#ഓർമ്മ
#films
വി ദക്ഷണാമൂർത്തി.
മലയാള ചലച്ചിത്ര സംഗീതലോകത്തെ ഭീക്ഷ്മാചര്യനായ വി ദക്ഷണാമൂർത്തിയുടെ (1919-2013) ഓർമ്മദിവസമാണ് ആഗസ്റ്റ് 2.
ആലപ്പുഴയിലെ ഹരിപ്പാട്ട് ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ദക്ഷിണാമൂർത്തി, അമ്മയിൽനിന്നാണ് സംഗീതത്തിൻ്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. 13 വയസ്സിൽ അമ്പലപ്പുഴ ക്ഷേത്രത്തിൽ വെച്ചായിരുന്നു അരങ്ങേറ്റം. തിരുവിതാംകൂറിൽ ബാങ്ക് ഉദ്യോഗസ്ഥനായ അച്ഛനോടൊപ്പം തിരുവനന്തപുരത്തെത്തിയ മകൻ എസ് എം വി ഹൈസ്കൂളിൽ പഠിച്ച് സ്കൂൾ ഫൈനൽ പാസായി. അവിടെയും സംഗീതപഠനം തുടർന്നു.
വൈക്കത്തപ്പൻ്റെ വലിയ ഭക്തനായ ദക്ഷിണാമൂർത്തി 16 വയസ്സിൽ വൈക്കത്തെത്തി. തൻ്റെ 60, 70, 80, 90, ജന്മദിനങ്ങൾ അദ്ദേഹം വൈക്കത്തപ്പൻ്റെ മുൻപിലാണ് ആഘോഷിച്ചത്. കച്ചേരികളിലൂടെ പ്രസിദ്ധനായ ദക്ഷിണാമൂർത്തി 1948ൽ മദ്രാസിലെത്തി. 1950ൽ കോശി ആൻഡ് കുഞ്ചാക്കോയുടെ നല്ലതങ്കയാണ് ആദ്യമായി സംഗീതസംവിധാനം ചെയ്ത ചിത്രം. പിന്നീടങ്ങോട്ട് 63 വർഷങ്ങൾ, 123 സിനിമകൾ, 1400 ഗാനങ്ങൾ. സ്വാമി എന്ന് എല്ലാവരും വിളിച്ചിരുന്ന സംഗീതജ്ഞൻ്റെ കീഴിൽ പാടാത്ത ഗായകരില്ല. ക്ലാസിക്കൽ കർണാടകസംഗീത രാഗങ്ങൾ ആധാരമാക്കി ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിൽ സ്വാമിയെ വെല്ലാൻ ആരുമില്ല.
1971ൽ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടി. 1998ൽ ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ജെ സി ഡാനിയൽ പുരസ്കാരം ലഭിച്ചു. 2010ൽ മഹാത്മാഗാന്ധി സർവകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചു.
93 വയസ്സിൽ ചെന്നെയിൽ വെച്ചായിരുന്നു അന്ത്യം.
– ജോയ് കള്ളിവയലിൽ.
Posted inUncategorized