ശിഹാബ് തങ്ങൾ

#ഓർമ്മ

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ.

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ (1936-2009)
ചരമവാർഷികദിനമാണ്
ആഗസ്റ്റ് 1.

1975 മുതൽ മരണം വരെ 34 വര്ഷം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ അധ്യക്ഷനെന്ന നിലയിൽ കേരളരാഷ്ടീയത്തിൽ നിർണ്ണായകസ്വാധീനം ചെലുത്തിയ നേതാവാണ് ശിഹാബ് തങ്ങൾ.
പിതാവ് പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങളുടെ നിര്യാണത്തെത്തുടർന്ന് പ്രസിഡൻ്റായ ശിഹാബ് തങ്ങൾ, വിഘടിച്ചുനിന്ന അഖിലേന്ത്യാ മുസ്ലിംലീഗ് നേതാക്കളെ തിരികെ കൊണ്ടുവന്ന് ലീഗിനെ കേരള രാഷ്ട്രീയത്തിലെ അതിശക്തമായ സാന്നിധ്യമാക്കി മാറ്റി.
1992ൽ ബാബ്റി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് സുലൈമാൻ സേട്ട് ഉൾപ്പെടെയുള്ള സമുന്നതനേതാക്കൾ പാർട്ടി വിട്ടാലും വേണ്ടില്ല, സമവായത്തിൻ്റെ സ്വരമാണ് ഈ സമയത്തു വേണ്ടത് എന്ന നിലപാടാണ് തങ്ങൾ സ്വീകരിച്ചത്. മതസാഹോദര്യത്തിൻ്റെ ഉത്തമ മാതൃകയായിരുന്നു ഈ നേതാവ്. നൂറിലധികം പള്ളികളുടെ ഖാസി എന്ന നിലയിൽ മതനേതാവും, നാട്ടുവൈദ്യ ചികിത്സകനും കൂടിയായിരുന്നു പാണക്കാട് തങ്ങൾ.
1961ൽ അൽ അഹ്സർ യൂനിവേഴ്സിറ്റിയിൽ നിന്ന് എം എ യും 1966ൽ കെയ്റോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പി എച്ച് ഡിയും നേടിയ പണ്ഡിതനാണ് തങ്ങൾ. മുസ്ലിം ലീഗിൻ്റെ സമുന്നത നേതാവായിരുന്ന ബാഫക്കി തങ്ങളുടെ മകളെയാണ് വിവാഹം ചെയ്തിരുന്നത്.
– ജോയ് കള്ളിവയലിൽ.

അടിക്കുറിപ്പ്:
1979ൽ മലപ്പുറം സ്പിന്നിംഗ് മിൽ നിർമ്മാണസമയത്ത് പി കെ കുഞ്ഞാലികുട്ടിയാണ് ആദ്യമായി പാണക്കാട് തറവാട്ടിൽ കൊണ്ടുപോയത്. വിനയത്തിൻ്റെയും, സ്നേഹത്തിൻ്റെയും പര്യായമാണ് തങ്ങൾ എന്നു് നേരിട്ട് അനുഭവപ്പെട്ട സമയം.
1981ൽ മഞ്ചേരിയിൽ ജോലി ചെയ്യുന്ന സമയത്ത് കൊണ്ടോട്ടി തങ്ങളുടെ സ്ഥലം സംബന്ധിച്ച ഒരു വിഷയത്തിൽ മുൻ നിയമസഭാ സ്പീക്കർ ബാവാ ഹാജിയാണ് മലബാറിൻ്റെ സാമൂഹ്യചരിത്രത്തിൽ പ്രവാചകൻ്റെ സന്തതിപരമ്പരയിൽ പെട്ട തങ്ങൾമാരുടെ പ്രാധാന്യം വിവരിച്ചുതന്നത്.
പാണക്കാട് ശിഹാബ് തങ്ങളുടെ പിന്മുറക്കാർ ആ സ്ഥാനവും ആദരവും ഇന്നും നിലനിർത്തുന്നു .

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *