ പരിഷ്കരണ പ്രസ്ഥാനത്തിൽ വി ടി ഭട്ടതിരിപ്പാടിൻ്റെ അനുയായിയായി.
19 വയസ്സിൽ മംഗളോദയം പ്രസിദ്ധീകരണശാലയിൽ പ്രൂഫ് റീഡറായി.
ഭാവാഭിനയത്തിൽ നാട് കണ്ട ഈ അഗ്രഗാമി ആദ്യം അഭിനയിച്ചത് വിപ്ലവം സൃഷ്ടിച്ച , വി ടിയുടെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിലാണ്.
പിന്നീടങ്ങോട്ട് എത്രയെത്ര നാടകങ്ങൾ, 60 സിനിമകൾ. സിനിമയിലെ അരങ്ങേറ്റം 1975ൽ അരവിന്ദൻ്റെ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ്.
മലയാളസിനിമയിൽ പ്രേംജി എന്നേക്കുമായി സ്ഥാനം ഉറപ്പിച്ചത് ഷാജി സംവിധാനം ചെയ്ത പിറവി ( 1988) എന്ന സിനിമയിലൂടെയാണ്. കാണാതായ മകനെ തേടിയുള്ള അച്ഛൻ്റെ യാത്ര സംസ്ഥാന , ദേശീയ അവാർഡുകൾ നേടിയതിൽ അത്ഭുതമില്ല. ഈ അഭിനയചക്രവർത്തിയുടെ ഏറ്റവും പ്രസിദ്ധമായ ഫോട്ടോ മുഖത്ത് ഒരേ സമയം രണ്ടു വികാരങ്ങൾ പ്രകടിപ്പിക്കുന്ന ചിത്രമാണ്. പകുതി മറച്ച് ഫോട്ടോയിൽ നോക്കിയാൽ ഇന്നും ആ മാജിക്ക് കാണാം.
ജ്യേഷ്ഠൻ്റെ മാതൃക പിന്തുടർന്ന് വിധവാവിവാഹമാണ് പ്രേംജിയും നടത്തിയത്. 17 വയസിൽ വിധവയായ കുറിയേടത്ത് ആര്യാ അന്തർജനത്തിനെ 40 വയസുള്ള പ്രേംജി വേളി കഴിക്കുകയായിരുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized