#ഓർമ്മ
കെ സി ജോർജ്.
തിരുവിതാംകൂറിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കെ സി ജോർജിൻ്റെ (1903-1986) ചരമവാർഷികദിനമാണ്
ആഗസ്റ്റ് 10.
എം എ , എൽ എൽ ബി ബിരുദങ്ങൾ നേടി തിരുവിതാംകൂർ ഹൈക്കോടതിയിൽ തിരുവനന്തപുരത്ത് വക്കീലായി പ്രാക്ടീസ് ചെയ്തിരുന്ന കെ സി ജോർജ് സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭത്തിൽ സജീവപങ്കാളിയായി. തൻ്റെ ഓഫീസിൽ സ്ഥിരമായി വന്നിരുന്ന യൂത്ത് ലീഗ് നേതാക്കളായ പൊന്നറ ശ്രീധർ, എൻ സി ശേഖർ, എൻ പി കുരിക്കൾ എന്നിവരാണ് അദ്ദേഹത്തെ ഇടതുപക്ഷത്തേക്ക് അടുപ്പിച്ചത്. 1939ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന ജോർജ്, പുന്നപ്ര വയലാർ സമരത്തിൻ്റെ മുഖ്യ സൂത്രധാരകരിൽ ഒരാളായിരുന്നു. സമരത്തിൻ്റെ ഏറ്റവും ആധികാരികമായ ചരിത്രവും 1947ൽ തന്നെ അദ്ദേഹം എഴുതിയ പുസ്തകമാണ് .
തിരുവിതാംകൂറിലെ ഉത്തരവാദിത്ത ഭരണത്തിനായുള്ള പ്രക്ഷോഭം കമ്മ്യൂണിസ്റ്റുകളുടെ നിയന്ത്രണത്തിലാണ് എന്ന് ഗാന്ധിജിയെ തെറ്റിധരിപ്പിക്കാൻ അദ്യം മുതലെ ദിവാൻ സർ സി പി രാമസ്വാമി അയ്യർ ശ്രമിച്ചിരുന്നു .
അതിന് ഗാന്ധിജി നൽകിയ മറുപടി കാണുക:
“….അദ്ദേഹത്തിന് സ്റ്റേറ്റ് കോൺഗ്രസ് അപകടകരമായ കമ്മ്യൂണിസ്റ്റ് പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നുവെന്ന് എന്നെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിരുന്നെങ്കിൽ ആ നിമിഷം ഞാൻ സ്റ്റേറ്റ് കോൺഗ്രസിനെ കളഞ്ഞ് കൈ കഴുകിയേനെ. എല്ലാ തരത്തിലുള്ള കമ്മ്യൂണിസവും അപകടം പിടിച്ചതല്ല. കെ സി ജോർജ് കമ്മ്യൂണിസ്റ്റ്കാരനാണോ എന്ന് എനിക്കറിഞ്ഞുകൂടാ. വെറും ഒരു പേരിനെ ചൊല്ലി മാത്രം അന്ധനായി തീരരുത് എന്ന് ഞാൻ ദിവാന് മുന്നറിയിപ്പ് നൽകുന്നു. സ്വയം കമ്മ്യൂണിസ്റ്റ് എന്നു വിളിക്കുന്നതിൽ കൗതുകം കൊള്ളുന്ന പല സുഹൃത്തുക്കളെയും എനിക്കറിയാം. മാടപ്രാവിനെപ്പോലെ നിരുപദ്രവികളാണ് അവർ…”
1972ൽ സി അച്യുതമേനോൻ ഏഴുതി:
“കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഏറ്റവുവുമധികം ആദരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് സ: കെ സി ജോർജ്. അദ്ദേഹം പ്രത്യയശാസ്ത്രത്തിൽ ഒരു ഗാന്ധിയൻ അല്ല. എന്നാൽ സ്വജീവിതത്തിൽ ത്യാഗത്തിൻ്റെയും ലളിതജീവിതത്തിൻ്റെയും ഏറ്റവും ഉത്തമമായ മാതൃക കാണിച്ചുതന്ന ഏറ്റവും മഹാനായ ഒരു ഗാന്ധിയനാണ്…”.
1957ൽ ഒന്നാം കേരള നിയമസഭയിൽ മാവേലിക്കരയിൽ നിന്ന് ജയിച്ച് ഇ എം എസ് മന്ത്രിസഭയിൽ 1959 വരെ ഭക്ഷ്യമന്ത്രിയായിരുന്നു .1952 മുതൽ 54 വരെ രാജ്യസഭാ എം പിയായും പ്രവർത്തിച്ചു.
1964ലെ പിളർപ്പ് മുതൽ സി പി ഐ പക്ഷത്ത് തുടർന്നു.
– ജോയ് കള്ളിവയലിൽ.


